ആരായിരുന്നു ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ?; റോബോട്ടിനുള്ളിലെ 'കുഞ്ഞുമനുഷ്യ'നെ വെളിപ്പെടുത്തി അണിയറപ്രവർത്തകർ

By Web TeamFirst Published Jan 12, 2020, 9:50 AM IST
Highlights

മിനിസ്ക്രീലെ കോമഡി പരിപാടികളിലൂടെയും വിരളിലെണ്ണാവുന്ന ചിത്രങ്ങളിലും അഭിനയിച്ച് മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച സൂരജ് തേലക്കാടാണ് ചിത്രത്തിൽ ആൻഡ്രോയ്ഡ് കുഞ്ഞപ്പനായി വേഷമിട്ടത്. 

കഴി‍ഞ്ഞ വർഷം മലയാളി പ്രേക്ഷകരെ ഏറ്റവും കൂടുതൽ അതിശയിപ്പിച്ച ചിത്രമായിരുന്നു നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ. സിനിമയിലെ റോബോ കുഞ്ഞപ്പനായിരുന്നു പ്രേക്ഷകരെ അതിശയിപ്പിച്ചത്. ആരാണീ റോബോർ‌ട്ട്?, സിനിമയ്ക്ക് വേണ്ടി എവിടുന്നാണ് റോബോട്ടിനെ ഇറക്കുമതി ചെയ്തത്?, ആരാണിതിനെ ഉണ്ടാക്കിയത്? തുടങ്ങി നിരവധി സംശയങ്ങളായിരുന്നു സിനിമ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകന്റെയും ഉള്ളിൽ. എന്നാൽ, ഈ സംശങ്ങൾക്കെല്ലാമുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

മിനിസ്ക്രീലെ കോമഡി പരിപാടികളിലൂടെയും വിരളിലെണ്ണാവുന്ന ചിത്രങ്ങളിലും അഭിനയിച്ച് മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച സൂരജ് തേലക്കാടാണ് ചിത്രത്തിൽ ആൻഡ്രോയ്ഡ് കുഞ്ഞപ്പനായി വേഷമിട്ടത്. സ്വന്തം മുഖം കാണിക്കാതെ ഒരു ‍‍ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമ ഹിറ്റാക്കിയ സന്തോഷത്തിലാണ് സൂരജ്. അതേസമയം, സിനിമയുടെ ആസ്വാദനത്തിന് തടസ്സമാകേണ്ടാന്ന് കരുതിയാണ് ഈ വിവരം ഇതുവരെ പുറത്തുവിടാതിരുന്നതെന്നും രതീഷ് ബാലകൃഷ്ണൻ മനോരമ ഓൺലൈൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കുഞ്ഞപ്പന്റെ രണ്ടാംഭാ​ഗം ഒരുക്കാൻ പദ്ധതിയുണ്ടെന്നും എന്നാൽ അതുടനെ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയ സുരാജ് വെഞ്ഞാറമൂടും സെെജു കുറുപ്പും കഥാപാത്രത്തിനു വേണ്ടി സൂരജ് കാണിച്ച സമർപ്പണത്തെ അഭിനന്ദിച്ചു. സൂരജ് കിടുവാണെന്ന് ചിത്രത്തില്‍ വേഷമിട്ട നടി മാല പാർവ്വതിയും പ്രശംസിച്ചു. 

2019 നവംബറിലാണ് ആന്‍ഡ്രോയ്‌ഡ് കുഞ്ഞപ്പന്‍ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. സുരാജ് വെഞ്ഞാറമൂടിന് പുറമെ സൗബിൻ ഷാഹിറും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. ചാര്‍ലി, അമ്പിളി തുടങ്ങിയ സിനിമകളിലും സൂരജ് അഭിനയിച്ചിട്ടുണ്ട്.  

 

 

 

click me!