ജിഷിന്‍ വെറും മാസ്സല്ല, മരണമാസ് ബൈക്ക് സ്റ്റണ്ടറാണെന്ന് സോഷ്യല്‍ മീഡിയ

By Web TeamFirst Published Feb 21, 2021, 12:31 PM IST
Highlights

പരമ്പരയിൽ പൊലീസ് സ്‌റ്റേഷനില്‍ കയറിച്ചെന്ന് പോലീസിനെ വെല്ലുവിളിച്ച് ബൈക്ക് കറക്കിയെടുത്ത് പോകുന്ന വീഡിയോയാണ് ജിഷിന്‍ പങ്കുവച്ചത്. ജിഷിന്‍ ബൈക്ക് സ്റ്റണ്ടും അറിയാമോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 

മിനിസ്‌ക്രീനിലേയും സോഷ്യല്‍ മീഡിയയിലേയും സജീവ താരങ്ങളായ ജിഷിന്‍ മോഹനും വരദയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരോട് നിരന്തരം സംവദിക്കുന്ന ചുരുക്കം മിനിസ്‌ക്രീന്‍ താരങ്ങളിലൊരാളായ ജിഷിന്റെ രസകരമായ കുറിപ്പുകളും ചിത്രങ്ങളുമൊക്കെ മിക്കപ്പോഴും വൈറലാകാറുണ്ട്. മനോഹരമായ ജിഷിന്റെ പോസ്റ്റുകളോട് കൗതുകത്തോടെയാണ് ആരാധകര്‍ പ്രതികരിക്കാറുള്ളത്. അടുത്തിടെ അച്ഛന്റെ വിയോഗത്തോടെ കുറച്ചുനാള്‍ സോഷ്യല്‍ മീഡിയയില്‍നിന്നും മാറിനിന്ന താരം, വീണ്ടും സജീവമായിരിക്കുകയാണ്. ഷൂട്ടിംഗ് സെറ്റിലെ രസകരമായൊരു കുറിപ്പുമായി എത്തിയിരിക്കുകയാണ് ജിഷിന്‍.

പൂക്കാലം വരവായി പരമ്പരയിലെ മാസ് സീനാണ് ജിഷിന്‍ ഇപ്പോള്‍ പങ്കുവച്ചത്. പൊലീസ് സ്‌റ്റേഷനില്‍ കയറിച്ചെന്ന് പൊലീസിനെ വെല്ലുവിളിച്ച് ബൈക്ക് കറക്കിയെടുത്ത് പോകുന്ന വീഡിയോയാണിത്. ജിഷിന്‍ ബൈക്ക് സ്റ്റണ്ടും അറിയാമോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സ്‌ക്കൂട്ടറില്‍ വന്ന് പൊലീസിനെ വെല്ലുവിളിക്കുന്നതില്‍ ഒരു ത്രില്ലില്ലെന്നും, ബൈക്കാണെങ്കില്‍ ഒരുകൂട്ടം കാണിച്ചുതരാം എന്ന് ഡയക്ടറോട് പറഞ്ഞാണ് സംഗതി ചെയ്യാന്‍ ഇറങ്ങിയതെന്നും, പരിപാടി പൊളിഞ്ഞാല്‍ വലിയ നാണക്കേടായെനെ എന്നുമാണ്  കുറിപ്പില്‍ ജിഷിന്‍ പറയുന്നത്.

കുറിപ്പിങ്ങനെ

പൂക്കാലം വരവായി മാസ്സ് സീന്‍

''പൂക്കാലം വരവായില്‍ അശോകന്‍ പോലീസ് സ്റ്റേഷനില്‍ കേറി വന്ന് പോലീസിനെ വെല്ലുവിളിച്ച് ഇറങ്ങിപ്പോകുന്ന സീന്‍. ഡയലോഗ് ഒക്കെ പറഞ്ഞ് കഴിഞ്ഞ് സ്ലോമോഷനില്‍ വണ്ടിയില്‍ കേറാന്‍ നോക്കിയപ്പോ ദാണ്ടേ ഒരു സ്‌കൂട്ടര്‍ വെച്ചിരിക്കുന്നു.. ഡയറക്ടറോട് കാര്യം പറഞ്ഞു. ഒരു ബൈക്ക് കിട്ടിയാല്‍ ഒരൂട്ടം കാണിച്ച് തരാം. അല്ലാതെ മാസ്സ് ഡയലോഗ് ഒക്കെ പറഞ്ഞിട്ട് സ്‌കൂട്ടറില്‍ കേറിപ്പോകുന്നത് ബോറായിപ്പോകില്ലേ.. അപ്പൊത്തന്നെ ബൈക്ക് റെഡി. 'അവനെന്തോ കാണിച്ച് തരാമെന്നു പറഞ്ഞു. നമുക്ക് നോക്കാമല്ലോ.. ക്യാമറ വച്ചോ.. സ്ലോമോഷന്‍ മോഡ്.. സ്റ്റാര്‍ട്ട് ക്യാമറ.. ആക്ഷന്‍..' കേട്ട പാതി കേള്‍ക്കാത്ത പാതി വച്ചെടുക്കാന്‍ പോണ പോലെ ഞാന്‍ നടന്നു. ഇതെങ്ങാനും ചീറ്റിപ്പോയാല്‍ നാറി നാണം കെടുമല്ലോ എന്നോര്‍ത്ത് സകല ദൈവങ്ങളെയും വിളിച്ച് വണ്ടി എടുത്തു. ഭാഗ്യം. ബൈക്ക് ചതിച്ചില്ല. കറങ്ങിത്തിരിഞ്ഞ് വീല്‍ ചെയ്ത് കറക്റ്റ് ആയി പാഞ്ഞു പോയി. ഇത്രേം പോലീസിനെ വെല്ലു വിളിച്ചിട്ട് വണ്ടിയില്‍ കേറിയപ്പോ ഹെല്‍മെറ്റ് വെക്കാത്തതിന് പിടിച്ച് അകത്തിട്ടിരുന്നെങ്കില്‍ തീര്‍ന്നേനെ ലവന്റെ മാസ്സ്.''

click me!