
ഹൈദരാബാദ്: ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഫിലിം സ്റ്റുഡിയോ റാമോജി ഫിലിം സിറ്റിയെ പ്രേതബാധയുള്ള സ്ഥലമെന്ന് സൂചിപ്പിച്ച ബോളിവുഡ് താരം കജോളിന്‍റെ പ്രസ്താവന വിവാദത്തിലേക്ക്. തന്റെ പുതിയ ഹൊറർ ചിത്രമായ 'മാ' എന്ന സിനിമയുടെ പ്രമോഷൻ പരിപാടിയിൽ സംസാരിക്കവെയാണ് കജോൾ ഇത്തരം അഭിപ്രായം കഴിഞ്ഞ ദിവസം പങ്കുവെച്ചത്. എന്നാൽ, താരത്തിന്റെ ഈ പരാമർശം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.
റാമോജി ഫിലിം സിറ്റിയിൽ ചിത്രീകരണത്തിനിടെ തനിക്ക് 'ഭയപ്പെടുത്തുന്ന വൈബുകൾ' അനുഭവപ്പെട്ടുവെന്നും. "ചില സ്ഥലങ്ങളിൽ ഷൂട്ടിംഗിനിടെ ഞാൻ ഭയന്നുപോയിട്ടുണ്ട്. റാമോജി ഫിലിം സിറ്റി അത്തരത്തിലൊരു സ്ഥലമാണ്. അവിടെനിന്ന് ഓടിപ്പോകാൻ തോന്നും" കജോൾ പറഞ്ഞത്. താൻ യഥാർത്ഥത്തിൽ ഒന്നും കണ്ടിട്ടില്ലെന്നും എന്നാൽ 'ദൈവം തന്നെ രക്ഷിച്ചു' എന്നും താരം വ്യക്തമാക്കി.
കജോളിന്റെ ഈ പരാമർശം സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ വിമര്‍ശനത്തിനും ട്രോളിനും ഇടയാക്കി. റെഡ്ഡിറ്റിലും എക്സ് പ്ലാറ്റ്‌ഫോമിലും നിരവധി ഉപയോക്താക്കൾ കജോളിനെ വിമർശിച്ചു. "സിനിമാ പ്രമോഷനുവേണ്ടി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്" എന്നാണ് പലരും അഭിപ്രായപ്പെട്ടത്.
"റാമോജി ഫിലിം സിറ്റി ഹൈദരാബാദിന്റെ അഭിമാനമാണ്. എല്ലാ വർഷവും ലക്ഷക്കണക്കിന് സന്ദർശകർ എത്തുന്ന ഈ സ്ഥലത്തെ 'പ്രേതബാധയുള്ള ഇടം' എന്ന് വിളിക്കുന്നത് അംഗീകരിക്കാനാവില്ല" എന്ന് ഒരു എക്സ് ഉപയോക്താവ് കുറിച്ചു. ഇത്തരത്തില്‍ തന്നെയാണ് പല പ്രതികരണങ്ങളും വരുന്നത്. താന്‍ ജോലി ചെയ്ത സ്ഥലത്തെ ഇത്തരത്തില്‍ ആരും അപമാനിക്കില്ലെന്നാണ് മറ്റൊരു പ്രതികരണം.
1996-ൽ സ്ഥാപിതമായ റാമോജി ഫിലിം സിറ്റി 1666 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന, ലോകത്തിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോകളിൽ ഒന്നാണ്. ഈ സ്റ്റുഡിയോ സിനിമാ ടൂറിസത്തിന്റെ കേന്ദ്രമായി മാറിയിട്ടുണ്ട്. ഹൈദരാബാദിന്റെ സിനിമാ വിനോദ മേഖലയിലെ പ്രധാന ആകർഷണമാണ് ഈ സ്ഥലം
കജോളിന്റെ പുതിയ ചിത്രം 'മാ' ഒരു ഹൊറർ സിനിമയാണ്. അതിന്റെ പ്രമോഷന്റെ ഭാഗമായാണ് ഈ 'ഭൂതകഥകൾ' ഉയർന്നുവന്നതെന്നാണ് പലരുടെയും വാദം. "ഇത് വെറും പ്രമോഷന്റെ ഭാഗമാണ്. ശാസ്ത്രീയമായി ഇത്തരം അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകളില്ല," എന്ന് ഒരു എക്സ് പോസ്റ്റിൽ പറയുന്നു.
എന്നാല്‍ കാജോളിനെ പിന്തുണയ്ക്കുന്ന കമന്‍റുകളും വരുന്നുണ്ട് "ഒരുപക്ഷേ, ഹൊറര്‍ പടം ആയതിനാല്‍ ഷൂട്ടിംഗിനിടെ തനിക്ക് തോന്നിയ വ്യക്തിപരമായ അനുഭവങ്ങളാണ് അവർ പങ്കുവെച്ചത്. അത് ഒരു സിനിമാ പ്രമോഷന്റെ ഭാഗമായിരിക്കാം, പക്ഷേ അവര്‍ക്ക് അനുഭവപ്പെട്ടത് യഥാർത്ഥമായിരിക്കാം" എന്ന് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. ജൂണ്‍ 27നാണ് കാജോളിന്‍റെ മാ റിലീസ് ചെയ്യുന്നത്.