
മലയാളികളുടെ പ്രിയ താരമാണ് മനോജ് കെ ജയൻ(Manoj K Jayan). കാലങ്ങളായുള്ള സിനിമാ ജീവിതത്തിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പ് പ്രേക്ഷകരെ ത്രസിപ്പിക്കാൻ നടന് സാധിച്ചിട്ടുണ്ട്. സിനിമയിലെ കഥാപാത്രത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്ന ചുരുക്കം ചില അഭിനേതാക്കളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. സമൂഹമാധ്യമങ്ങളിൽ സജീവമായ മനോജ് തന്റെ ചെറുതും വലുതുമായ സന്തോഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ പങ്കുവച്ച ചിത്രങ്ങളും അതിന് വന്ന കമന്റുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
കഴിഞ്ഞ ദിവസം ശുഭദിനം ആശംസിച്ച് കൊണ്ട് മനോജ് കെ ജയൻ പങ്കുവച്ച ചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു. പിന്നാലെ പതിവ് പോലെ കമന്റുകളുമായി ആരാധകരും എത്തി. 'ഈ വിഗ്ഗ് എത്ര രൂപ ആകും ചേട്ടാ'എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഇതിന് രസകരമായി മറുപടിയും മനോജ് കെ ജയൻ നൽകി. 'എനിക്ക് കച്ചവടം ഇല്ല സോറി ', എന്നായിരുന്നു താരത്തിന്റെ മറുപടി. 'മനോജേട്ട എങ്ങനെയാണ് ഈ ഗ്ലാമറൊക്കെ കാത്തുസൂക്ഷിക്കുന്നത്..ഞാൻ ആകെ വെയിലു കൊണ്ട് കരിവാളിച്ചു പോയി', എന്നാണ് മറ്റൊരു കമന്റ്. ഇതിന്, 'നമുക്ക് ശരിയാക്കാം', എന്നായിരുന്നു നടൻ മറുപടി നൽകിയത്.
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സല്യൂട്ട് എന്ന ചിത്രത്തിൽ മനോജ് കെ ജയൻ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രത്തിൽ ദുൽഖറിന്റെ സഹോദരൻ ആയാണ് മനോജ് അവതരിപ്പിച്ചത്. ചിത്രത്തിന് തിരക്കഥയൊരുക്കിയത് ബോബി - സഞ്ജയ് കൂട്ടുകെട്ടാണ്. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തിൽ മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.
ജേക്സ് ബിജോയിയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ശ്രീകർ പ്രസാദാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ഛായാഗ്രഹണം - അസ്‍ലം പുരയിൽ, മേക്കപ്പ് - സജി കൊരട്ടി, വസ്ത്രാലങ്കാരം - സുജിത് സുധാകരൻ, ആർട്ട് - സിറിൽ കുരുവിള, സ്റ്റിൽസ് - രോഹിത്, പ്രൊഡക്ഷൻ കൺട്രോളർ - സിദ്ധു പനയ്ക്കൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - കെ. സി. രവി, അസോസിയേറ്റ് ഡയറക്ടർ - ദിനേഷ് മേനോൻ, ഫർസ്റ്റ് എ. ഡി. - അമർ ഹാൻസ്പൽ, അസിസ്റ്റന്റ് ഡയറക്ടെഴ്‌സ് - അലക്സ് ആയിരൂർ, ബിനു കെ. നാരായണൻ, സുബീഷ് സുരേന്ദ്രൻ , രഞ്ജിത്ത് മടത്തിൽ. പിആർഒ - മഞ്ജു ഗോപിനാഥ്.