"എന്റെ 'റികാല്‍സിട്രന്‍സ്' ക്ഷമിക്കൂ"; സ്റ്റാന്‍ഡ് അപ്പ് കോമഡിയിലും കടുകട്ടി വാക്കുപയോഗിച്ച് ശശി തരൂര്‍

By Web TeamFirst Published Nov 13, 2019, 8:31 PM IST
Highlights

തനിക്ക് എല്ലാവരെയും പോലെ ഒരു സാധാരണ ബാല്യമാണ് ഉണ്ടായിരുന്നതെന്നും അതിഥികള്‍ വരുമ്പോള്‍ അവരെ ഇംഗ്ലീഷ് പറഞ്ഞ് കേള്‍പ്പിക്കാന്‍ പറഞ്ഞ് അച്ഛനമ്മമാര്‍ അലോസരമുണ്ടാക്കാറുണ്ടായിരുന്നെന്നും ട്രെയ്‌ലറില്‍ തരൂര്‍ പറയുന്നു. 'ശശീ, അങ്കിളിനെ ഒന്ന് ഇംഗ്ലീഷ് പറഞ്ഞ് കേള്‍പ്പിച്ചേ എന്ന് പലപ്പോഴും അവര്‍ പറയുമായിരുന്നു.'
 

സ്റ്റാന്‍ഡ് അപ്പ് കോമഡി അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഒടിടി പ്ലാറ്റ്‌ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയുടെ സ്റ്റാന്‍ഡ് അപ്പ് കോമഡി സിരീസിലാണ് ശശി തരൂരും ഭാഗഭാക്കാവുന്നത്. 'വണ്‍ മൈക്ക് സ്റ്റാന്‍ഡ്' എന്നാണ് സിരീസിന്റെ പേര്. അഞ്ച് എപ്പിസോഡുകളുള്ള സിരീസിന്റെ പ്രീമിയര്‍ പ്രദര്‍ശനം ഈ വെള്ളിയാഴ്ചയാണ് (15). 

ശശി തരൂരിനെക്കൂടാതെ ബോളിവുഡ് നടിമാരായ തപ്‌സി പന്നു, റിച്ച ഛദ്ദ, പാട്ടുകാരനും സംഗീത സംവിധായകനുമായ വിശാല്‍ ദദ്‌ലാനി, യുട്യൂബ് ക്രിയേറ്റര്‍ ഭുവന്‍ ബാം എന്നിവരാണ് ഷോയില്‍ പങ്കെടുക്കുന്നത്. കൊമേഡിയന്‍ സപന്‍ വര്‍മ്മയാണ് ഷോ സംവിധാനം ചെയ്തിരിക്കുന്നതും അവതാരകനാവുന്നതും. മറ്റ് മേഖലകളില്‍ നിന്നെത്തിയ അഞ്ച് പ്രശസ്തരെ പരിപാടിക്കുവേണ്ടി തയ്യാറെടുപ്പിക്കാന്‍ സപന്‍ വര്‍മ്മ തന്റെ സുഹൃത്തുക്കളായ കൊമേഡിയന്മാരുടെ സഹായവും തേടിയിരുന്നു.

ശശി തരൂരും തപ്‌സി പന്നുവും ഉള്‍പ്പെടെ അഞ്ച് പേരുടെയും ഭാഗങ്ങള്‍ ചേര്‍ന്ന ട്രെയ്‌ലര്‍ ആമസോണ്‍ പ്രൈം ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ശശി തരൂര്‍ അവതരിപ്പിച്ച സ്റ്റാന്‍ഡ് അപ്പ് കോമഡിയില്‍ നിന്നും ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറും അവര്‍ പുറത്തുവിട്ടിരിക്കുകയാണ്. നിരന്തരം വാര്‍ത്തകളില്‍ വരാറുള്ള തന്റെ ഇംഗ്ലീഷ് പ്രാവീണ്യത്തെക്കുറിച്ചാണ് പുറത്തെത്തിയ ട്രെയ്‌ലറില്‍ തരൂര്‍ തമാശ പറയുന്നത്. 

തനിക്ക് എല്ലാവരെയും പോലെ ഒരു സാധാരണ ബാല്യമാണ് ഉണ്ടായിരുന്നതെന്നും അതിഥികള്‍ വരുമ്പോള്‍ അവരെ ഇംഗ്ലീഷ് പറഞ്ഞ് കേള്‍പ്പിക്കാന്‍ പറഞ്ഞ് അച്ഛനമ്മമാര്‍ അലോസരമുണ്ടാക്കാറുണ്ടായിരുന്നെന്നും ട്രെയ്‌ലറില്‍ തരൂര്‍ പറയുന്നു. 'ശശീ, അങ്കിളിനെ ഒന്ന് ഇംഗ്ലീഷ് പറഞ്ഞ് കേള്‍പ്പിച്ചേ എന്ന് പലപ്പോഴും അവര്‍ പറയുമായിരുന്നു. അതിനുള്ള എന്റെ മറുപടി ഇങ്ങനെയായിരുന്നു, അച്ഛാ, പ്ലീസ്.. ഇത് പ്രോത്സാഹിപ്പിക്കാന്‍ എനിക്ക് കഴിയില്ല. എന്റെ recalcitrance ക്ഷമിക്കണം', സദസ്സിലെ കൈയടികള്‍ക്കും പൊട്ടിച്ചിരികള്‍ക്കുമിടയില്‍ തരൂര്‍ പറയുന്നു. തന്റെ ഇംഗ്ലീഷ് ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതിന് ശേഷം എന്ത് പറഞ്ഞാലും അത് താന്‍ ഉദ്ദേശിക്കുന്നതിനേക്കാള്‍ സങ്കീര്‍ണമാണെന്ന് മറ്റുള്ളവര്‍ കണക്കാക്കിത്തുടങ്ങിയെന്നും അദ്ദേഹം പറയുന്നു. 'ഉദാഹരണത്തിന് ഇന്ന് ഉച്ചഭക്ഷണം കഴിക്കാന്‍ ഹോട്ടലിലെത്തിയപ്പോള്‍ ഞാന്‍ ചോദിച്ചു, എനിക്ക് സീസര്‍ സാലഡ് കിട്ടുമോ എന്ന്.. അപ്പോള്‍ അവിടെയുള്ള സ്ത്രീയുടെ പ്രതികരണം ഇങ്ങനെയായിരുന്നു, 'ഓ ശശി, എപ്പോഴും ഷേക്‌സ്പിയറിനെ ഉദ്ധരിച്ചുകൊണ്ടിരിക്കുന്നു...' അതേസമയം എനിക്കിതുവരെ ഓര്‍ഡര്‍ ചെയ്ത സലാഡ് കിട്ടിയിട്ടുമില്ല', പൊട്ടിച്ചിരികള്‍ക്കിടയില്‍ തരൂര്‍ പറഞ്ഞ് നിര്‍ത്തുന്നു. (ശശി തരൂര്‍ ഉപയോഗിച്ച റികാല്‍സിട്രന്‍സ് (recalctirance) എന്ന വാക്കിന്റെ അര്‍ഥം ഇങ്ങനെ- അധികാരത്തെയോ നിയന്ത്രണത്തെയോ പ്രതിരോധിക്കുന്നത്, അനുസരണ ഇല്ലാത്തത്, ഇടപെടാനോ നിയന്ത്രിക്കാനോ ഉപയോഗിക്കാനോ ബുദ്ധിമുട്ടുള്ളത്)

click me!