
നടൻ ദിലീപിന്റെ പുത്തൻ ലുക്കാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നേരത്തെ ദിലീപ്–നാദിർഷാ ടീമിന്റെ കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരുന്നു. കഷണ്ടി കയറിയ, മധ്യവയസ്കനായ കേശു എന്ന കഥാപാത്രത്തെയാണ്
ദിലീപ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കേശുവാകാൻ താരം മൊട്ടയടിച്ചാണ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെ കഥാപാത്രത്തിന്റെ ഗെറ്റപ്പിലുള്ള ലുക്കുമായി സമൂഹമാധ്യമങ്ങളിൽ നിറയുകയാണ് താരം.
ഒരു ചടങ്ങിൽ പങ്കെടുക്കാൻ കാവ്യ മാധവനൊപ്പം എത്തിയതാണ് ദിലീപ്. ഇതിനിടെ പകർത്തിയ ദിലീപിന്റെ മൊട്ടയടിച്ചുള്ള ചിത്രങ്ങൾ ആരാധകർ ഇതിനോടകംതന്നെ ഏറ്റെടുത്തിരിക്കുകയാണ്. ദിലീപിനും കാവ്യയ്ക്കുമൊപ്പം നാദിർഷയെയും ചിത്രത്തിൽ കാണാം.
സജീവ് പാഴൂർ തിരക്കഥയെഴുതുന്ന കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിൽ ഉർവശിയാണ് ദിലീപിന്റെ ഭാര്യാ വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഒരു കോമഡി–ഫാമിലി എന്റർടെയ്നറാണ് ചിത്രം.