'അവസാനം ഭക്ഷണത്തിന് പകരം പ്രോട്ടീന്‍ ഷെയ്ക്കുകളെ ആശ്രയിക്കുന്ന ഘട്ടമെത്തി'; അനുഭവം പറഞ്ഞ് സീരിയല്‍ താരം

Published : Nov 23, 2019, 07:54 PM IST
'അവസാനം ഭക്ഷണത്തിന് പകരം പ്രോട്ടീന്‍ ഷെയ്ക്കുകളെ ആശ്രയിക്കുന്ന ഘട്ടമെത്തി'; അനുഭവം പറഞ്ഞ് സീരിയല്‍ താരം

Synopsis

'ഭക്ഷണനിയന്ത്രണത്തിലാണ് ആദ്യം ശ്രദ്ധിച്ചത്. അത്തരം ചിട്ടകള്‍ പിന്നീട് ഭ്രാന്തമായ ചര്യകളായി മാറി. ഉച്ചയ്ക്കും രാത്രിയിലും സാധാരണ ഭക്ഷണം ഒഴിവാക്കി പ്രോട്ടീന്‍ ഷെയ്ക്കുകള്‍ മാത്രം കഴിക്കാന്‍ തുടങ്ങുന്ന അവസ്ഥ വരെയെത്തി.'

സൗന്ദര്യ സംരക്ഷണം എന്നത് സിനിമ, ടെലിവിഷന്‍ താരങ്ങളെ സംബന്ധിച്ച് അവരുടെ തൊഴിലുമായിക്കൂടി ബന്ധപ്പെട്ട കാര്യമാണ്. ചില കഥാപാത്രങ്ങള്‍ക്കായുള്ള മേക്കോവറുകളുടെ ഭാഗമായി പലപ്പോഴും ശരീരഭാരം ക്രമീകരിക്കേണ്ടതായും വരാറുണ്ട് അവര്‍ക്ക്. എന്നാല്‍ സൗന്ദര്യസംരക്ഷണത്തിന്റെ ഭാഗമായി സ്വീകരിക്കുന്ന ഭക്ഷണ നിയന്ത്രണം ഒരു പരിധി വിട്ട് പിന്തുടര്‍ന്നാല്‍ ഗുരുതരമായ ഭവിഷ്യത്തുകള്‍ നേരിടേണ്ടിവന്നേക്കാമെന്ന് പറയുകയാണ് ഹിന്ദി സീരിയല്‍ താരം നിയ ശര്‍മ്മ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അത്തരം കാര്യങ്ങളില്‍ വ്യക്തിപരമായി തനിക്കുണ്ടായ തിരിച്ചറിവുകളെക്കുറിച്ചു പറയുകയാണ് നിയ.

ശരീരഭാരത്തെയും സൗന്ദര്യത്തെയും കുറിച്ചുള്ള നിത്യേനയുള്ള ചിന്ത തനിക്ക് ഒരു ഘട്ടത്തില്‍ ആകുലതയായി മാറിയെന്ന് പറയുന്നു നിയ. 'കഠിനമായ ഭക്ഷണനിയന്ത്രണങ്ങള്‍ അവസാനം എന്നെ ഈറ്റിംഗ് ഡിസോഡര്‍ എന്ന അവസ്ഥയില്‍ എത്തിക്കുകയായിരുന്നു. ഭാരം കുറയ്ക്കാനും അഴക് വര്‍ധിപ്പിക്കാനും ഒരുതരത്തില്‍ പട്ടിണി കിടക്കുക തന്നെയായിരുന്നു ആദ്യഘട്ടത്തില്‍. ഭക്ഷണനിയന്ത്രണത്തിലാണ് ആദ്യം ശ്രദ്ധിച്ചത്. അത്തരം ചിട്ടകള്‍ പിന്നീട് ഭ്രാന്തമായ ചര്യകളായി മാറി. ഉച്ചയ്ക്കും രാത്രിയിലും സാധാരണ ഭക്ഷണം ഒഴിവാക്കി പ്രോട്ടീന്‍ ഷെയ്ക്കുകള്‍ മാത്രം കഴിക്കാന്‍ തുടങ്ങുന്ന അവസ്ഥ വരെയെത്തി. എന്നാല്‍ ഒരു ഘട്ടത്തില്‍ ഭക്ഷണത്തില്‍ പുലര്‍ത്തിയിരുന്ന എല്ലാത്തരം നിയന്ത്രണങ്ങളും നഷ്ടപ്പെട്ട് കണ്ണില്‍ കണ്ടതെല്ലാം വാരിവലിച്ച് കഴിക്കുന്ന അവസ്ഥയില്‍ എത്തിയെന്നും നിയ പറയുന്നു.

'ഭക്ഷണത്തോടുള്ള ആസക്തി കൂടി വരുന്നത് എനിക്ക് മനസിലായി. ആ ഘട്ടത്തില്‍ ജങ്ക് ഫുഡിനൊന്നും ഒരു തരത്തിലുള്ള നിയന്ത്രണവുമില്ലായിരുന്നു. പ്രശ്‌നത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഒടുവില്‍ എന്റെ സുഹൃത്തുക്കള്‍ തിരിച്ചറിയുകയായിരുന്നു. കുറ്റബോധം കൊണ്ട് മാനസികമായി തളര്‍ന്ന എന്നെ അടുത്ത സുഹൃത്തുക്കളായ രവി ഡുബോയും അര്‍ജുന്‍ ബിജ്‌ലാനിയും ചേര്‍ന്നാണ് തിരികെ കൊണ്ടുവന്നത്. ശരീരത്തിന് ചേരാത്ത ഭക്ഷണശൈലയില്‍ നിന്ന് അവരെന്നെ കരകയറ്റി.' സൗന്ദര്യ സംരക്ഷണത്തിന്റെ പേരില്‍ താന്‍ നേരിട്ട ഈ ദുരനുഭവം മറ്റാര്‍ക്കും സംഭവിക്കരുതെന്ന ആഗ്രഹത്തിലാണ് ഈ തുറന്നുപറച്ചിലെന്നും നിയ പറയുന്നു. 

PREV
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്