'വാട്ട് ഈസ് ഇന്‍ ഹെർ ബാഗ്' : ആതിരയുടെ ബാഗ് പരിശോധിച്ച് ശീതളും സഞ്‍ജനയും

By Web TeamFirst Published Aug 10, 2021, 3:56 PM IST
Highlights

പരമ്പരയില്‍ സുമിത്രയുടെ മകള്‍ ശീതളായെത്തുന്ന അമൃതയും, നാത്തൂന്‍ സഞ്‍ജനയായെത്തുന്ന രേഷ്‍മയും ഒന്നിച്ചുചെയ്‍ത രസകരമായ വീഡിയോയാണിപ്പോള്‍ തരംഗമായിരിക്കുന്നത്.

മലയാളി പ്രേക്ഷകരുടെ ഇഷ്‍ടപരമ്പരയാണ് ഏഷ്യാനെറ്റിലെ 'കുടുംബവിളക്ക്'. റേറ്റിംഗില്‍ എപ്പോഴും മുന്നിലെത്താറുള്ള പരമ്പര സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതകഥയാണ് പറയുന്നത്. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടുകയും വീട്ടില്‍ ഒറ്റപ്പെട്ട ജീവിതം നയിക്കേണ്ടിവരികയും ചെയ്യുന്ന വീട്ടമ്മയാണ് സുമിത്ര. സുമിത്രയുടെ ജീവിതത്തിന്റെ ഓരോ വശങ്ങളും പരമ്പര ചര്‍ച്ച ചെയ്യുന്നുണ്ട്. പരമ്പരയിലെ എല്ലാ താരങ്ങളുംതന്നെ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ഒപ്പം താരങ്ങള്‍ക്കും പരമ്പരയ്ക്കും സോഷ്യല്‍മീഡിയയില്‍ ഫാന്‍ ഗ്രൂപ്പുകളുമുണ്ട്.


പരമ്പരയില്‍ സുമിത്രയുടെ മകള്‍ ശീതളായെത്തുന്ന അമൃതയും, നാത്തൂന്‍ സഞ്‍ജനയായെത്തുന്ന രേഷ്മയും ഒന്നിച്ചുചെയ്ത രസകരമായ വീഡിയോയാണിപ്പോള്‍ തരംഗമായിരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ നടന്മാരും നടിമാരും ചെയ്യുന്ന 'വാട്ട് ഈസ് ഇന്‍ മൈ ബാഗ്' (എന്റെ ബാഗില്‍ എന്താണുള്ളത്) എന്ന സംഗതിയാണ് കുടുംബവിളക്ക് താരങ്ങളും അനുകരിച്ചിരിക്കുന്നത്. തങ്ങളുടെ ബാഗില്‍ സാധാരണയായി എന്തെല്ലാം കൊണ്ടുനടക്കാറുണ്ട് എന്നതാണ് ഈയൊരു പരിപാടിയിലൂടെ താരങ്ങള്‍ കാണിക്കാറുള്ളത്. എന്നാല്‍ സാധാരണ പോലെയുള്ള 'വാട്ട് ഈസ് ഇന്‍ മൈ ബാഗ്' അല്ല ഇവിടെ സംഭവിച്ചത്. സഹതാരമായ ആതിര മാധവ് ഷൂട്ടിന് പോയ തക്കത്തിന്, ആതിരയുടെ ബാഗില്‍ എന്തെല്ലാമുണ്ട് എന്നാണ് രണ്ട് വികൃതി താരങ്ങളുംകൂടെ വീഡിയോയാക്കിയിരിക്കുന്നത്.


ആതിര കൊണ്ടുവന്ന സ്‌നാക്‌സിന്റെ ചെറി ടിഫിനും, ഫോണും ചാര്‍ജറുമെല്ലാംതന്നെ ഇരുവരും വീഡിയോയില്‍ കാണിക്കുന്നുണ്ട്. എന്നാല്‍ പരിപാടി പകുതിയാകുമ്പോഴേക്കും ഷൂട്ട് കഴിഞ്ഞ് ആതിര റൂമിലെത്തുന്നുണ്ട്. എന്നാലും അമൃത പ്രോഗ്രാം നിര്‍ത്തുന്നില്ല. ആതിര കഴിക്കുന്ന ഗുളികകള്‍, ലിപ്സ്റ്റിക്ക് എന്നിവയെല്ലാം കാണിക്കുന്നുണ്ട്. അമൃത ബാഗിലുള്ള ഓരോ സാധനങ്ങളും കാണിക്കുമ്പോള്‍ ആതിര പിന്നില്‍നിന്നും ചീത്ത വിളിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. ആതിരയുടെ ബാഗ് പരിശോധന കഴിഞ്ഞപ്പോഴാണ് രേഷ്മയുടെ ബാഗിനെപ്പറ്റിയും, റൂമിലേക്ക് രേഷ്‍മ എത്തിയതില്‍പിന്നെ റൂം അലങ്കോലമായതിനെപ്പറ്റിയുമെല്ലാം സംസാരം തുടങ്ങിയത്. 


രസകരമായ ലൊക്കേഷന്‍ വീഡിയോ ഇതിനകംതന്നെ ആരാധകര്‍ തരംഗമാക്കിക്കഴിഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!