
മലയാളികള്‍ നെഞ്ചേറ്റിയ പരമ്പരകളിലൊന്നാണ് 'തട്ടീം മുട്ടീം'. പരമ്പര പോലെ തന്നെ അതിലെ കഥാപാത്രങ്ങളും അവരെ അവതരിപ്പിക്കുന്ന താരങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയങ്കരരാണ്. അര്‍ജുന്‍- മോഹനവല്ലി ദമ്പതികളുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് തട്ടീം മുട്ടീം എന്ന പരമ്പര മുന്നോട്ടുപോകുന്നത്. ഒരു കുടുംബത്തില്‍ നടക്കുന്ന കാര്യങ്ങളെല്ലാംതന്നെ ഹാസ്യത്തിന്റെ മേമ്പൊടിയോടെ പറയുന്ന പരമ്പരയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ് മോഹനവല്ലിയും കോകിലയും. പരമ്പരയിലെ നാത്തൂന്മാരായെത്തുന്ന ഇരുവരും കുറച്ചൊന്നുമല്ല പ്രേക്ഷകരെ കയ്യിലെടുക്കാറുള്ളത്. മോഹനവല്ലിയായി മഞ്ജു പിള്ളയും, കോകിലയായി വീണാ നായരുമാണ് എത്താറുള്ളത്.
പരമ്പരയ്ക്കുള്ളിലെ സ്‌നേഹം പുറത്തും കാത്തുസൂക്ഷിക്കുന്ന വീണ, വിദേശത്തുനിന്ന് എത്തിയയുടനെ മഞ്ജുവിന്റെ പുതിയ ഫാം സംരംഭം കാണാനായിരുന്നു പോയത്. ആ ഫോട്ടോകളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ബിഗ്‌ബോസില്‍ മത്സരാര്‍ത്ഥിയായി എത്തിയതും, പിന്നാലെ കൊറോണയും വന്നത് കാരണം കുറെ നാളായി വീണ, പരമ്പരയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ഇപ്പോഴിതാ നാത്തൂന്മാര്‍ വീണ്ടും പരമ്പരയിലൊന്നിച്ചെത്തുന്ന വിശേഷം പങ്കുവച്ചിരിക്കുകയാണ് വീണ.
മോഹനവല്ലിക്ക് മുട്ടന്‍പണികള്‍ കൊടുക്കാനായിട്ട് വീണ്ടും പരമ്പരയിലേക്കെത്തിയെന്നാണ് മഞ്ജുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. കട്ട വെയിറ്റിംഗാണെന്നാണ് കോകിലയുടെ ഫാന്‍സ് ചിത്രത്തിന് കമന്റ് ചെയ്യുന്നത്. കോകിലയില്ലാതെ തട്ടീം മുട്ടീം കാണാന്‍ ഒരു സുഖമില്ലെന്നും, എത്രയുംവേഗം സ്‌ക്രീനില്‍ കാണാമെന്നും പലരും പറയുന്നുണ്ട്.