'ഈ പുഷ് അപ്പുകള്‍ക്ക് പിന്നില്‍ 10 വര്‍ഷത്തിന്‍റെ വേദനയുണ്ട്'; കുഞ്ചാക്കോ ബോബന്‍ പറയുന്നു

By Web TeamFirst Published Sep 13, 2020, 2:15 PM IST
Highlights

'കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി എന്‍റെ തോളുകള്‍ക്ക് സാരമായ ലിഗമെന്‍റ് പ്രശ്‍നങ്ങള്‍ ഉണ്ടായിരുന്നു, പ്രത്യേകിച്ചും വലത് തോളിന്..'

ആരോഗ്യസംരക്ഷണത്തില്‍ താല്‍പര്യമുള്ള സിനിമാതാരങ്ങളുടെ കൂട്ടത്തില്‍ തന്നെയാണ് കുഞ്ചാക്കോ ബോബനും. അതേസമയം ജിമ്മില്‍ നിന്നുള്ള ചിത്രങ്ങളൊന്നുമല്ല സോഷ്യല്‍ മീഡിയയിലൂടെ ചാക്കോച്ചന്‍ സാധാരണ പങ്കുവെക്കാറ്. മറിച്ച് ബാഡ്‍മിന്‍റണ്‍ കളിക്കുന്നതിന്‍റെയും ഫ്ളാറ്റിന്‍റെ പടികള്‍ ഓടിക്കയറുന്നതിന്‍റെയും മറ്റുമാണ്. എന്നാല്‍ ഇപ്പോഴിതാ താന്‍ പുഷ് അപ്പ് ചെയ്യുന്നതിന്‍റെ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം. കാണുന്നവര്‍ക്ക് നിസ്സാരമായി തോന്നാമെങ്കിലും തന്നെ സംബന്ധിച്ച് അതിനുപിന്നില്‍ പത്ത് വര്‍ഷത്തെ വേദനയുണ്ടെന്ന് പറയുന്നു ചാക്കോച്ചന്‍.

"കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി എന്‍റെ തോളുകള്‍ക്ക് സാരമായ ലിഗമെന്‍റ് പ്രശ്‍നങ്ങള്‍ ഉണ്ടായിരുന്നു, പ്രത്യേകിച്ചും വലത് തോളിന്. ഒരു പരിധിക്കപ്പുറം കൈ ഉയര്‍ത്താന്‍ പറ്റാത്ത അവസ്ഥ പോലുമുണ്ടായിരുന്നു. ബാഡ്‍മിന്‍റണോ ക്രിക്കറ്റോ കളിക്കാന്‍ കഴിയാത്ത ദിവസങ്ങള്‍. ഗാനരംഗങ്ങള്‍ക്കിടെ എന്‍റെ സുന്ദരിമാരായ നായികമാരെ എടുത്തുയര്‍ത്താനും പറ്റുമായിരുന്നില്ല. തമാശകള്‍ക്കപ്പുറത്തെ യാഥാര്‍ഥ്യം എനിക്ക് ഒരു പുഷ് അപ്പ് പോലും ചെയ്യാന്‍ പറ്റുമായിരുന്നില്ല എന്നതാണ്". അനാവശ്യ മരുന്നുകള്‍ എഴുതാതെ തന്നെ ചികിത്സിച്ച ഡോ. മാമ്മന്‍ അലക്സാണ്ടറിനും ട്രെയ്‍നര്‍ ഷൈജന്‍ അഗസ്റ്റിനും കുഞ്ചാക്കോ ബോബന്‍ നന്ദി അറിയിക്കുന്നു.

"അങ്ങനെ ജിമ്മില്‍ പോകുന്ന ആളല്ല ഞാന്‍. പക്ഷേ ഷൈജന്‍ അവിടെയുണ്ടായിരുന്നു. ആത്മവിശ്വാസം ഉണ്ടാക്കിയത് അദ്ദേഹമാണ്. രണ്ട് മാസം കൊണ്ടാണ് അദ്ദേഹം എന്‍റെ അവസ്ഥയ്ക്ക് വ്യത്യാസമുണ്ടാക്കിയത്. ഈ വീഡിയോ കാണുന്ന പലര്‍ക്കും നിസ്സാരമായി തോന്നാം. പക്ഷേ ഞാന്‍ അനുഭവിച്ച ശിശുസഹജമായ ആഹ്ളാദം അമൂല്യമായിരുന്നു. ഇത് ആര്‍ക്കെങ്കിലും ഉപകാരപ്പെട്ടെങ്കില്‍ എനിക്ക് അതുമതി", കുഞ്ചാക്കോ ബോബന്‍ വീഡിയോയ്ക്കൊപ്പം ഫേസ്ബുക്കില്‍ കുറിച്ചു.

click me!