
1982 ല്‍ മിഥുന്‍ ചക്രവര്‍ത്തി അഭിനയിച്ച 'ഡിസ്കോ ഡാന്‍സര്‍' എന്ന ഹിന്ദി സിനിമയില്‍ ബാപ്പി ലാഹിരി എഴുതിയ ജിമ്മി ജിമ്മി എന്ന ഗാനം ഇന്ന് തരംഗം സൃഷ്ടിക്കുകയാണ്. ഇന്ത്യയിലല്ല, അങ്ങ് ചൈനയിലാണ് ജിമ്മി ജിമ്മി തരംഗം സൃഷ്ടിക്കുന്നത്. അതും ചൈനീസ് സര്‍ക്കാറിനെതിരെയുള്ള പ്രതിഷേധം എന്ന നിലയിലാണ് ചൈനീസ് ജനത സാമൂഹിക മാധ്യമങ്ങളില്‍ ഈ ഗാനം ഉപയോഗിക്കുന്നത്. സിനിമയില്‍ പാർവതി ഖാനാണ് ഗാനം ആലപിച്ചത്. 'Jie mi, Jie mi' എന്ന് മാന്‍ഡരിന്‍ ഭാഷയില്‍ പറഞ്ഞാല്‍ 'എനിക്ക് ചോറ് തരൂ' എന്നാണ് അര്‍ത്ഥം. ചൈനയില്‍ മൂന്നാം തവണയും തന്‍റെ അധികാരം അരക്കിട്ട് ഉറപ്പിച്ച ഷി ജിന്‍ പിങിന്‍റെ സീറോ കൊവിഡ് നയത്തില്‍ പൊറുതിമുട്ടിയ ജനം സാമൂഹിക മാധ്യമങ്ങളില്‍ ബാപ്പി ലാഹിരിയുടെ ഗാനത്തോടൊപ്പം തങ്ങളുടെ ഒഴിഞ്ഞ പാത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിഷേധിക്കുന്നത്.
സര്‍ക്കാറിനെതിരെയുള്ള ഏതൊരു പ്രതിഷേധത്തെതും അസഹിഷ്ണുതയോട് കൂടി മാത്രമാണ് ഏകാധിപത്യ ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം കണ്ടിട്ടുള്ളത്. ഷി ജിന്‍ പിങ് മൂന്നാം തവണയും തന്‍റെ അധികാരം ഉറപ്പിക്കുന്നതിനുള്ള പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത് മുന്നേ സര്‍ക്കാറിനെതിരെ ഉയര്‍ന്ന പോസ്റ്ററുകള്‍ നിമിഷ നേരം കൊണ്ടാണ് നീക്കം ചെയ്യപ്പെട്ടത്. സര്‍ക്കാറിനെതിരെയുള്ള ചെറിയൊരു പ്രതിഷേധത്തെ പോലും കര്‍ശനമായി മാത്രമാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം നേരിട്ടിട്ടൊള്ളൂ. ശക്തമായ സര്‍ക്കാര്‍ നിരീക്ഷണങ്ങള്‍ക്കിടയിലും പ്രതികരിക്കാനുള്ള മനുഷ്യന്‍റെ അഭിവാഞ്ചയുടെ ഉദാഹരണമായി ബാപ്പി ലാഹിരിയുടെ 'ജിമ്മി ജിമ്മി' എന്ന ഗാനം ചൈനീസ് സാമൂഹ്യമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുകയാണ്.
ഇവയിൽ ഭൂരിഭാഗവും ടിക് ടോക്കിന്‍റെ മറ്റൊരു ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ഡൂയിനി'ലാണ് പുറത്തിറക്കിയിരിക്കുന്നത്. ലോക്ക്ഡൗണിനെതിരെ പ്രതിഷേധിക്കുന്ന ജനങ്ങളെ സുരക്ഷാ ഉദ്യോഗസ്ഥർ ക്രൂരമായി നേരിടുന്ന നിരവധി വീഡിയോകളാണ് ഇതിനിടെ പുറത്ത് വന്നത്. ലോകമെങ്ങും കൊവിഡ് രോഗബാധയില്‍ ക്രമാനുഗതമായ കുറവ് വന്നെങ്കിലും ലോകത്ത് ഇപ്പോഴും ലോക്ഡൗണും ക്വാറന്‍റീനും കര്‍ശനമായി പാലിക്കുന്ന ഏക രാജ്യമാണ് ചൈന. യാത്രാ നിയന്ത്രണങ്ങള്‍, നിര്‍ബന്ധിത പരിശോധന, നെഗറ്റീന് പരിശോധനകള്‍ എന്നിങ്ങനെ സീറോ കൊവിഡ് നയമാണ് ചൈന പിന്തുടരുന്നത്. എന്തായാലും ജനങ്ങളുടെ ഈ സര്‍ഗ്ഗാത്മക പ്രതിരോധത്തോട് ചൈനീസ് സര്‍ക്കാറിന്‍റെ പ്രതികരണമെന്തായിരിക്കുമെന്ന കാത്തിരിപ്പിലാണ് ലോകം. ബാപ്പി ലാഹിരിയുട ജിമ്മി ജിമ്മി എന്ന ഗാനം നേരത്തെ റഷ്യയിലും ജപ്പാനിലും ചൈനയിലും ഏറെ പ്രശസ്തമായിരുന്നു.