കുട്ടിക്കാലത്ത് നവ്യയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും, ഫുട്ബോൾ താരം മെസ്സിയെക്കാൾ വലുത് തനിക്ക് നവ്യയാണെന്നും ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു. 'ഭ ഭ ബ' ആണ് ധ്യാനിന്റെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.
സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ് നടൻ ധ്യാൻ ശ്രീനിവാസൻ. സോഷ്യലിടത്ത് ഇത്രത്തോളം വൈറലായിട്ടുള്ള മറ്റൊരു നടൻ മലയാളത്തിൽ ഉണ്ടോന്നത് സംശയമാണ്. ധ്യാനിന്റെ അഭിമുഖങ്ങൾക്ക് ആരാധകർ ഏറെയുമാണ്. കൂടാതെ ധ്യാൻ പറയുന്ന പല കാര്യങ്ങളും ഏറെ ശ്രദ്ധനേടാറുമുണ്ട്. കുട്ടിക്കാലത്ത് തനിക്ക് നവ്യയെ കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് നടൻ പറഞ്ഞ വീഡിയോ സമീപകാലത്ത് ഏറെ വൈറലായിരുന്നു. അക്കാര്യം നവ്യയുടെ മുന്നിൽ വച്ച് തന്നെ തുറന്നുപറയുകയാണ് ധ്യാൻ ഇപ്പോൾ.
കൊട്ടാരക്കരയിൽ ഒരു ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ധ്യാനും നവ്യയും. ഇവിടെ വച്ച്, "പറയുന്നത് കള്ളമായിട്ട് തോന്നും. പക്ഷേ സത്യമാണ്. സംഘാടകരിൽ ഒരാളായ കൂട്ടുകാരൻ മെസിയെ കാണാൻ ഒരവസരം തരാമെന്ന്. ഞാൻ പറഞ്ഞു വരാൻ പറ്റില്ല കൊട്ടാരക്കരയിൽ ഒരു ഉദ്ഘാടനമുണ്ടെന്ന്. മെസിയെക്കാൾ വലുതാണോ നിനക്ക് നവ്യ എന്ന് അവൻ ചോദിച്ചു. അതേന്ന് ഞാനും പറഞ്ഞു. എന്റെ പഴയൊരു ഇന്റർവ്യു ഉണ്ട്. അച്ഛനൊപ്പമുള്ളത്. അതിലൂടയാണ് ഇന്റർവ്യു കരിയർ ആരംഭിക്കുന്നത്. ആ അഭിമുഖത്തിൽ കല്യാണം കഴിക്കാൻ ഒരുപാട് ആഗ്രഹിച്ച ആളാണ് നവ്യ നായർ എന്ന് ഞാന്‍ പറഞ്ഞിരുന്നു. അന്നത്തെക്കാലത്ത് നവ്യ നായർ, കാവ്യ മാധവൻ അല്ലെങ്കിൽ മീര ജാസ്മിൻ. ഇവരിൽ മൂന്ന് പേരിൽ ഒരാളെ കല്യാണം കഴിക്കണമെന്നതായിരുന്നു എന്റെ ലക്ഷ്യം. പക്ഷേ അത് നടന്നില്ല. എനിക്ക് മെസിയെക്കാൾ അല്ലെങ്കിൽ മറ്റാരെക്കാളും വലുത് നവ്യയാണ്", എന്നായിരുന്നു ധ്യാന്‍ രസകരമായി പറഞ്ഞത്.
അതേസമയം, ഭഭബ എന്ന സിനിമയാണ് ധ്യാനിന്റേതായി റിലീസിന് കാത്തിരിക്കുന്നത്. ദിലീപ് നായകനായി എത്തുന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസനും പ്രധാന വേഷത്തിലുണ്ട്. മോഹൻലാൽ അതിഥി വേഷത്തിലും എത്തുന്ന ഭഭബ ഡിസംബർ 18ന് ക്രിസ്മസ് റിലീസായി തിയറ്ററുകളിൽ എത്തും.



