ഒരിക്കല്‍ പോലും കോസ്റ്റ്യൂം ട്രയലിനായി ഞാന്‍ പോയിട്ടില്ല; ‘അയ്യാലു ഗാരു’വിന്റെ ഓര്‍മ്മയില്‍ ശോഭന

By Web TeamFirst Published Jul 12, 2021, 10:58 AM IST
Highlights

നടിയും നര്‍ത്തകിയുമായ വൈജയന്തി മാലയുടെ പേര്‍സണല്‍ കോസ്റ്റ്യൂമര്‍ ആയി തുടങ്ങിയ ആളാണ് ഡി എസ് അയ്യേലു.

നൃത്തവും അഭിനയവും കൊണ്ട് മലയാളത്തിന്റെ ഏക്കാലത്തേയും പ്രിയപ്പെട്ട അഭിനേത്രിയെന്ന ഖ്യാതി സ്വന്തമാക്കിയ താരമാണ് ശോഭന. ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലെങ്കിലും മലയാളി പ്രേക്ഷകർക്ക് ശോഭനയോടുളള ഇഷ്ടം കുറയുന്നില്ല. അടുത്തിടെയാണ് താരം സമൂഹമാധ്യമങ്ങളിൽ സജീവമായി തുടങ്ങിയത്. സോഷ്യൽ മീഡിയ വഴി താര തന്റെ സിനിമ വിശേഷങ്ങളും നൃത്തവിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. 

വര്‍ഷങ്ങളായി തന്‍റെ നൃത്ത പരിപാടികൾക്ക് വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചിരുന്ന ‘അയ്യേലു ഗാരു’വിനെ ഓർത്തു കൊണ്ടുള്ള കുറിപ്പാണ് താരം പങ്കുവച്ചത്.

ശോഭനയുടെ വാക്കുകൾ

‘ചിത്രത്തില്‍ കാണുന്ന കോസ്റ്റ്യൂം തയ്ച്ചത് ഒരു മാസ്റ്റര്‍ ആണ് – ഞാന്‍ ‘അയ്യാലു ഗാരു’ എന്ന് വിളിച്ചിരുന്ന ആള്‍. തെയ്നാംപേട്ടിലെ തന്‍റെ ചെറിയ കടയില്‍ നിന്നും വരാന്‍ വിസമ്മതിച്ച ‘മാസ്റ്റര്‍ ടെയിലര്‍.’ ചമ്രം പടിഞ്ഞു ഇരിക്കുന്നതിന്റെ ശാരീരിക ബുദ്ധിമുട്ടുകള്‍ സഹിക്കാന്‍ പറ്റാതെ വന്നപ്പോള്‍ അദ്ദേഹത്തിനു ഇരിക്കാന്‍ നിലത്ത് വട്ടത്തില്‍ മുറിച്ച് ഒരു ‘ഹോള്‍’ ഉണ്ടാക്കേണ്ടി വന്നു. കാരണം സ്റ്റൂളില്‍ ഇരുന്നു പണിയെടുക്കില്ലെന്ന് അദ്ദേഹം തീര്‍ത്തു പറഞ്ഞു.

ഒരിക്കല്‍ പോലും ‘കോസ്റ്റ്യൂം ട്രയലി’നായി ഞാന്‍ പോയിട്ടില്ല. ഇടവേള കഴിഞ്ഞു ധരിക്കേണ്ട വേഷം ഇടവേള സമയത്ത് വന്നെത്തിയ ചില സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്. പക്ഷേ ഒരിക്കലും കോസ്റ്റ്യൂം വൈകുകയോ പാകമാവാതെ വരുകയോ ഉണ്ടായിട്ടില്ല. ‘നീ തടി വച്ചിട്ട് എന്നെ പറയരുത്’ എന്ന് ഞാന്‍ ഓരോ തവണ ഓര്‍ഡര്‍ കൊടുക്കുമ്പോഴും അദ്ദേഹം എനിക്ക് മുന്നറിയിപ്പ് തരുമായിരുന്നു. ഞാന്‍ വണ്ണം വയ്ക്കുമായിരുന്നു താനും.’

നടിയും നര്‍ത്തകിയുമായ വൈജയന്തി മാലയുടെ പേര്‍സണല്‍ കോസ്റ്റ്യൂമര്‍ ആയി തുടങ്ങിയ ആളാണ് ഡി എസ് അയ്യേലു. ശേഷം അ​ദ്ദേഹം അയ്യേലു ഡാന്‍സ് കോസ്റ്റ്യൂം ഡിസൈനര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം തുടങ്ങി. അദ്ദേഹത്തിന്റെ മരണ ശേഷം മക്കളാണ് ഇപ്പോള്‍ ഇത് നടത്തുന്നത്.

സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് ശോഭന ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ, കെ.പി.എ.സി ലളിത, സുരേഷ് ഗോപി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!