'ജോര്‍ജുകുട്ടി'യെ കുടുക്കാന്‍ മമ്മൂട്ടി എത്തിയാല്‍! 'ദൃശ്യം 3' ക്രോസ്‍ഓവര്‍ ട്രെയ്‍ലര്‍

By Web TeamFirst Published Feb 25, 2021, 1:17 PM IST
Highlights

മോഹന്‍ലാലിന്‍റെ 'ജോര്‍ജുകുട്ടി'ക്കൊപ്പം ട്രെയ്‍ലറിലുള്ള മമ്മൂട്ടി കഥാപാത്രം എഎസ്‍പി ഡെറിക് അബ്രഹാം ആണ്

സോഷ്യല്‍ മീഡിയയുടെ കാലത്ത് പുതിയ സിനിമകള്‍ ശ്രദ്ധിക്കപ്പെടുന്നപക്ഷം ദിവസങ്ങള്‍ നീളുന്ന ചര്‍ച്ചകള്‍ സിനിമാപ്രേമികള്‍ക്കിടയില്‍ സംഭവിക്കാറുണ്ട്. ഡയറക്ട് ഒടിടി റിലീസ് ആയെത്തിയ 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' എത്തരത്തില്‍ വലിയ ചര്‍ച്ചയുണ്ടാക്കിയ സിനിമയാണ്. അന്നാല്‍ അതിനെ വെല്ലുന്ന രീതിയിലാണ് ദൃശ്യം 2 റിലീസിനെത്തുടര്‍ന്നുള്ള ചര്‍ച്ചകള്‍. ത്രില്ലര്‍ ചിത്രം ആയതിനാലും ഏറെ ആഘോഷിക്കപ്പെട്ട ഒരു സിനിമയുടെ സീക്വല്‍ ആയിരുന്നതിനാലും ഈ ചര്‍ച്ചാബാഹുല്യം സ്വാഭാവികവുമാണ്. ദൃശ്യം 2 ഇറങ്ങിയതിനുശേഷം പ്രേക്ഷകരുടെ ഒരു പ്രധാന ചോദ്യം ചിത്രത്തിന് ഒരു മൂന്നാംഭാഗം ഉണ്ടാവുമോ എന്നായിരുന്നു. അതിന് ജീത്തു ജോസപ് മറുപടിയും നല്‍കിയിരുന്നു. എന്നാല്‍ മൂന്നാംഭാഗത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായി മമ്മൂട്ടി എത്തിയാല്‍ വിഷ്വലി എങ്ങനെയുണ്ടാവുമെന്ന് പരിശോധിക്കുകയാണ് ഒരു ഫാന്‍മേഡ് ട്രെയ്‍ലര്‍.

മോഹന്‍ലാലിന്‍റെ 'ജോര്‍ജുകുട്ടി'ക്കൊപ്പം ട്രെയ്‍ലറിലുള്ള മമ്മൂട്ടി കഥാപാത്രം എഎസ്‍പി ഡെറിക് അബ്രഹാം ആണ്. അബ്രഹാമിന്‍റെ സന്തതികളിലെ മമ്മൂട്ടി കഥാപാത്രം. ഇരുചിത്രങ്ങളിലെയും രംഗങ്ങള്‍ കൂട്ടിയിണക്കിയുള്ള ക്രോസ് ഓവര്‍ ട്രെയ്‍ലര്‍ തയ്യാറാക്കിയിരിക്കുന്നത് എപിടി ക്രിയേഷന്‍സ് 2.0 ആണ്.

അതേസമയം ദൃശ്യം 3ന്‍റെ സാധ്യതയെക്കുറിച്ച് ജീത്തു ജോസഫ് പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്

"ദൃശ്യം ചെയ്തുകഴിഞ്ഞപ്പോള്‍ രണ്ടാംഭാഗത്തെക്കുറിച്ച് സത്യമായിട്ടും ഒരു പ്ലാന്‍ ഉണ്ടായിരുന്നതല്ല. ഒരു രണ്ടാംഭാഗം ഉണ്ടാക്കാന്‍ പറ്റില്ലെന്നാണ് ഞാന്‍ കരുതിയത്. കഥ തീര്‍ന്നു, സിനിമ അവസാനിച്ചു എന്നാണ് ധരിച്ചത്. പിന്നെ 2015ല്‍ പലരും കഥയുണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ ആന്‍റണി പറഞ്ഞതനുസരിച്ച് ഞാന്‍ ഒന്ന് ശ്രമിച്ചുനോക്കിയതാണ്. പക്ഷേ കിട്ടി. മൂന്നാംഭാഗത്തിന്‍റെ കാര്യം ഇപ്പോള്‍ ഒന്നും പറയാന്‍ പറ്റില്ല. കാരണം രണ്ടാംഭാഗം ഉണ്ടാവില്ലെന്ന് ആദ്യം പറഞ്ഞിട്ട് പിന്നെ ആ സിനിമ ചെയ്തു. നല്ലൊരു ഐഡിയ കിട്ടുകയാണെങ്കില്‍ ഞാനത് ചെയ്യും. പക്ഷേ അത് ഒരു ബിസിനസ് വശം കണ്ടിട്ട് ഞാന്‍ ചെയ്യില്ല. ദൃശ്യം 3ന് അനുയോജ്യമായ നല്ലൊരു കഥ വന്നാല്‍ തീര്‍ച്ചയായും ചെയ്യും. സത്യത്തില്‍ ദൃശ്യം 3ന്‍റെ ക്ലൈമാക്സ് എന്‍റെ കൈയിലുണ്ട്. പക്ഷേ ക്ലൈമാക്സ് മാത്രമേ ഉള്ളൂ. വേറൊന്നുമില്ല. ഞാനത് ലാലേട്ടനുമായി പങ്കുവച്ചപ്പൊ അദ്ദേഹത്തിന് അത് ഇഷ്ടപ്പെടുകയും ചെയ്തു. പക്ഷേ ഈ ക്ലൈമാക്സിലേക്ക് എത്തിക്കണമെങ്കില്‍ ഒരുപാട് സംഭവങ്ങള്‍ വരണം. അതുകൊണ്ട് നടക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ല. ഞാനൊന്ന് ശ്രമിച്ചുനോക്കും. നടന്നില്ലെങ്കില്‍ വിട്ടുകളയും. നടന്നാലും ഉടനെയൊന്നും നടക്കില്ല. രണ്ടുമൂന്ന് കൊല്ലമെങ്കിലും എടുക്കും. കാരണം തിരക്കഥ ഡെവലപ് ചെയ്ത് കിട്ടണമെങ്കില്‍ അത്രയും സമയമെങ്കിലും എടുക്കുമെന്നാണ് എന്‍റെ തോന്നല്‍. ആറ് വര്‍ഷം എടുക്കുമെന്നാണ് ഞാന്‍ ആന്‍റണിയോട് പറഞ്ഞത്. ആന്‍റണി പറഞ്ഞത് ആറ് വര്‍ഷം വലിയ ദൈര്‍ഘ്യമാണെന്നും രണ്ടുമൂന്ന് കൊല്ലത്തിനുള്ളില്‍ സാധ്യമായാല്‍ നല്ലതാണെന്നുമാണ്. നോക്കട്ടെ, ഉറപ്പൊന്നുമില്ലെന്ന് പറഞ്ഞിട്ടുണ്ട്."

click me!