'അച്ഛന് വരെ തെറ്റിപ്പോയി'; 'മാമാങ്കം' ഫസ്റ്റ് ലുക്ക് പോസ്റ്ററിനെക്കുറിച്ച് സുധീര്‍

By Web TeamFirst Published Jun 10, 2019, 5:53 PM IST
Highlights

"ഞാന്‍ എല്ലാവരെയും തിരുത്തിക്കൊണ്ടിരിക്കുകയാണ്. അത് ഞാനല്ല. ആക്ടര്‍ ഉണ്ണി മുകുന്ദനാണ്. ഫോട്ടോയില്‍ കാണുന്ന എന്തോ സാദൃശ്യം കൊണ്ടാണ് തെറ്റിദ്ധാരണ ഉണ്ടായത്."

സമീപ നാളുകളില്‍ ഏറ്റവുമധികം ശ്രദ്ധ നേടിയ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് മമ്മൂട്ടി ചിത്രം 'മാമാങ്ക'ത്തിന്റേത്. മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദനും പുതുമുഖമായ ബാലതാരം അച്യുതനുമാണ് പോസ്റ്ററില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഉണ്ണി മുകുന്ദന്റെയും അച്യുതന്റെയും സൈഡ് വ്യൂവാണ് പോസ്റ്ററില്‍ ഉണ്ടായിരുന്നത്. പോസ്റ്റര്‍ റിലീസിന് ശേഷം ഇതില്‍ തന്നെ കാണുന്നില്ലല്ലോ എന്ന് ചോദിച്ച് നിരവധിപേര്‍ രംഗത്തെത്തിയെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു. മമ്മൂട്ടിക്കൊപ്പമുള്ളത് തന്റെ കഥാപാത്രമാണെന്ന് ഫേസ്ബുക്ക് പേജിലൂടെ ഉണ്ണി വിശദീകരണവുമായും എത്തി. ഇപ്പോഴിതാ ആ പോസ്റ്ററില്‍ മമ്മൂട്ടിക്കൊപ്പമുള്ളത് താനാണെന്നും പ്രേക്ഷകരില്‍ ചിലര്‍ തെറ്റിദ്ധരിച്ചിട്ടുണ്ടെന്ന് മറ്റൊരു നടന്‍ പറയുന്നു. സുധീറാണ് ഇക്കാര്യം പറഞ്ഞ് വിശദീകരണവുമായി എത്തിയത്. ആരാധകര്‍ക്കൊപ്പം സ്വന്തം അച്ഛന്‍ പോലും ഇത്തരത്തില്‍ തെറ്റിദ്ധരിച്ചുപോയെന്നും തന്നെ അഭിനന്ദിച്ചെന്നും സുധീര്‍ പറയുന്നു. ഫേസ്ബുക്ക് ലൈവില്‍ എത്തിയായിരുന്നു സുധീറിന്റെ വിശദീകരണം.

'ഇന്നലെ മുതല്‍ എനിക്ക് ഫോണ്‍കോളിന്റെ ബഹളമാണ്. മാമാങ്കം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ റിലീസ് ആയതിന് ശേഷം. അതില്‍ മമ്മൂക്കയുടെ കൂടെ നില്‍ക്കുന്നത് ഞാനാണെന്ന് തെറ്റിദ്ധരിച്ചാണ് വാട്ട്‌സ്ആപിലും ഫേസ്ബുക്കിലുമൊക്കെ ആളുകള്‍ മെസേജുകള്‍ അയയ്ക്കുന്നത്. ഞാന്‍ എല്ലാവരെയും തിരുത്തിക്കൊണ്ടിരിക്കുകയാണ്. അത് ഞാനല്ല. ആക്ടര്‍ ഉണ്ണി മുകുന്ദനാണ്. ഫോട്ടോയില്‍ കാണുന്ന എന്തോ സാദൃശ്യം കൊണ്ടാണ് തെറ്റിദ്ധാരണ ഉണ്ടായത്. രസകരമായ സംഭവം എന്താണെന്ന് വച്ചാല്‍ എന്റെ അച്ഛനും ഫോണില്‍ വിളിച്ചു. മമ്മൂക്കയുടെ കൂടെ പത്രത്തില്‍ നിന്റെ പടം കണ്ടു, സന്തോഷമായി എന്നൊക്കെ പറഞ്ഞു. അച്ഛനോടും ഇതുതന്നെ പറഞ്ഞു.'

അതേസമയം താനും മാമാങ്കത്തിന്റെ ഭാഗമാണെന്നും തെറ്റില്ലാത്ത ഒരു വേഷത്തില്‍ അഭിനയിക്കുന്നുണ്ടെന്നും സുധീര്‍. 'അതില്‍ ഏറെ സന്തോഷവാനാണ്. ആ വേഷത്തിന് മമ്മൂക്കയോടും പപ്പേട്ടനോടും (സംവിധായകന്‍ പത്മകുമാര്‍) വേണുവേട്ടനോടുമൊക്കെ (നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി) വലിയ കടപ്പാടുണ്ട്. മാമാങ്കം ഇന്ത്യന്‍ സിനിമയില്‍ ശ്രദ്ധ നേടട്ടെയെന്നാണ് പ്രാര്‍ഥന', സുധീര്‍ പറഞ്ഞവസാനിപ്പിക്കുന്നു. 

click me!