
നടൻ രവി മോഹനെയും തന്നെയും കൂട്ടിച്ചേർത്ത് പ്രചരിക്കുന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗായിക കെനീഷ ഫ്രാൻസിസ്. എന്തുകൊണ്ടാണ് ഞാൻ പ്രതികരിക്കാത്തതെന്ന് പലരും എന്നോട് ചോദിക്കുന്നുണ്ടെന്നും ഇതെല്ലാം കേട്ട് ഇനി മിണ്ടാതിരിക്കാനാവില്ലെന്നും കെനീഷ പറയുന്നു. കുടുംബം തകർത്തവളെന്ന വിളികൾക്കുള്ള മറുപടിയും, താൻ കുട്ടിക്കാലം മുതൽ നേരിട്ട ദുരനുഭവങ്ങളെ കുറിച്ചും കെനീഷ തുറന്നു പറഞ്ഞു. അതേസമയം, ഈ പ്രതികരണ വീഡിയോ ഇപ്പോൾ കെനീഷയുടെ അക്കൗണ്ടിൽ ഇല്ല.
കെനീഷയുടെ വാക്കുകളിലെ ചില ഭാഗങ്ങൾ
എന്തുകൊണ്ട് ഞാൻ മിണ്ടാതിരിക്കുന്നു എന്ന് എല്ലാവരും ചോദിക്കുന്നുണ്ട്. ഒടുവിൽ എന്നെ കുറിച്ച് ഞാൻ പറയുകയാണ്. ഒരുപക്ഷേ ഇത് അവസാനത്തെ പ്രതികരണമാകും. എന്റെ മാതാപിതാക്കളുടെ ഏക മകളാണ് ഞാൻ. അച്ഛനും അമ്മയും ഈ ലോകത്തിപ്പോൾ ഇല്ല. നാലാമത്തെ വയസിൽ ഞാൻ ലൈംകികാതിക്രമത്തിന് വിധേയയായി. സ്വന്തം ബന്ധുവിൽ നിന്നുമാണ് ആ ദുരനുഭവം ഉണ്ടായത്. 18-ാമത്തെ വയസിലാണ് ഞാൻ വിവാഹിതയാകുന്നത്. വെറും നാല് മാസം നീണ്ടുനിന്ന ബന്ധമായിരുന്നു അത്. അയാൾക്ക് വേറെ സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. വൈകാതെ ആ ബന്ധം ടോക്സിക് ആയി മാറി. മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകളെ തുടർന്ന് ഗർഭം അലസി. 19-20 വയസിനിടയിലായിരുന്നു ഇതെല്ലാം.
എന്റെ അമ്മ ആദ്യം പോയി. നാല് വർഷത്തിന് ശേഷം അച്ഛനും പോയി. ശേഷം പത്ത് വർഷത്തോളം ഞാൻ തനിച്ചായിരുന്നു ജീവിച്ചത്. എന്റെ കഴിഞ്ഞ കാലം ചികഞ്ഞെടുത്ത് പരിഹസിക്കുന്ന കുറേപേരുണ്ട്. അതെ ഒരു രാത്രിയ്ക്ക് 500 രൂപ വച്ച് ബാറുകളിൽ പാടിയാണ് ഞാൻ എന്റെ കരിയർ ആരംഭിക്കുന്നത്. ഇന്ന് അതിലധികം ഞാൻ സമ്പാദിക്കുന്നുണ്ട്. ഇപ്പോഴെല്ലാവരും എന്നെയാണ് ടാർഗെറ്റ് ചെയ്യുന്നത്. എന്റെ വ്യക്തിജീവിതത്തെക്കുറിച്ച് അറിയാൻ ബെംഗളൂരുവിലേക്ക് ചിലർ ഡിക്ടറ്റീവുകളെ വരെ അയച്ചു. എന്റെ അച്ഛനെ ഞാൻ വൃദ്ധസദനത്തിൽ ആക്കിയെന്ന് വരെ വരുത്തി തീർത്തു. മനുഷ്യത്വമില്ലാത്തവരാണ് അവർ.
കുടുംബം തകർത്തവളെന്നാണ് എന്നെ എല്ലാവരും വിളിക്കുന്നത്. ഗർഭാവസ്ഥയിൽ തന്റെ കുഞ്ഞിനെ നഷ്ടപ്പെട്ടൊരുവൾ, മറ്റൊരാളെ അവരുടെ കുടുംബത്തിൽ നിന്നോ കുട്ടികളിൽ നിന്നോ വേർപെടുത്തുവെന്ന് തോന്നുന്നുണ്ടോ?. മാനസികമായി തകർന്ന അവസ്ഥയിലാണ് രവി മോഹൻ സഹായം തേടി എന്റെ അടുത്ത് വരുന്നത്. ഒരു തെറാപ്പിസ്റ്റ് എന്ന നിലയിൽ അയാൾക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു. കുടുംബവുമായുള്ള പ്രശ്നം തീർക്കണമെന്നാണ് ഞാൻ പറഞ്ഞത്. എന്നാൽ അതിന് മുൻപ് തന്നെ കുടുംബവുമായി രവി മോഹൻ മാനസികമായി അകന്നിരുന്നു. ഇതിനിടെയാണ് ഞങ്ങൾ സുഹൃത്തുക്കളാകുന്നത്. ഇന്നും അങ്ങനെ തന്നെയാണ് മുന്നോട്ട് പോകുന്നത്. അല്ലാതെ ആരുടേയും കുടുംബം ഞാൻ തകർത്തിട്ടില്ല. അതിന്റെ ആവശ്യവും എനിക്കില്ല. ആളുകളാണ് ആ ബന്ധത്തെ തെറ്റിദ്ധരിക്കുന്നത്.