'പണക്കാര്‍ക്ക് എന്തും ആകാലോ' : വാക്‌സിനെടുത്ത സന്തോഷത്തില്‍ ജിഷിന്‍

By Web TeamFirst Published Sep 8, 2021, 6:14 PM IST
Highlights

രണ്ടാംഡോസ് വാക്‌സിന്‍ എടുത്ത സന്തോഷമാണ് ചിത്രത്തിനും മനോഹരമായ കുറിപ്പിനുമൊപ്പം താരം പങ്കുവച്ചത്.

മിനിസ്‌ക്രീനിലെ സജീവ താരങ്ങളായ ജിഷിന്‍ മോഹനും വരദയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. സോഷ്യല്‍ മീഡിയയിലും സജീവമായ ജിഷിന്‍ പങ്കുവയ്ക്കുന്ന കുറിപ്പുകളും ചിത്രങ്ങളുമെല്ലാം ആരാധകര്‍ വൈറലാക്കാറുണ്ട്. ജിഷിന്റെ നര്‍മ്മം ചാലിച്ചുള്ള കുറിപ്പുകളും ചിത്രങ്ങളുമൊക്കെ സന്തോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. രണ്ടാംഡോസ് വാക്‌സിന്‍ എടുത്ത സന്തോഷമാണ് ഇപ്പോള്‍ താരം പങ്കുവച്ചത്.

വാക്‌സിന്‍ എടുത്താല്‍ കൊറോണ വരില്ലെന്നും, വരുമെന്നും.. വന്നാല്‍ തീവ്രത കുറവായിരിക്കുമെന്നും, അങ്ങനെ പലരും പലതും പറയുന്നുണ്ട്. കൊവിഷീല്‍ഡ് എടുത്താലേ വിദേശത്തേക്ക് പോകാന്‍ പറ്റുകയുള്ളു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതുവരെ ഇന്ത്യയ്ക്ക് പുറത്തേക്ക് പോകാത്ത എനിക്കെന്തിന് ആ പേടി എന്നെല്ലാം പറഞ്ഞുകൊണ്ടുളള ജിഷിന്റെ പുതിയ പോസ്റ്റും സോഷ്യല്‍മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ജിഷിന്റെ പോസ്റ്റിന് പലരും രസകരമായ കമന്‍റുകളുമായി എത്തുന്നുണ്ട്. 

ജിഷിന്റെ കുറിപ്പ് വായിക്കാം

''വാക്സിനെടുത്താല്‍ കൊവിഡ് വരില്ല എന്ന് ചിലര്‍. വാക്സിന്‍ എടുത്താലും കോവിഡ് വരുമെന്ന് പരിചയമുള്ള ഡോക്ടര്‍ പറഞ്ഞു എന്ന് പറഞ്ഞ് മറ്റ് ചിലര്‍. കോവിഷില്‍ഡ് എടുത്താലേ പുറം രാജ്യത്തേക്ക് വിസ കിട്ടൂ (ഇന്ന് വരെ ഇന്ത്യക്ക് പുറത്തു പോകാത്ത എന്നോടോ ബാലാ). വാക്സിന്‍ എടുത്താല്‍ കോവിഡ് വന്നാലും ഗുരുതരമായിരിക്കില്ല, വാക്സിന്‍ എടുത്താല്‍ 45 ദിവസത്തേക്ക് മദ്യപിക്കരുത്, (ഇതെന്നാ മണ്ഡല കാല വ്രതമോ), വാക്സിന്‍ എടുത്താല്‍ പനിക്കണം അല്ലെങ്കില്‍ വാക്സിന്‍ എഫക്ട് ആയില്ല എന്നാ അര്‍ത്ഥം,(എനിക്കാണെങ്കില്‍ പനി പോയിട്ട് ഒരു കുരുവും വന്നില്ല).

ആദ്യത്തേത് കൊവിഷില്‍ഡ് ആണെങ്കില്‍ അടുത്തത് കോവാക്സിന്‍ എടുക്കണമെന്നും, അങ്ങനെ എടുക്കരുതെന്നും ചിലര്‍. ഇങ്ങനെയൊക്കെയുള്ള പലതരം അഭ്യൂഹങ്ങള്‍ക്കിടയില്‍ ഞാന്‍ ഇന്ന് എന്റെ രണ്ടാം ഡോസ് വാക്സിന്‍ കോവിഷില്‍ഡ് വിജയകരമായി എടുത്തിരിക്കുകയാണ് സൂര്‍ത്തുക്കളെ. ആദ്യ ഡോസ് സൗജന്യമായി ലഭിച്ചെങ്കിലും, രണ്ടാമത്തെ ഡോസ് വാക്സിന്‍ ലഭ്യത കുറവായത് കൊണ്ട് പ്രൈവറ്റ് ഹോസ്പിറ്റലില്‍ വന്ന് പണം കൊടുത്ത് എടുക്കേണ്ടി വന്നു. പണക്കാര്‍ക്ക് പിന്നെ എന്തും ആവാലോ.''

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!