
മുംബൈ: സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന പ്രഭാസിന്‍റെ സ്പിരിറ്റിൽ നിന്നും ബോളിവുഡ് നടി ദീപിക പദുക്കോൺ പുറത്തുപോയതിനെ തുടർന്ന് ഓൺലൈനിൽ വന്‍ വിവാദങ്ങളാണ് നടന്നത്. ന്യായമായ ജോലി സമയവും ന്യായമായ പ്രതിഫലവും ആവശ്യപ്പെടുന്ന ഒരു സ്ത്രീയെ ചിലര്‍ അവരുടെ സ്ത്രീവിരുദ്ധത കൊണ്ട് എതിര്‍ക്കുകയാണ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം വാദിച്ചത്.
നെറ്റിസൺമാരും മുഖമില്ലാത്ത ട്രോളുകളും മാത്രമല്ല ഇത് ചെയ്തത്; ദീപികയുടെ "പ്രൊഫഷണലിസത്തെ" ചോദ്യം ചെയ്തും "വൃത്തികെട്ട പിആർ ഗെയിമുകൾ" കളിച്ചുവെന്ന് ആരോപിച്ചും വംഗ പോലും ദീപികയെ ആക്രമിച്ചു എന്നാണ് ഒരു വിഭാഗം പറഞ്ഞത്. സന്ദീപ് റെഡ്ഡി വംഗ ആരുടേയും പേര് വ്യക്തമായി പറഞ്ഞില്ലെങ്കിലും, അദ്ദേഹം ഉദ്ദേശിച്ചത് ദീപികയെയാണ് എന്നത് പലരും പെട്ടെന്ന് നിഗമനത്തിലെത്തി.
ഇപ്പോൾ, അജയ് ദേവ്ഗണിന്റെയും സെയ്ഫ് അലി ഖാന്‍റെയും പിന്തുണ ദീപികയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതിന് പുറമേ ഇതിഹാസ ചലച്ചിത്ര നിർമ്മാതാവ് മണിരത്നവും ദീപികയെ അനുകൂലിച്ച് രംഗത്തെത്തി, എട്ട് മണിക്കൂർ ജോലിദിനത്തിനായുള്ള അവരുടെ അഭ്യർത്ഥന "ശരിയായ ആവശ്യം" എന്നാണ് മണിരത്നം വിളിച്ചത്.
"അത് ന്യായമായ ഒരു ആവശ്യമാണെന്ന് ഞാൻ കരുതുന്നു. അവര്‍ക്ക് അത് ആവശ്യപ്പെടാൻ കഴിയുന്ന സ്ഥാനത്ത് എത്തിയതിൽ എനിക്ക് സന്തോഷമുണ്ട്. ഒരു ചലച്ചിത്ര നിർമ്മാതാവ് എന്ന നിലയിൽ, നിങ്ങൾ അഭിനയിക്കുമ്പോൾ അത് പരിഗണിക്കുമെന്ന് ഞാൻ കരുതുന്നു. അത് ചോദിക്കുന്നത് യുക്തിരഹിതമായ കാര്യമല്ല, മറിച്ച് ഒരു അനിവാര്യതയാണ്. അതായിരിക്കണം മുൻഗണന എന്ന് ഞാൻ കരുതുന്നു. നിങ്ങൾ അത് അംഗീകരിക്കുകയും മനസ്സിലാക്കുകയും അതിന് അനുസരിച്ച് പ്രവർത്തിക്കുകയും വേണ " ന്യൂസ് 18-ന് നൽകിയ അഭിമുഖത്തില്‍ മണിരത്നം പറഞ്ഞു.
നേരത്തെ സ്പിരിറ്റ് സിനിമയില്‍ അഭിനയിക്കാന്‍ ദീപിക മുന്നോട്ടുവച്ച ആവശ്യങ്ങളില്‍ ഒന്ന് എട്ട് മണിക്കൂര്‍ ജോലി എന്നതായിരുന്നു. ഇതിനെ ചുറ്റിപ്പറ്റി ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇത്തരം ആവശ്യങ്ങള്‍ അംഗീകരിക്കാതെ തൃപ്തി ദിമ്രിയെ നായികയായി നിശ്ചയിച്ച ശേഷം പേര് പറയാതെ പോസ്റ്റിട്ട സന്ദീപ് റെഡ്ഡി വംഗയുടെ നടപടിയാണ് ഈ വിഷയത്തില്‍ ചര്‍ച്ച ഉണ്ടാക്കിയത്.