സായ് പല്ലവി മലയാളത്തിലേക്ക് മടങ്ങിവരുന്നു; അതിരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

By Web TeamFirst Published Mar 16, 2019, 3:19 PM IST
Highlights

അതിരന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടി സായി പല്ലവി ഫേസ്ബുക്കിലൂടെയാണ് പുറത്തുവിട്ടത്. സായി പല്ലവിയുടെ മൂന്നാമത്തെ മലയാള ചിത്രമാണിത്.

അതിരന്‍ എന്ന ചിത്രത്തിലൂടെ മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തിലേക്ക് തിരികെ വരാനൊരുങ്ങുകയാണ് സായി പല്ലവി. വിവേക് എന്ന പുതുമുഖ സംവിധായകന്റെ ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകന്‍. ചിത്രം ഏപ്രിലില്‍ തിയറ്ററിലെത്തും. അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ്, രഞ്ജി പണിക്കര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് നല്ല സ്വീകരണമാണ് ആരാധകര്‍ക്കിടയില്‍ നിന്നും കിട്ടിയിരിക്കുന്നത്.

2015 ല്‍ പുറത്തിറങ്ങിയ പ്രേമം എന്ന ചിത്രത്തിലൂടെ അരങ്ങേറിയ സായ് പല്ലവി, കേരളത്തിലുണ്ടാക്കിയ തരംഗം അത്രവേഗം ആരും മറക്കില്ല. തൊട്ടടുത്ത വര്‍ഷം 'കലി'യിലൂടെ ദുല്‍ഖറിന്റെ നായികയായും സായി പല്ലവി തിളങ്ങി. എന്നാല്‍ പിന്നീട് തമിഴിലും തെലുങ്കിലുമൊക്കെയായിരുന്നു സായ് പല്ലവിക്ക് ഭാഗ്യം തെളിഞ്ഞത്. തമിഴില്‍ ധനുഷിനൊപ്പം തകര്‍ത്താടിയ മാരി 2 വിന് ശേഷമാണ് സായ് പല്ലവി മലയാളത്തിലേക്ക് മടങ്ങിവരുന്നത്.

തെലുങ്ക് ചിത്രങ്ങളായ ഫിദ, ഹേ പില്ലഗഡ, മിഡില്‍ ക്ലാസ് അബ്ബായി, കനം, പടി പടി ലെച്ചെ മനസു തുടങ്ങിയ ചിത്രങ്ങളെല്ലാം തെലുങ്ക് ദേശത്ത് നിന്നും മികച്ച പ്രതികരണമാണ് നേടിയത്. തമിഴില്‍ ദിയ എന്ന ചിത്രത്തിന് ശേഷം, ധനുഷിനോടൊപ്പം അഭിനയിച്ച മാരി 2 വിലൂടെ സായി പല്ലവി തെന്നിന്ത്യയിലാകെ ശ്രദ്ധിക്കപ്പെട്ടു. ധനുഷിനൊപ്പം റൗഡി ബേബി എന്ന ഗാനത്തില്‍ ത്രസിപ്പിക്കുന്ന ന്യത്തച്ചുവടുകള്‍ അവതരിപ്പിച്ച സായി പല്ലവിയെ തമിഴ്‌സിനിമാ ലോകം ഏറ്റെടുത്തു. ഗാനം ഇന്റര്‍നെറ്റില്‍ തരംഗമായിരുന്നു. 30 കോടിയിലധികം പേരാണ് ഗാനം ഇതുവരെ യുട്യൂബില്‍ കണ്ടത്.

ഏറ്റവുമൊടുവില്‍ സൂര്യ നായകനായെത്തുന്ന എന്‍.ജി.കെയിലും സായ് പല്ലവി അഭിനയിച്ചു. ചിത്രം പുറത്തിറങ്ങാനിരിക്കുന്നതേയുള്ളു. ചുരുക്കത്തില്‍ തെന്നിന്ത്യന്‍ സിനിമാലോകത്തെയാകെ ഇളക്കിമറിച്ച ശേഷമാണ് സായ് പല്ലവി വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്.

ഒരിക്കല്‍ കൂടി മലയാളത്തിലേക്ക് തിരികെയെത്താനായതില്‍ സന്തോഷമുണ്ടെന്ന അടിക്കുറിപ്പോടെയാണ് താരം ഫേസ്ബുക്കില്‍ പോസ്റ്റര്‍ പങ്കുവെച്ചത്. സായ് പല്ലവിയുടെ കരിയറിന്റെ തുടക്കമൊരുക്കി നല്‍കിയ മലയാളസിനിമയെ നന്ദിയോടെയാണ് താരം ഓര്‍ക്കുന്നത്.

അനു മൂത്തേടനാണ് 'അതിരന്റെ' ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പി.എസ് ജയഹരിയാണ് സംഗീതസംവിധാനം. തമിഴ് സംഗീതസംവിധായകന്‍ ജിബ്രാന്റേതാണ് പശ്ചാത്തലസംഗീതം. ഏപ്രിലില്‍ ചിത്രം തിയറ്ററുകളിലെത്തും.

click me!