'ശങ്കരനെ ചേര്‍ത്തുപിടിച്ച് ശിവന്‍, കഥയറിയാതെ അഞ്ജലി' : സാന്ത്വനം റിവ്യു

By Web TeamFirst Published Oct 17, 2021, 4:43 PM IST
Highlights

വലിയൊരു പിണക്കത്തിന് ശേഷമുള്ള മനോഹരമായ പ്രണയത്തിലൂടെയായിരുന്നു ശിവാഞ്ജലി മുന്നോട്ട് പോയിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി പരമ്പര വലിയൊരു ട്വിസ്റ്റ് നേരിടുകയാണ്.

കൂട്ടുകുടുംബത്തിലെ മനോഹരമായ നിമിഷങ്ങളും, ദാമ്പത്യജീവിതത്തിലെ മനോഹരമായ പ്രണയവും മലയാളിക്ക് മുന്നിലെത്തിക്കുന്ന പരമ്പരയാണ് സാന്ത്വനം (Santhwanam). സഹോദരന്മാരുടെ സ്നേഹവും അവരുടെ കുടുംബവുമെല്ലാമാണ് പരമ്പര(serial) പറയുന്നത്. എന്നാല്‍ പലപ്പോഴായി പരമ്പര നേരിട്ട വിമര്‍ശനം കഥ ഒരു വീട്ടില്‍ത്തന്നെ ഒതുങ്ങിപ്പോകുന്നു എന്നതാണ്. വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോഴും റേറ്റിംഗില്‍ പരമ്പര മുന്നില്‍ തന്നെയായിരുന്നു. എല്ലാ താരങ്ങള്‍ക്കും ഒരുപോലെതന്നെ പ്രാധാന്യമുള്ള പരമ്പരയില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങള്‍ ശിവനും (Sivan) അഞ്ജലിയുമാണ് (Anjali). അവരുടെ പ്രണയ നിമിഷങ്ങളും, ഇണക്ക പിണക്കങ്ങളുമാണ് പരമ്പരയെ വേറിട്ട് നിര്‍ത്തുന്നത്.

വലിയൊരു പിണക്കത്തിന് ശേഷമുള്ള മനോഹരമായ പ്രണയത്തിലൂടെയായിരുന്നു ശിവാഞ്ജലി മുന്നോട്ട് പോയിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി പരമ്പര വലിയൊരു ട്വിസ്റ്റ് നേരിടുകയാണ്. അഞ്ജലിയുടെ അച്ഛന്‍ ശങ്കരനും അമ്മ സാവിത്രിയും വീട് നഷ്ടമായി പുറത്തേക്ക് ഇറങ്ങേണ്ടി വന്നിരിക്കുകയാണ്. സാന്ത്വനം വീട്ടിലെ ശിവന്റെ ഏട്ടത്തിയമ്മയായ അപര്‍ണയുടെ അച്ഛന്‍ തമ്പിയാണ് കിട്ടാനുള്ള കടത്തിന്റെ പേരില്‍ ഈ കടുംങ്കൈ ചെയ്തിരിക്കുന്നത്. അഞ്ജലിയുടെ വിവാഹത്തിനും മറ്റുമായി വാങ്ങിയ കടമാണ് പെരുകി നിലവിലെ സാഹചര്യത്തിലേക്കെത്തിയിട്ടുള്ളത്. അഞ്ജലിയുടെ അമ്മായിയായ ജയന്തിയുടെ ചില കുരുട്ട് ബുദ്ധികളാണ് തമ്പിയെ പെട്ടന്ന് ദേഷ്യം പിടിപ്പിച്ചത്.

ശങ്കരന്റെ അവസ്ഥ ബന്ധുക്കളും മറ്റും അറിയാതിരിക്കാനായി ശിവന്‍ ശങ്കരനെ ഒളിച്ച് പാര്‍പ്പിച്ചിരിക്കുകയാണ്. ഒരു കൂട്ടുകാരനു വേണ്ടി എന്നുപറഞ്ഞാണ് ശങ്കരന് കൊടുക്കാനായി ശിവന്‍ അഞ്ജലിയോട് പൊതിച്ചോര്‍ ചോദിക്കുന്നത്. അതുപോലെതന്നെ കൂട്ടുകാരന്‍ വല്ലാത്ത സാമ്പത്തിക പ്രശ്നത്തിലാണെന്നും അവന് കൊടുക്കാനായി അഞ്ജലിയുടെ സ്വര്‍ണ്ണം തരുമോയെന്നും ശിവന്‍ ചോദിക്കുന്നുണ്ട്. ഇതുപോലൊരു മരുമകനെ കിട്ടാനായി ശങ്കരന്‍ പുണ്യം ചെയ്‌തെന്നാണ് ഇക്കാര്യത്തില്‍ ആരാധകര്‍ പറയുന്നത്.

തമ്പിയുടെ മകളായ അപര്‍ണ ശിവന്റെ ഏട്ടനായ ഹരിയുടെ ഭാര്യയാണ്. ഹരിയുമായുള്ള അപര്‍ണയുടെ വിവാഹത്തിന് തമ്പിക്ക് വലിയ ഇഷ്ടമൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വിവാഹശേഷം അപര്‍ണയുമായി തമ്പിക്ക് നല്ല ബന്ധവുമല്ല. എന്നാല്‍ അപര്‍ണ ഗര്‍ഭിണിയായ സന്തോഷത്തില്‍ അച്ഛന്‍ തന്നെ വീട്ടിലേക്ക് വിളിക്കും എന്ന ധാരണയിലാണ് അപര്‍ണ ഇരിക്കുന്നത്. നിലവിലെ പരമ്പരയിലെ സാഹചര്യത്തോടെ, അപര്‍ണയും അച്ഛനും തമ്മിലുള്ള ബന്ധം വീണ്ടും വളഷാകാനുള്ള സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ വരും എപ്പിസോഡുകള്‍ നിര്‍ണ്ണായകമാണ്.

Last Updated Oct 17, 2021, 4:43 PM IST