
മിനിസ്ക്രീനീൽ നിന്ന് താൽക്കാലികമായി മാറിനിന്നിട്ടും മലയാളികൾ അത്രയെളുപ്പം മറക്കാത്ത നടനാണ് സൂരജ് സൺ (Sooraj Sun). സൂപ്പർഹിറ്റ് ഏഷ്യാനെറ്റ് പരമ്പരകളിൽ ഒന്നായ 'പാടാത്ത പൈങ്കിളി' (Padatha painkily)യിലൂടെയാണ് സൂരജ് പ്രേക്ഷകപ്രീതി നേടിയത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. സോഷ്യൽ മീഡിയയിലെ വിവിധ പ്ലാറ്റ്ഫോമുകളിലായി വലിയ ആരാധകരെയാണ് താരം സ്വന്തമാക്കിയത്. മികച്ച തിരിച്ചുവരവിന് ഒരുങ്ങുകയുമാണ് സൂരജിപ്പോൾ. ലൊക്കേഷൻ വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.
തന്റെ സിനിമയിലേക്കുള്ള യാത്രയെ കുറിച്ച എന്നും ആകാംക്ഷയോടെ സംസാരിച്ചിരുന്ന സൂരജ് ഒടുവിൽ ഒരു സിനിമയിൽ നായക വേഷത്തിൽ എത്തുകയാണ്. 'ആറാട്ടുമുണ്ടൻ' എന്ന ചിത്രത്തിലാണ് താരത്തിന്റെ അരങ്ങേറ്റം. നേരത്തെ 'ഹൃദയ'ത്തിൽ കിട്ടിയ ചെറിയ വേഷം വലിയ ആത്മവിശ്വാസമാണ് നൽകുന്നതെന്നും താൻ ആദ്യം അഭിനയിച്ച സീരയൽ തന്നെയാണ് തന്നെ താനാക്കി മാറ്റിയതെന്നും ഹൃദയസ്‍പർശിയായ കുറിപ്പിൽ സൂരജ് പറയുന്നു.
സൂരജിന്റെ കുറിപ്പിങ്ങനെ..
എല്ലാവർക്കും നമസ്‍കാരം. ഈ എന്നെ ഞാൻ ആക്കി മാറ്റിയത് ഏഷ്യാനെറ്റിൽ, മേരിലാൻഡ് പ്രൊഡക്ഷൻ സിന്റെ സുധീഷ് ശങ്കർ സാർ ഡയറക്ട് ചെയ്‍ത പാടാത്ത പൈങ്കിളി എന്ന സീരിയൽ തന്നെയാണ്.. അഹങ്കാരത്തോടെ ആത്മവിശ്വാസത്തോടെ അഭിമാനത്തോടെ ഞാൻ പറയുന്നു ഞാൻ സീരിയൽ നിന്ന് സിനിമയിലേക്ക് വന്നവൻ തന്നെയാണ്..
സിനിമയിൽ അഭിനയിക്കാൻ പോയ സമയത്ത് പോലും പല കഥാപാത്രങ്ങൾ പോലും മാറിമറിഞ്ഞത് ഈ ഒരു കാരണങ്ങൾ കൊണ്ട് മാത്രം.. ഈ സീരിയൽ നടന്റെ മോന്ത കണ്ടാൽ സിനിമാ തിയേറ്ററുകളിൽ ആര് കേറും.. ഗുണവും ദോഷവും പോലെ , നല്ലതും ചീത്തയും പോലെ, നല്ല മനസ്സുള്ള വരും ഉണ്ട്. ആക്ഷേപിച്ച് എപ്പോഴും കളിയാക്കിയപ്പോഴും.. മുകളിൽ ഒരാളുണ്ട് എന്നത് യാഥാർഥ്യമായത് പോലെ രണ്ടു കൈയും നീട്ടി എന്നെ 'ആറാട്ടുമുണ്ടൻ' എന്ന സിനിമയിൽ നായകനായി തിരഞ്ഞെടുത്തവർ..
ബാനർ- എഎം മൂവീസ്, പ്രൊഡ്യൂസർ- എംഡി സിബിലാൽ, കെപി രാജ് വക്കയിൽ, സംവിധാനം, ബിജു കൃഷ്‍ണൻ. കഥ- രാജേഷ് ഇല്ലത്ത്. അവസരങ്ങൾ കിട്ടിയാൽ അല്ലേ അഭിനയിച്ചു ഫലിപ്പിക്കാൻ സാധിക്കൂ. അതെ എനിക്ക് ഒരു അവസരം തന്നു. എന്നിൽ വിശ്വാസം വെച്ച് നഷ്‍ടങ്ങളും ലാഭങ്ങൾ നോക്കാതെ എന്നിൽ ആറാട്ട് മുണ്ടൻ, എന്ന മുരളി എന്ന കഥാപാത്രത്തെ ഏൽപ്പിച്ചു. ദൈവതുല്യം എന്നല്ലേ എനിക്കവരെ പറയാൻ പറ്റൂ.
അഭിനയത്തിൽ മുൻപരിചയം എന്നത് 'ആ പാടാത്ത പൈങ്കിളി' സീരിയൽ തന്നെയാണ് അറിവും വിവേകവും വെച്ച് ഞാൻ ശ്രമിക്കുകയാണ് തെറ്റിനെ കണ്ടെത്താനോ തിരുത്താനോ എനിക്കിപ്പോൾ സാധിക്കില്ല ഇതെനിക്ക് അവസരമാണ് എന്റെ കഴിവിനെ പരമാവധി എനിക്ക് ചെയ്തേ പറ്റൂ മനസ്സും ശരീരവും ആറാട്ടുമുണ്ടനിൽ അർപ്പിക്കുകയാണ്. സിനിമയിലെ തുടക്കം വിനീത് ഏട്ടന്റെ ഹൃദയം സിനിമ അതൊരു നല്ല രാശിയായി എനിക്കിപ്പോൾ തോന്നുന്നു. നിങ്ങളാണ് എന്നെ വളർത്തിയത് എന്റെ വളർച്ചയിൽ നിങ്ങളുടെ സമയം ചെലവഴിച്ചത് ചെറുതൊന്നുമല്ല എനിക്കുവേണ്ടി സംസാരിക്കാനും വിജയ പരാജയങ്ങളിൽ താങ്ങായും തണലായും നിങ്ങൾ ഉണ്ടായിരുന്നു ഇനിയും ഉണ്ടാവണം. നിങ്ങളുടെ സ്വന്തം സൂരജ് സൺ.