
ചെന്നൈ: നടന്‍ രവി മോഹന്‍റെ കുടുംബ പ്രശ്നം വലിയൊരു കോലാഹലമാണ് കോളിവുഡില്‍ ഉണ്ടാക്കുന്നത്. രവി മോഹനും ഭാര്യ ആരതിയും തമ്മില്‍ ഇപ്പോള്‍ വിവാഹ മോചന കേസ് നടക്കുകയാണ്. അതിനിടയില്‍ തുടര്‍ച്ചയായി രവി മോഹന്‍ ഈ വേര്‍പിരിയലിന് കാരണക്കാരിയെന്ന നിലയില്‍ വാര്‍ത്തകളില്‍ നിറഞ്ഞ ഗായിക കെനീഷയുമായി തുടര്‍ച്ചയായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.
ഇതിന് പിന്നാലെ വളരെ വൈകാരികമായ കുറിപ്പ് ആരതി പങ്കുവച്ചിരുന്നു. കോളിവുഡ് നടിമാരായ ഖുഷ്ബു, രാധിക ശരത്കുമാര്‍ എന്നിവര്‍ ആരതിക്ക് അനുകൂലമായി പ്രതികരിക്കുകയും ചെയ്തു. രവി മോഹന്‍ ആരതിയുമായി പിരിയുന്നതിനായി നേരത്തെ പറഞ്ഞ കാര്യങ്ങള്‍ പലതും കളവാണ് എന്ന തരത്തില്‍ നിരന്തരം തമിഴ് യൂട്യൂബ് ചാനലുകളില്‍ വീഡിയോ വരുകയാണ്. ജയം രവി എന്നതില്‍ നിന്നും രവി മോഹന്‍ എന്ന പേരിലേക്കുള്ള മാറ്റത്തില്‍ പോലും കെനീഷയുടെ പങ്കുണ്ടെന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്. എന്തായാലും കെനീഷയുടെ ഭാഗം വിശദീകരിക്കുകയാണ് ഇപ്പോള്‍ അവരുടെ അടുത്ത സുഹൃത്ത്.
കെനീഷയുടെ അടുത്ത സുഹൃത്ത് വിജയന്തി രാജേശ്വര്‍ ആണ് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. കെനീഷയെക്കുറിച്ച് ആളുകള്‍ ഭീകരമായി തെറ്റിദ്ധരിച്ചിട്ടുണ്ടെന്നാണ് വിജയന്തി രാജേശ്വര്‍ എഴുതിയ കുറിപ്പില്‍ പറയുന്നത്. വിജയന്തി രാജേശ്വര്‍ തന്‍റെ ഇന്‍സ്റ്റ സ്റ്റോറിയില്‍ എഴുതിയ നോട്ട് പിന്നീട് കെനീഷ റീ ഷെയര്‍ ചെയ്തതോടെയാണ് വലിയ വാര്‍ത്തയായത്.
"കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാൻ മൗനമായി ഇരുന്നതും, നീ (കെനീഷ) എന്നോട് മൗനം പാലിക്കാൻ പറഞ്ഞതും എത്രത്തോളം ബുദ്ധിമുട്ടുണ്ടാക്കിയെന്നു എനിക്ക് അറിയാം. എനിക്ക് നിന്നെ അറിയാം. എന്റെ ഏറ്റവും പ്രിയപ്പെട്ട രവി അണ്ണയുടെ കൂടെ നീ ചേരും മുന്‍പേ നിന്നെ അറിയാം. ആളുകള്‍ എത്ര തെറ്റിദ്ധരിപ്പിക്കപ്പെട്ടവരും, ക്രൂരരും, അശ്ലീലം പറയുന്നവരുമാണ് എന്നതിന് ഈ പ്രതിസന്ധി ഘട്ടത്തില്‍ ഞാന്‍ സാക്ഷിയായി" എന്നാണ് വിജയന്തി രാജേശ്വര്‍ എഴുതുന്നത്.
അതേ സമയം രവിയും കെനീഷയും ലിവിംഗ് ടുഗതറിലാണ് എന്നാണ് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സുധ കൊങ്കരയുടെ പരാശക്തി എന്ന സിനിമയിലാണ് ഇപ്പോള്‍ രവി മോഹന്‍ അഭിനയിക്കുന്നത്.