'ഒരു വര്‍ഷം കൊണ്ട് കുറച്ചത് 30 കിലോ, ബോഡി ഷെയ്മിംഗ് നടത്തിയവര്‍ക്ക് നന്ദി'

By Web TeamFirst Published May 31, 2019, 4:49 PM IST
Highlights

'എപ്പോഴും പരിഹസിക്കപ്പെടാനുള്ള സാധ്യത ഒരാളില്‍ ഭയം സൃഷ്ടിക്കും. ക്രമേണ അവനവനോടുതന്നെ വെറുപ്പ് തോന്നുന്ന അവസ്ഥയിലെത്തും. അപകര്‍ഷതാ ബോധത്തിലേക്കും വിഷാദത്തിലേക്കും നയിക്കും. ഞാന്‍ തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം. ബോഡി ഷെയ്മിംഗിന്റെ ഒരു ഇര.'

ഒരു വര്‍ഷം മുന്‍പ് സംഗീതവേദികളില്‍ കണ്ടവര്‍ക്ക് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയാത്തവണ്ണം മാറിയിട്ടുണ്ട് ഗായകനും സംഗീതസംവിധായകനുമായ ഗോവിന്ദ് വസന്ത. ഒരു വര്‍ഷം കൊണ്ട് 30 കിലോ ശരീരഭാരമാണ് അദ്ദേഹം കുറച്ചത്. ഇത്രയും പരിശ്രമം നടത്താന്‍ ഒരേയൊരു കാരണമേ ഉള്ളുവെന്നും അത് ബോഡി ഷെയ്മിംഗ് ആണെന്നും ഗോവിന്ദ് വ്യക്തമാക്കുന്നു. ശരീരത്തിന് നേര്‍ക്കുയരുന്ന പരിഹാസം മിക്കവരുടെയും ആത്മവിശ്വാസം തന്നെ തകര്‍ക്കുമെന്നും താനും അതിന്റെ ഒരു ഇരയായിരുന്നുവെന്നും. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് സൃഷ്ടിക്കാന്‍ കഴിഞ്ഞ മാറ്റത്തിന് തന്നെ മുന്‍പ് പരിഹസിച്ചവരോടാണ് ഗോവിന്ദ് നന്ദി പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇതേക്കുറിച്ച് പറയുന്നത്.

ഗോവിന്ദ് വസന്ത പറയുന്നു

എന്നെ സംബന്ധിച്ച് ഏറെ പ്രത്യേകതകളുള്ള ഒരു ദിനമാണ് ഇന്ന്. ആദ്യമായി ജിമ്മില്‍ പോയതിന്റെ ഒന്നാംവാര്‍ഷികം. എന്റെ ജീവിതം എക്കാലത്തേക്കും മാറ്റിയ ഒരു ദിനം. ഞാന്‍ കാര്യങ്ങളെ, എന്നെത്തന്നെയും നോക്കിക്കാണുന്ന രീതി അത് മാറ്റിമറിച്ചു. കുറെയധികം പേര്‍ ഇപ്പോഴും എന്നോട് ചോദിക്കുന്നുണ്ട്, സ്ഥിരമായി ജിമ്മില്‍ പോകാനുള്ള തീരുമാനം പൊടുന്നനെ ഉണ്ടാവാനുള്ള കാരണം എന്താണെന്ന്. അതിനുള്ള ഉത്തരം വ്യക്തവും ലളിതവുമാണ്- ബോഡി ഷെയ്മിംഗ്. 

കുറേയധികം പേര്‍ക്ക് ഇത് ബാലിശമായേ തോന്നൂ. പക്ഷേ ഒരു ഗുരുതര രോഗത്തെപ്പോലെ ജീവിതത്തെ ബാധിക്കുന്ന ഒന്നാണ് ഇത്. ക്രമേണ ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തെയും സാമൂഹ്യ ജീവിതത്തെയും അത് ബാധിക്കും. എപ്പോഴും പരിഹസിക്കപ്പെടാനുള്ള സാധ്യത ഒരാളില്‍ ഭയം സൃഷ്ടിക്കും. ക്രമേണ അവനവനോടുതന്നെ വെറുപ്പ് തോന്നുന്ന അവസ്ഥയിലെത്തും. അപകര്‍ഷതാ ബോധത്തിലേക്കും വിഷാദത്തിലേക്കും നയിക്കും. ഞാന്‍ തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം. ബോഡി ഷെയ്മിംഗിന്റെ ഒരു ഇര. 

എന്റെ ശരീരത്തെ പരിഹസിച്ചവര്‍ ഒരിക്കലും തിരിച്ചറിഞ്ഞിട്ടിട്ടുണ്ടാവില്ല അവര്‍ ചെയ്തതിന്റെ വ്യാപ്തി. ഞാന്‍ തടിയനെന്ന് വിളിക്കപ്പെട്ടിട്ടുണ്ട്.  സ്ത്രീകളേക്കാള്‍ വലിയ മാറിടങ്ങളുള്ളവനെന്നും ഒരു വിഡ്ഢിയെന്നും. ലോകം അങ്ങനെയാണ്. 

ബോഡി ഷെയ്മിംഗ് എന്നത് മിക്കവര്‍ക്കും ഒരു നിസ്സാര കാര്യമാണ്. പലരും അത് തിരിച്ചറിയാറുപോലുമില്ല. പക്ഷേ പരിഹാസം ഏല്‍ക്കുന്നയാളിന്റെ സ്ഥിതി അതല്ല. വീണ്ടും വീണ്ടും പരിഹസിക്കപ്പെടുമ്പോള്‍ അതിന്റെ ആഘാതം അവര്‍ ഉള്ളിലേക്കെടുക്കും. ശാരീരികമായും മാനസികമായും തളരും. പക്ഷേ ആ പരിഹാസങ്ങള്‍ സ്വയം തിരിച്ചറിയലിന്റെ പാത വെട്ടിത്തുറക്കുകയും ചെയ്‌തേക്കാം, എനിക്ക് സംഭവിച്ചതുപോലെ.

പിന്നിട്ട ഒരു വര്‍ഷത്തിന് ശേഷം എപ്പോഴത്തേക്കാളും നല്ല അവസ്ഥയിലാണ്. എന്റെ ശരീരത്തെ മുന്‍പ് പരിഹസിച്ചവര്‍ക്കാണ് നന്ദി മുഴുവന്‍. 110 കിലോയായിരുന്നു എന്റെ ഏറ്റവുമുയര്‍ന്ന ഭാരം. ഇപ്പോള്‍ അത് 80 കിലോയാണ്. ഇനിയും മുന്നോട്ട് പോവാനുണ്ട്.

click me!