
ദുബായ്: ബോളിവുഡ് നടൻ സാഹിൽ ഖാനും അർമേനിയന്‍ സ്വദേശിയായ കാമുകി മിലേന അലക്‌സാന്ദ്രയും ഫെബ്രുവരി 14 ന് ദുബായിൽ വച്ച് വിവാഹിതരായി. വിവാഹ ചടങ്ങില്‍ നിന്നുള്ള ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ സാഹിൽ ഖാന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പക്ഷേ നവദമ്പതികൾ തമ്മിലുള്ള 26 വയസ്സിന്‍റെ വ്യത്യാസം നിരവധി നെറ്റിസൺമാര്‍ ചര്‍ച്ചയാക്കിയിരുന്നു. ഇപ്പോഴിതാ വിവാഹത്തിന് ശേഷമുള്ള തന്‍റെ ആദ്യ അഭിമുഖത്തിൽ ഭാര്യയുമായുള്ള തന്‍റെ പ്രായവ്യത്യാസത്തെ ന്യായീകരിച്ച് സാഹിൽ രംഗത്ത് എത്തിയിരിക്കുകയാണ്.
ബോംബെ ടൈംസിന് നൽകിയ അഭിമുഖത്തിൽ "പ്രണയത്തെ പ്രായത്തിനനുസരിച്ച് നിർവചിക്കാനാകില്ലെന്നാണ്" താരം പറയുന്നത്. എന്‍റെ ജീവതം തന്നെ അതിന്‍റെ പ്രതിഫലനമാണെന്നും സാഹിൽ പറഞ്ഞു. ജീവിതത്തില്‍ മികച്ച ബന്ധങ്ങള്‍ ഉണ്ടാക്കലും, തമ്മിലുള്ള മനസിലാക്കലും എല്ലാം ചേര്‍ന്നതാണ് സ്നേഹമെന്നും താരം പറഞ്ഞു. അതേ വിശ്വാസം തന്നെയാണ് തനിക്കും എന്ന് സാഹിൽ ഖാന്‍റെ ഭാര്യ മിലേനയും പറയുന്നു.
താൻ ആദ്യമായി മിലേനയെ കണ്ടുമുട്ടിയപ്പോൾ അവൾക്ക് 21 വയസ്സായിരുന്നുവെന്നും, കണ്ടപ്പോള്‍ തന്നെ സ്നേഹം തോന്നിയെന്നും സാഹില്‍ പറയുന്നു. ഒരു കഫേയിൽ സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കുമ്പോൾ, മെലീന അമ്മയോടൊപ്പം അത്താഴം കഴിക്കുന്നത് ശ്രദ്ധിച്ചുവെന്ന് താരം പറയുന്നു.
മോഡലിംഗ് അവസരവുമായി താരം അവളെ സമീപിച്ചെങ്കിലും താൽപ്പര്യമില്ലെന്ന് പറഞ്ഞ് അവൾ അത് നിരസിച്ചു. വിവാഹം കഴിക്കാനും കുടുംബം കെട്ടിപ്പടുക്കാനും കുട്ടികളുണ്ടാകാനും മാത്രമാണ് താൻ പുരുഷനെ തേടുന്നതെന്നും മെലീന കൂട്ടിച്ചേർത്തു.
അവളുടെ ലാളിത്യവും സത്യസന്ധതയും അവനെ തൽക്ഷണം ആകർഷിച്ചു. അതാണ് പിന്നീട് പ്രണയവും വിവാഹവുമായതെന്ന് സാഹിൽ ഖാന്‍ പറയുന്നു.
ബോളിവുഡില്‍ അത്ര വിജയിച്ച നടന്‍ അല്ലെങ്കിലും ലൈഫ് സ്റ്റെലിലും ഇന്‍ഫ്ലൂവന്‍സര്‍ എന്ന നിലയിലും ആരാധകരുള്ള നടനാണ് സഹീല്‍ ഖാന്‍. സ്റ്റെല്‍ എന്ന 2001ലെ പടത്തിലാണ് സഹീല്‍ പ്രധാന വേഷത്തില്‍ എത്തിയത്. ബോളിവുഡിനെ പിടിച്ചുകുലുക്കിയ മഹാദേവ് ആപ്പ് കേസിലാണ് നടന്‍റെ പേര് അവസാനം കേട്ടത്.
സഹീല്‍ ഖാന്‍റെ രണ്ടാം വിവാഹമാണിത്. നേരത്തെ, 2004-ൽ ഇറാനിയൻ വംശജയായ നടി നിഗർ ഖാനെ സഹീല്‍ വിവാഹം കഴിച്ചിരുന്നു. എ വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം ദമ്പതികൾ പരസ്പരം വേർപിരിഞ്ഞിരുന്നു.
ആരതിക്ക് താലി ചാർത്തി റോബിൻ രാധാകൃഷ്ണൻ; ഗുരുവായൂരിൽ വച്ച് ചടങ്ങുകൾ
ബാലയ്യയുടെ സർപ്രൈസ്: സംഗീത സംവിധായകന്‍ തമന് പോർഷെ കാർ സമ്മാനിച്ചു