
കഴിഞ്ഞ നാല് വർഷത്തിലേറെയായി മലയാളികളടക്കമുള്ളവർ നെഞ്ചേറ്റിയ ഒരു ടാന്‍സാനിയൻ താരമുണ്ട്. മറ്റാരുമല്ല റിലീസുകളുടെ രാജകുമാരൻ കിലി പോള്‍ ആണത്. മലയാളികൾക്ക് കിലി പോള്‍ ഇപ്പോൾ ഉണ്ണിയേട്ടനാണ്. ആദ്യമെല്ലാം ഹിന്ദി ഗാനങ്ങൾക്ക് ലിപ് സിങ്ക് ചെയ്തും ഡാൻസ് ചെയ്തുമെല്ലാമാണ് ശ്രദ്ധനേടിയതെങ്കിൽ ഇന്ത്യയിലെ ഭൂരിഭാഗം ഭാഷകളിലും ആണ് കിലിയുടെ ഇപ്പോഴത്തെ പോസ്റ്റുകൾ. ബ്ലോക് ബസ്റ്റർ ഹിറ്റായി മാറിയ തുടരുമിലെ ഗാനങ്ങളുമായാണ് അടുത്തിടെ കിലി എത്തിയതും. ഈ വീഡിയോയ്ക്ക് തഴെ തരുൺ മൂർത്തി കമന്റിടുകയും ചെയ്തിരുന്നു. ഇന്ത്യയെ ഏറെ സ്നേഹിക്കുന്ന കിലി ഇപ്പോൾ കേരളത്തിൽ എത്തിയിരിക്കുകയാണ്.
കേരള ഈസ് ബ്യൂട്ടിഫുള്‍ എന്നായിരുന്നു കിലിയുടെ ആദ്യ പ്രതികരണം. കേരളക്കരയിൽ താൻ എത്തുന്നുവെന്ന് അറിയിച്ച് ഫ്ലൈറ്റിൽ ഇരിക്കുന്ന ഫോട്ടോയും കിലി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. നിരവധി പേരാണ് ഉണ്ണിയേട്ടനെ സ്വാഗതം ചെയ്തു കൊണ്ട് കമന്റുകൾ രേഖപ്പെടുത്തിയത്. 'മലയാള മണ്ണിലേക്ക് ഉണ്ണിയേട്ടന് സ്വാഗതം', എന്നാണ് പലരും കമന്റ് ബോക്സ് കുറിച്ചത്. അതേസമയം, കിലി മലയാള സിനിമയിൽ അഭിനയിക്കാനാണ് വരുന്നതെന്ന തരത്തിലും അഭ്യൂഹങ്ങൾ നടക്കുന്നുണ്ട്.
ഭാഷ അറിയാതെ ഇവര്‍ എങ്ങനെയാണ് ഇത്രയും നന്നായി റീലുകള്‍ ചെയ്യുന്നത് എന്ന് മുന്‍പ് പലപ്പോഴും ഉയര്‍ന്ന ചോദ്യമാണ്. ഇതിന് കിലി തന്നെ മറുപടിയും പറഞ്ഞിട്ടുണ്ട്. 'ഒരു പാട്ട് മുഴുവന്‍ പഠിക്കാന്‍ ഏകദേശം രണ്ടോ മൂന്നോ ദിവസമെടുക്കും. ആദ്യം യൂട്യൂബില്‍ പോയി വരികള്‍ പഠിക്കും. ശേഷം ആ വാക്കുകള്‍ എങ്ങനെ ഉച്ചരിക്കുമെന്ന് ഗൂഗിള്‍ ചെയ്ത് നോക്കും. പിന്നീട് അവര്‍ അതിന്റെ ഇംഗ്ലീഷ് അര്‍ത്ഥം കണ്ടെത്തും. അങ്ങനെയാണ് പാട്ടുകള്‍ക്ക് ഒപ്പിച്ച് ചുണ്ടനക്കുന്നത്', എന്നായിരുന്നു കിലിയുടെ വാക്കുകള്‍.
നിലവിൽ ഇൻസ്റ്റാഗ്രാമിൽ 10.6 മില്യണൽ ഫോളോവേഴ്സുള്ള ആളാണ് കിലി പോൾ. യുട്യൂബിൽ 6.54 മില്യൺ സബ്സ്ക്രൈബേഴ്സും ഉണ്ട്. കിലിയ്ക്ക് ഒപ്പം അദ്ദേഹത്തിന്റെ സഹോദരി നീമ പോളും വീഡിയോകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ചിലപ്പോൾ കുടുംബക്കാരും. ഒരുപാട് ഹിന്ദി സിനിമകള്‍ കണ്ടാണ് താന്‍ വളര്‍ന്നതെന്നും സല്‍മാന്‍ ഖാനെയാണ് തനിക്ക് ഇഷ്ടമെന്നും നേരത്തെ കിലി പറഞ്ഞിട്ടുണ്ട്. അതേസമയം ഹൃത്വിക് റോഷനെയും, മാധുരി ദീക്ഷിതിനെയുമാണ് സഹോദരിയ്ക്ക് ഇഷ്ടം.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..