Mammootty : 'ചാമ്പിക്കോ' പറയാമോ എന്ന് സദസ്; മമ്മൂട്ടിയുടെ പ്രതികരണം വൈറല്‍

By Web TeamFirst Published May 23, 2022, 5:55 PM IST
Highlights

മലയാളം ബോക്സ് ഓഫീസില്‍ ഈ വര്‍ഷത്തെ ശ്രദ്ധേയ വിജയങ്ങളിലൊന്നാണ് ഭീഷ്‍മ പര്‍വ്വം

സ്ഥിരം സിനിമാപ്രേമികള്‍ക്ക് പുറത്തേക്കും ഒരു ചിത്രത്തിലെ ഡയലോഗോ പാട്ടോ ഒക്കെ എത്തുമ്പോഴാണ് അത് ട്രെന്‍ഡ് ആയി എന്ന് പറയുന്നത്. അത്തരത്തിലൊന്ന് അപൂര്‍വ്വമായി മാത്രം സംഭവിക്കുന്നതുമാണ്. അമല്‍ നീരദിന്‍റെ മമ്മൂട്ടി (Mammootty) ചിത്രം ഭീഷ്‍മ പര്‍വ്വം (Bheeshma Parvam) അത്തരത്തില്‍ ട്രെന്‍ഡ് സൃഷ്ടിച്ച ചിത്രമായിരുന്നു. ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം ഇപ്പോഴും മൊബൈല്‍ റിംഗ് ടോണ്‍ ആയി തുടരുന്നുണ്ട്. ഒപ്പം ഇന്‍സ്റ്റഗ്രാം റീല്‍ വീഡിയോകളിലൂടെ വൈറല്‍ ആയ ഒന്നായിരുന്നു ചിത്രത്തില്‍ മമ്മൂട്ടി പറഞ്ഞ ചാമ്പിക്കോ എന്ന പ്രയോഗം. 

ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച മൈക്കിള്‍ എന്ന കഥാപാത്രം തന്‍റെ കുടുംബാഗങ്ങള്‍ക്കാപ്പം ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ ഫോട്ടോഗ്രാഫറോട് പറയുന്ന കാര്യമാണിത്. ക്ലിക്ക് ചെയ്‍തോ എന്ന് ആ സന്ദര്‍ഭത്തിലെ അര്‍ഥം. നിരവധി ഗ്രൂപ്പ് ഫോട്ടോകള്‍ ചാമ്പിക്കോ പ്രയോഗവുമായി റീല്‍ വീഡിയോകളായി. എന്നാല്‍ ഈ സംഭാഷണം ഒന്നുകൂടി പറയാന്‍ മമ്മൂട്ടിയോട് തന്നെ ആവശ്യപ്പെട്ടാലോ? അത്തരമൊരു ആവശ്യം ഒരു വേദിയില്‍ മമ്മൂട്ടിയെ തേടിയെത്തി. മഞ്ജു വാര്യര്‍, പി വിജയന്‍ ഐപിഎസ് എന്നിവരൊക്കെ അദ്ദേഹത്തിനൊപ്പം വേദിയില്‍ ഉണ്ടായിരുന്നു. വേദിയിലും സദസില്‍ നിന്നുമൊക്കെ സമാന ആവശ്യം ഉയര്‍ന്നെങ്കിലും ചിരിച്ചുകൊണ്ട് മമ്മൂട്ടി അത് നിഷേധിച്ചു. അടുത്ത് നിന്നിരുന്ന പി വിജയന് അദ്ദേഹം മൈക്ക് കൈമാറുകയായിരുന്നു. അദ്ദേഹം ചാമ്പിക്കോ എന്ന് പറയുകയും ചെയ്‍തു. സമൂഹമാധ്യമങ്ങളില്‍ ഇത് കാര്യമായി പ്രചരിക്കുന്നുണ്ട്.

അതേസമയം മലയാളം ബോക്സ് ഓഫീസില്‍ ഈ വര്‍ഷത്തെ ശ്രദ്ധേയ വിജയങ്ങളിലൊന്നാണ് ഭീഷ്‍മ പര്‍വ്വം. മാര്‍ച്ച് 3ന് ആയിരുന്നു റിലീസ്. ആദ്യദിനം തന്നെ മികച്ച മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രത്തിന് ബോക്സ് ഓഫീസില്‍ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് റിലീസിന്‍റെ ഒരാഴ്ചയ്ക്കുള്ളില്‍ത്തന്നെ 50 കോടി നേടാനായിരുന്നു ചിത്രത്തിന്. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം എന്നതുതന്നെ ആയിരുന്നു ചിത്രത്തിന് ലഭിച്ച വലിയ പ്രീ-റിലീസ് ഹൈപ്പിന് കാരണം. തിയറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ചതിനു ശേഷമുള്ള ആദ്യ ബിഗ് റിലീസ് എന്നതും ചിത്രത്തിന് ഗുണമായി.

click me!