
റേറ്റിംഗില്‍ എല്ലായിപ്പോഴും മുന്നിലെത്താറുള്ള മലയാള പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന സ്ത്രീയുടെ സംഭവബഹുലമായ അതിജീവനം പറയുന്ന പരമ്പര അഭിനേതാക്കളുടെ പ്രകടനംകൊണ്ടും, കഥയുടെ കെട്ടുറപ്പുകൊണ്ടും മികച്ചതായി മറുകയാണ്. തന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളിക്ക് സുപരിചിതയായ മീരാ വാസുദേവ് നായികയായെത്തുന്ന പരമ്പരയില്‍ വില്ലത്തിയായെത്തുന്നത് ശരണ്യ ആനന്ദാണ്. ആകാശഗംഗ രണ്ടില്‍ യക്ഷിയായെത്തി മലയാളികളുടെ മനം കവര്‍ന്ന ശേഷമാണ് ശരണ്യ പരമ്പരയിലേക്കെത്തിയത്.
തമിഴ് സിനിമകളിലൂടെയാണ് ശരണ്യ അഭിനയലോകത്തേക്ക് എത്തിയതെങ്കിലും മാമാങ്കം, ആകാശമിഠായി, 1971, അച്ചായന്‍സ്, ചങ്ക്സ്, ആകാശഗംഗ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. പത്തനംതിട്ടക്കാരിയായ ശരണ്യ ജനിച്ചതും വളര്‍ന്നതുമെല്ലാം ഗുജറാത്തിലായിരുന്നു. നഴ്‌സായ ശരണ്യ, ആമേന്‍ അടക്കമുള്ള നാലോളം ചിത്രങ്ങളില്‍ അസിസ്റ്റന്റ് കൊറിയോഗ്രാഫറായിരുന്നു. കഴിഞ്ഞദിവസം ഏഷ്യാനെറ്റ് ഇന്‍സ്റ്റഗ്രാം പേജിലെ ഡിന്നര്‍ ടോക്കിലൂടെയാണ് ശരണ്യ ആരാധകരുമായി സംസാരിച്ചത്. മലയാളിയാണെങ്കിലും വളര്‍ന്നതും പഠിച്ചതുമെല്ലാം കേരളത്തിന് പുറത്തായതിനാല്‍ ചോദ്യങ്ങളെല്ലാം മംഗ്ലീഷില്‍ അയക്കണമെന്ന് അഭ്യര്‍ത്ഥിച്ചാണ് ശരണ്യ ലൈവിലെത്തിയത്.
വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ പിറന്നാളാഘോഷത്തിനായി ഷൂട്ടില് നിന്നും ചെറിയൊരു ബ്രേക്കെടുത്ത് മഹാരാഷ്ട്രയിലാണുള്ളതെന്നും, അടുത്ത ദിവസംതന്നെ കേരളത്തിലേക്ക് എത്തുമെന്നും ശരണ്യ പറയുന്നുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ശരണ്യയുടെ ഭര്‍ത്താവ് മനേഷിന്‌റെ പിറന്നാള്‍. സെറ്റില്‍ ആരെയാണ് കൂടുതല്‍ ഇഷ്ടമെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്. ഷൂട്ടില്‍ അധിക സമയവും സിദ്ധാര്‍ത്ഥായി വേഷമിടുന്ന കൃഷ്ണകുമാറിനൊപ്പമായതിനാല്‍ അദ്ദേഹവുമായി നല്ല അടുപ്പമാണെന്നും, മറ്റുള്ളവരായിട്ട് അധികം സമയം ചിലവിടാറില്ലെങ്കിലും എല്ലാവരേയും ഇഷ്ടമാണെന്നുമാണ് ശരണ്യ പറയുന്നത്. കൂടാതെ സെറ്റിലെ വായടികളായ അമൃതയേയും ആതിരയേയും നൂബിനേയുമെല്ലാം വളരെ ഇഷ്ടമാണെന്നും താരം പറയുന്നുണ്ട്.
വേദിക വല്ലാത്തൊരു വില്ലത്തിയാണല്ലോയെന്ന കമന്റിന്, താങ്ക്യുവെന്ന് പറഞ്ഞാണ് ശരണ്യ തുടങ്ങിയത്. വേദിക എന്തൊരു വില്ലത്തിയാണ്, എന്തൊരു ദുഷ്ടയാണ് എന്നെല്ലാം കേള്‍ക്കുമ്പോള്‍ സ്‌ന്തോഷമാണെന്നും, അത്തരത്തിലുള്ള കമന്റുകള്‍ പുരസ്‌ക്കാരം എന്നതുപോലെയാണ് തോനുന്നതെന്നുമാണ് ശരണ്യ പറയുന്നത്. ജീവിതത്തില്‍ വേദികയുടെ സ്വഭാവവുമായി യാതൊരു ബന്ധമില്ലെന്നും, കഥാപാത്രത്തെ താന്‍ ആസ്വദിച്ച് ചെയ്യുന്നത് പ്രേക്ഷകര്‍ സ്വീകരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷമെന്നും, സത്യസന്ധമായി പറയുകയാണെങ്കില്‍ സുമിത്രയോട് വേദിക ചെയ്യുന്നതോര്‍ത്ത് ശരണ്യയ്ക്ക് നല്ല സങ്കടമുണ്ടെന്നും താരം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona