ഇതാണ് ആസിഡ് ആക്രമണതിന് ഇരയായവരോടുള്ള സമൂഹത്തിന്റെ മനോഭാവം; 'മാലതി'യായി മുംബൈ തെരുവിൽ ദീപിക

By Web TeamFirst Published Jan 7, 2020, 6:39 PM IST
Highlights

ചിലർ‌ ഞെട്ടലോടെ മുഖം ചുളിച്ചാണ് യുവതികളെ നോക്കുന്നത്. ചിലർ ശ്രദ്ധിക്കാതെയും മറ്റു ചിലർ ചെറുപുഞ്ചിരി സമ്മാനിച്ചും കടന്നുപോകുന്നത് വീഡിയോയിൽ കാണാം. 

മുംബൈ: ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ കഥപറയുന്ന ബോളിവുഡ് ചിത്രമാണ് 'ഛപാക്'. മേഘ്ന ​ഗുൽസാർ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ നടി ദീപിക പദുകോൺ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈമാസം പത്തിന് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കിലാണ് ദീപികയിപ്പോൾ. ഇതിനോടനുബന്ധിച്ച് ആസിഡ് ആക്രമണത്തിന് ഇരയായവരോടുള്ള സമൂഹത്തിന്റെ മനോഭാവത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. ആസിഡ് ആക്രമണത്തിന് ഇരയായ യുവതികൾക്കൊപ്പം തെരുവിലിറങ്ങിയാണ് ദീപിക തന്റെ ‌ഉദ്യമം പൂർത്തിയാക്കിയത്.

ഛപാക്കിൽ അവതരിപ്പിക്കുന്ന 'മാലതി' എന്ന കഥാപാത്രത്തിന്റെ ​ഗേറ്റപ്പിൽതന്നെയാണ് ദീപിക മുംബൈയിലെ തെരുവിലിറങ്ങിയത്. ആസിഡ് ആക്രമണത്തെ അതിജീവിച്ചവരോട് സമൂഹം എങ്ങനെയാണ് പെരുമാറുന്നതെന്നടക്കമുള്ള കാര്യങ്ങൾ‌ മനസ്സിലാക്കുന്നതിനായി 
മൊബൈൽ ഷോപ്പ്, സൂപ്പർ മാർക്കറ്റ്, ഫാൻസി കട തുടങ്ങി വിവിധയിടങ്ങളിൽ അണിയറ പ്രവർത്തകർ രഹസ്യ ക്യാമറകൾ സ്ഥാപിച്ചിരുന്നു. രഹസ്യ ക്യാമറകൾ സ്ഥാപിച്ച ഇടങ്ങളിലാണ് ദീപികയും മറ്റ് യുവതികളും സന്ദർശിച്ചിരുന്നത്. 

'' ‘ചാപാക്ക്’ സമൂഹ്യ പരീക്ഷണം..നിങ്ങൾ കാണാൻ ആ​ഗ്രഹിച്ച മാറ്റം ഇതാണ്. ഛാപക്ക് ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ പരീക്ഷണം'', എന്ന കുറിപ്പോടെ ദീപിക പദുകോൺ തന്നെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ചിലർ‌ ഞെട്ടലോടെ മുഖം ചുളിച്ചാണ് യുവതികളെ നോക്കുന്നത്. ചിലർ ശ്രദ്ധിക്കാതെയും മറ്റു ചിലർ ചെറുപുഞ്ചിരി സമ്മാനിച്ചും കടന്നുപോകുന്നത് വീഡിയോയിൽ കാണാം.

ദീപികയുടെ വാക്കുകളിലൂടെയാണ് വീഡിയോ അവസാനിക്കുന്നത്. ‘ഒരു ദിവസം മുഴുവൻ ചെലവഴിച്ചപ്പോൾ ചിലകാര്യങ്ങള്‍ മനസിലാക്കാൻ ഞങ്ങൾക്ക് സാധിച്ചു. നമ്മുടെ സമൂഹത്തിൽ നടക്കുന്ന ചില കാര്യങ്ങളെല്ലാം വളരെ ശരിയാണ്. നമ്മുടെ കാഴ്ചപ്പാടാണ് മാറേണ്ടത്’, ദീപിക പറഞ്ഞു.


 

click me!