തിയറ്ററുകളില്‍ ഓളം സൃഷ്ടിച്ച് 'തല്ലുമാല'; പ്രേക്ഷകര്‍ക്കൊപ്പം കണ്ട് ടൊവിനോ

By Web TeamFirst Published Aug 12, 2022, 6:05 PM IST
Highlights

ചിത്രം മികച്ച ഓപണിംഗ് നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍

സമീപകാലത്ത് ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച പ്രീ റിലീസ് ബുക്കിംഗ് ആണ് ടൊവിനോ തോമസ് നായകനായ തല്ലുമാലയ്ക്ക് ലഭിച്ചത്. വന്‍ സ്ക്രീന്‍ കൌണ്ടും ആയിരുന്നു ചിത്രത്തിന്. കേരളത്തില്‍ മാത്രം 231 സെന്‍ററുകളിലാണ് ചിത്രം എത്തിയത്. കൂടാതെ യുഎസ്, കാനഡ, യുകെ, സിംഗപ്പൂര്‍, ആഫ്രിക്ക, സൌദി അറേബ്യ, യുഎഇ, ജിസിസി, യൂറോപ്പ് തുടങ്ങി വന്‍ ആഗോള റിലീസുമാണ് ചിത്രം. ഇന്ത്യ മുഴുവനും ഇന്നു തന്നെ റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന് തമിഴ്നാട്ടിലും കര്‍ണാടകത്തിലും മികച്ച തിയറ്റര്‍ കൌണ്ട് ഉണ്ട്. അതേദിവസം ആദ്യ ദിനം മികച്ച പ്രതികരണങ്ങളാണ് ചിത്രത്തെക്കുറിച്ച് ലഭിക്കുന്നത്.

ഒരിടവേളയ്ക്കു ശേഷം ടൊവിനോയില്‍ നിന്നും ഒരു മാസ് മസാല എന്‍റര്‍ടെയ്നര്‍ ലഭിച്ചതിന്‍റെ ആവേശത്തിലാണ് ആരാധകര്‍. അതേസമയം ചിത്രം തിയറ്ററുകളില്‍ തരംഗം തീര്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ക്കൊപ്പം ചിത്രം കാണാന്‍ ടൊവിനോയും എത്തി. എറണാകുളം സരിത, സവിത, സംഗീത കോംപ്ലെക്സിലാണ് ടൊവിനോ എത്തിയത്. സംവിധായകന്‍ ഖാലിദ് റഹ്‍മാന്‍, തിരക്കഥാകൃത്തുക്കളായ മുഹ്‍സിന്‍ പരാരി, അഷ്റഫ് ഹംസ, നിര്‍മ്മാതാവ് ആഷിക് ഉസ്‍മാന്‍ തുടങ്ങിയ അണിയറക്കാരും തിയറ്ററില്‍ എത്തിയിരുന്നു. തിയറ്ററില്‍ തടിച്ചുകൂടി പ്രേക്ഷകര്‍ ആഹ്ലാദാരവങ്ങളോടെയാണ് ടൊവിനോയെ സ്വീകരിച്ചത്.

അതേസമയം ചിത്രം മികച്ച ഓപണിംഗ് നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. അഡ്വാന്‍സ് ബുക്കിംഗിലൂടെ മാത്രം ചിത്രം ഒരു കോടി നേടിയതായി അനൌദ്യോഗിക കണക്കുകള്‍ പുറത്തെത്തിയിരുന്നു. ടൊവിനോയുടെ കരിയറിലെ ഏറ്റവും മികച്ച ഓപണിംഗ് ആവാനുള്ള സാധ്യതയും അനലിസ്റ്റുകള്‍ പറയുന്നുണ്ട്. മിന്നല്‍ മുരളിക്കു ശേഷം ടൊവിനോയുടേതായി എത്തുന്ന മാസ് ചിത്രം എന്നതും പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഘടകമാണ്. ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഇന്നലെ നടത്താന്‍ നിശ്ചയിച്ച പരിപാടി വന്‍ ജനത്തിരക്ക് മൂലം റദ്ദാക്കേണ്ടിവന്നിരുന്നു. 

മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ ആണ് നിര്‍മ്മാണം. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഇരുപതുവയസ്സുകാരനായാണ് ടൊവിനോ എത്തുന്നത്. മണവാളന്‍ വസിം എന്നാണ് ടൊവിനോയുടെ നായക കഥാപാത്രത്തിന്റെ പേര്. ബീപാത്തു എന്നാണ് കല്യാണിയുടെ കഥാപാത്രത്തിന്‍റെ പേര്.  ദുബൈയിലും തലശ്ശേരിയിലും കണ്ണൂരിലെ പരിസരങ്ങളിലുമായിരുന്നു സിനിമയുടെ പ്രധാന രംഗങ്ങളുടെ ചിത്രീകരണം നടന്നത്.

ALSO READ : സ്ക്രീനിലെ അടിപ്പൂരം; 'തല്ലുമാല' റിവ്യൂ

click me!