അമല പോളും വിജയ്‍യും വിവാഹമോചിതരാകാന്‍ കാരണം ഈ നടനാണ്; വെളിപ്പെടുത്തലുമായി വിജയ്‍യുടെ പിതാവ്

By Web TeamFirst Published Feb 2, 2020, 12:43 PM IST
Highlights

ചിത്രത്തിൽ അഭിനയിക്കുന്നതിന് ധനുഷ് അമല പോളിനെ നിർബന്ധിക്കുകയായിരുന്നു. ഇതിന് പിന്നാലെ അമല അഭിനയിക്കാന്‍ തയ്യാറായി. ഇതോടെ അമല സിനിമയിൽ സജീവമാകാനും തുടങ്ങി. ഇതാണ് വിജയ്‍യും അമലയും തമ്മിലുള്ള വിവാഹബന്ധം വേർപ്പെടാനുള്ള പ്രധാന കാരണമെന്നും അഴകപ്പൻ കൂട്ടിച്ചേർത്തു. 

ചെന്നൈ: നടി അമല പോളും സംവിധായകന്‍ എഎല്‍ വിജയ്‌യും വിവാഹമോചിതരാകാന്‍ കാരണം നടൻ ധനുഷാണെന്ന വെളിപ്പെടുത്തലുമായി വിജയ്‌യുടെ പിതാവ് എഎല്‍ അഴകപ്പന്‍. ടൂറിങ് ടാക്കീസ് എന്ന യൂട്യൂബ് ചാനലിന‌് നല്‍കിയ അഭിമുഖത്തിലാണ് അഴകപ്പന്റെ വെളിപ്പെടുത്തൽ. വിജയ്‌യുമായുള്ള വിവാഹശേഷം ഇനി അഭിനയിക്കുന്നില്ലെന്ന് അമല പോള്‍ തീരുമാനിച്ചിരുന്നു. എന്നാൽ, അഭിനയത്തിലേക്ക് തിരികെ വരാന്‍ ധനുഷ് അമലയെ നിർബന്ധിക്കുകയായിരുന്നുവെന്ന് അഴകപ്പൻ പറഞ്ഞു.

ധനുഷ് നിര്‍മിച്ച 'അമ്മ കണക്ക്' എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള കരാറില്‍ അമല നേരത്തെ ഒപ്പിട്ടിരുന്നു. ചിത്രത്തിൽ അഭിനയിക്കുന്നതിന് ധനുഷ് അമല പോളിനെ നിർബന്ധിക്കുകയായിരുന്നു. ഇതിന് പിന്നാലെ അമല അഭിനയിക്കാന്‍ തയ്യാറായി. ഇതോടെ അമല സിനിമയിൽ സജീവമാകാനും തുടങ്ങി. ഇതാണ് വിജയ്‍യും അമലയും തമ്മിലുള്ള വിവാഹബന്ധം വേർപ്പെടാനുള്ള പ്രധാന കാരണമെന്നും അഴകപ്പൻ കൂട്ടിച്ചേർത്തു. അഴകപ്പന്റെ വെളിപ്പെടുത്തലുകൾ കോളിവുഡിൽ വൻ ചർച്ചയ്ക്കും വിമർശനങ്ങൾക്കും ഇടയാക്കിയിരിക്കുകയാണ്.

 

വിജയ്‍യും അമലയും വേർപിരിഞ്ഞതിനുള്ള കാരണങ്ങൾ നിരത്തി നേരത്തെയും അഴകപ്പൻ രം​ഗത്തെത്തിയിരുന്നു. അഭിനയം നിർത്താമെന്ന വാക്ക് പാലിച്ചില്ലെന്ന് ആരോപിച്ച് അഴകപ്പൻ അമലയെ രൂക്ഷമായി വിമർശിച്ചിരുന്നു. അഭിനയത്തോടുള്ള അമലയുടെ അഭിനിവേശമാണ് ഇരുവരും തമ്മിലെ ബന്ധം തകരാന്‍ കാരണമെന്നും അഴകപ്പന്‍ പറഞ്ഞിട്ടുണ്ട്. എന്നാൽ, വിവാഹമോചനത്തിനുള്ള കാരണം വ്യക്തമാക്കി അമല പോളും വിജയ്‍യും നേരത്തെ രം​ഗത്തെത്തിയിരുന്നു.

അമലയെ അഭിനയിക്കാന്‍ താന്‍ ഒരിക്കലും വിലക്കിയിട്ടില്ലെന്ന് എഎല്‍ വിജയ് പറഞ്ഞിരുന്നു. തന്റെ സിനിമകളിലെ സ്ത്രീകഥാപാത്രങ്ങളെ എടുത്തു പരിശോധിച്ചാല്‍ മനസ്സിലാകും, താൻ എത്രമാത്രം ബഹുമാനത്തോടെയാണ് സ്ത്രീകളെ കാണുന്നതെന്ന്. അഭിനയം തുടരണമെന്ന് അമല ആവശ്യപ്പെട്ടപ്പോഴോക്കെ തന്റെ കഴിവിന്റെ പരമാവധി ഞാൻ അവരെ പിന്തുണച്ചിട്ടുണ്ട്. വിവാഹ​ത്തിനുശേഷവും അമല അഭിനയം തുടർന്നിരുന്നു. അമലയെ അഭിനിയത്തിൽനിന്ന് പിന്തിരിപ്പിക്കാൻ താനും കുടുംബവും ശ്രമിച്ചെന്ന ആരോപണം പൂർണ്ണമായും തെറ്റാണ്.

സത്യസന്ധതയും വിശ്വാസവുമാണ് വിവാഹബന്ധത്തിന്റെ അടിത്തറ. ഇതിൽ പൊള്ളലുണ്ടായാൽ ബന്ധത്തിന് അർത്ഥമില്ലാതെയാകും. വിവാഹബന്ധമെന്ന വ്യവസ്ഥിതിയെ അങ്ങേയറ്റം ബഹുമാനിക്കുന്നയാളാണ് ഞാൻ. അമലയുമായുള്ള വിവാഹമോചനം മാത്രമായിരുന്നു ഏകവഴി. എന്നാൽ, അമലയുമായുള്ള ബന്ധം ഇത്തരത്തിൽ അവസാനിപ്പിക്കേണ്ടി വരുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്നും വിജയ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

2011ൽ അമല പോൾ പ്രധാന കഥാപാത്രമായെത്തിയ ദൈവ തിരുമകൾ എന്ന ചിത്രം സംവിധാനം ചെയ്‌തത് എ എൽ വിജയ്‌യായിരുന്നു. 2013ൽ ഇളയദളപതി വിജയിയെ നായകനാക്കി എ എൽ വിജയ് സംവിധാനം ചെയ്‌ത 'തലൈവ' എന്ന ചിത്രത്തിലും അമലയായിരുന്നു നായിക. നാല് വർഷം നീണ്ട പ്രണയത്തിനൊടുവിൽ 2014ൽ ജൂൺ 12നായിരുന്നു ഇരുവരും വിവാഹം കഴിച്ചത്. മൂന്ന് വർഷത്തെ ​ദാമ്പത്യത്തിനൊടുവിൽ 2017ലാണ് ഇരുവരും വിവാഹമോചിതരായത്. അമല പോളുമായുളള വിവാഹമോചനശേഷം വിജയ് ഡോ ആര്‍ ഐശ്വര്യയെ വിവാഹം ചെയ്തു.  

click me!