'കട്ടൗട്ടിന്റെ കാര്യം കള്ളം പറഞ്ഞതല്ല, അഡ്വാന്‍സിന്റെ ബാക്കി 8000 ഇന്ന് കൊടുക്കണം'

By Web TeamFirst Published Apr 8, 2019, 2:35 PM IST
Highlights

"ഇത് സിനിമയിലെ എന്റെ മൂന്നാം വരവാണ്. ഇതില്‍ എല്ലാം ശരിയാവണം. ഇത്തവണയില്ലെങ്കില്‍ ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ല"

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ തന്റെ കൂറ്റന്‍ കട്ടൗട്ട് വച്ചത് സ്വന്തം ചിലവിലാണെന്ന് പറഞ്ഞത് വെറുതെയല്ലെന്ന് ബൈജു സന്തോഷ്. 'അതൊന്നും വെറുതെ പറഞ്ഞതല്ല. അതിനുള്ള അഡ്വാന്‍സ് 7000 രൂപ മാത്രമേ കൊടുത്തിട്ടുള്ളൂ. ബാക്കി കൊടുക്കാനുള്ള 8000 രൂപ ഇന്ന് കൊടുക്കണം', തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നാദിര്‍ഷ സംവിധാനം ചെയ്ത 'മേരാ നാം ഷാജി'യുടെ പ്രചരണാര്‍ഥം സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയാരുന്നു ബൈജു സന്തോഷ്.

രണ്ടാം വരവില്‍ മികച്ച അവസരങ്ങള്‍ ലഭിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ഇത് രണ്ടാം വരവല്ല, മറിച്ച് മൂന്നാം വരവാണെന്നായിരുന്നു ബൈജുവിന്റെ മറുപടി. 'ഇത് സിനിമയിലെ എന്റെ മൂന്നാം വരവാണ്. ഇതില്‍ എല്ലാം ശരിയാവണം. ഇത്തവണയില്ലെങ്കില്‍ ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ല.' ഉറിയടി, ജീം ബൂം ബാ, കോളാമ്പി, പിടികിട്ടാപ്പുള്ളി തുടങ്ങിയ സിനിമകളാണ് തന്റേതായി അടുത്ത് വരാനിരിക്കുന്നതെന്നും ബൈജു.

'മേരാ നാം ഷാജി'ക്ക് ലഭിക്കുന്ന സമ്മിശ്രാഭിപ്രായങ്ങളെക്കുറിച്ചുള്ള ബൈജുവിന്റെ പ്രതികരണം ഇങ്ങനെ.. '100 പേര്‍ കാണുമ്പോള്‍ 15 പേര്‍ക്ക് ചിലപ്പോള്‍ മറ്റൊരഭിപ്രായം കാണും. മേരാ നാം ഷാജി കണ്ട നൂറ് പേരില്‍ 85 പേരും നല്ല അഭിപ്രായമാണ് പറയുന്നത്. മറിച്ച് അഭിപ്രായമുള്ളവര്‍ എണ്ണത്തില്‍ കുറവാണെങ്കിലും ഉണ്ട്. അതിപ്പോള്‍ വന്‍ വിജയമായ ലൂസിഫറിന്റെ കാര്യത്തിലായാലും അത്തരം അഭിപ്രായമുള്ളവര്‍ ഉണ്ടാവും. പക്ഷേ ലൂസിഫര്‍ ഗംഭീര പടമല്ലേ? ഗംഭീര വിജയമല്ലേ നേടിയത്?' ഇതൊരു തമാശ സിനിമയാണെന്നും അതിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ നില്‍ക്കരുതെന്നും ബൈജു പറയുന്നു. ഓണ്‍ ലൈന്‍ നിരൂപണങ്ങള്‍ നോക്കിയിട്ട് മാത്രം സിനിമ കാണണമോ എന്ന് തീരുമാനിക്കുന്നവരും ഇപ്പോള്‍ ഉണ്ടെന്നും.

എന്നാല്‍ മേരാ നാം ഷാജിക്കെതിരായ സോഷ്യല്‍ മീഡിയാ അഭിപ്രായങ്ങള്‍ മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടവയാണെന്ന് സംവിധായകന്‍ നാദിര്‍ഷ ആരോപിച്ചു. 'അങ്ങനെ പറയാന്‍ കാരണമുണ്ട്. 10 മണിക്കാണ് ചിത്രത്തിന്റെ ആദ്യ ഷോ തുടങ്ങിയത്. 10.15ന് ആദ്യ റിവ്യൂ വന്നു.' സിനിമാ മേഖലയുമായി ബന്ധമുള്ളവര്‍ അല്ല ഇത് ചെയ്യുന്നതെന്നും അവര്‍ അങ്ങനെ ചെയ്യില്ലെന്നും നാദിര്‍ഷ കൂട്ടിച്ചേര്‍ത്തു.

click me!