
ഏതൊരു കാര്യവും എളുപ്പം മനസിലാക്കാനും ചെയ്യാനും അത് വിജയത്തിലെത്തിക്കാനും തനിക്ക് സാധിക്കുമെന്ന് തെളിയിച്ച താരമാണ് റിമി ടോമി. പാട്ടുകാരിയെന്ന നിലയിൽ മലയാളികളിലേക്ക് നടന്നുവന്ന റിമി, അവതാരകയും അഭിനേതാവും വ്ളോഗറും തുടങ്ങി എല്ലാ മേഖലയിലും തന്റേതായ സ്ഥാനം കണ്ടെത്താൻ റിമിക്കായി. ആരാധകരെ അത്ഭുതപ്പെടുത്തിയ മേക്കോവറായിരുന്നു റിമി അടുത്ത കാലത്ത് നടത്തിയത്. ഫിറ്റ്നസിനായി തുടങ്ങിയ വ്യായാമത്തിലൂടെ ഒടുവിൽ ഭാരം കുറച്ച് മറ്റൊരു റിമിയായി താരമെത്തി. ഇതിന്റെ രഹസ്യം വര്‍ക്കൗട്ട് മാത്രമാണെന്നും തുറന്നുപറഞ്ഞു.
അതിമനോഹരമായ ഒരു ലെഹങ്കയും ബ്ലൌസുമണിഞ്ഞ് നിൽക്കുന്ന റിമിയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സുന്ദരിയായൊരു പാവക്കുട്ടിയെ പോലെയുണ്ട് റിമിയുടെ ലുക്ക് എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.
ലോക്ക്ഡൗൺ കാലത്തും വ്യായാമകാര്യങ്ങളിൽ ഏറെ ശ്രദ്ധാലുമായിരുന്നു റിമി. കൊറോണയുടെ പശ്ചാത്തലത്തിൽ ജിമ്മുകളും ഫിറ്റ്നസ് സെന്ററുകളുമെല്ലാം അടച്ചതോടെ വീട്ടിൽ വ്യായാമം ചെയ്യുന്നതിന്റെ ചിത്രങ്ങൾ റിമി പങ്കുവച്ചിരുന്നു.