
വളരെ പെട്ടെന്ന് പ്രേക്ഷകരുടെ ഇഷ്ടം നേടിയ ഏഷ്യാനെറ്റ് പരമ്പരകളിലൊന്നാണ് പാടാത്ത പൈങ്കിളി. വ്യത്യസ്തമായ കഥാരീതിയും അവതരണ രീതിയും പാടാത്ത പൈങ്കിളിയെ മറ്റു പരമ്പകളിൽ നിന്ന് വേറിട്ടു നിർത്തുന്നു. പരമ്പരയിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളും ഇതിനോടകം നിരവധി ആരാധകരെ സ്വന്തമാക്കി കഴിഞ്ഞു. അതിൽ മുൻപന്തിയിലാണ് നായക വേഷത്തിലെത്തുന്ന സൂരജ്. ദേവ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരം ഇതിനോടകം തന്നെ പ്രേക്ഷകരുടെ ഇഷ്ട നായകനാണ്.
സോഷ്യൽ മീഡിയയിലും നിരവധി ആരാധകരുള്ള സൂരജ്, ഫോളോവേഴ്സുമായി നിരന്തരം വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഒരു കുറിപ്പും ചിത്രവുമായി എത്തിയിരിക്കുകയാണ് താരം.
'സ്നേഹം കൊടുത്തപ്പോൾ വാത്സല്യം തിരിച്ചുകിട്ടി.. നിനക്കെന്താ ഇത്ര അഹങ്കാരം എന്നോട് ചോദിച്ചാൽ.. ഞാൻ പറയും.. ഒരുപാട് അമ്മമാരുടെ പ്രാർത്ഥനയാണ് ഇന്ന് ഞാൻ ഈ നിൽക്കുന്നത്. അമ്മയുടെ സ്നേഹം മറ്റെന്തിനേക്കാളും വിലപ്പെട്ടതാണ്'- എന്നൊരു കുറിപ്പിനൊപ്പം നടി കുളപ്പുള്ളി ലീലയ്ക്കും മറ്റ് അമ്മമാർക്കും ഒപ്പമുള്ള ചിത്രം സൂരജ് പങ്കുവയ്ക്കുന്നു.
അഭിനയ ജീവിതം തുടങ്ങും മുമ്പ് തന്നെ സൂരജ് ടിക്ടോക്കിലൂടെയും യൂട്യൂബ് ചാനലിലൂടെയും പ്രേക്ഷകർക്ക് മുമ്പിലെത്തിയിരുന്നു. കയ്പേറിയ ജീവിതാനുഭവങ്ങളും പാഠങ്ങളും പറഞ്ഞ് പ്രേക്ഷകരെ ഉത്തേജിപ്പിക്കുന്ന വീഡിയോകൾക്കും കുറിപ്പുകൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.