
മുംബൈ: ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് സിനിമ നിർമ്മിക്കും എന്ന് പറഞ്ഞ സംവിധായകന്‍ ഉത്തം മഹേശ്വരി പ്രഖ്യാപിച്ചതും പിന്നാലെ വിവാദമായി പിന്‍മാറിയതും വാര്‍ത്തയായിരുന്നു. ഇപ്പോള്‍ സമാനമായ ഒരു വിഷയം ചര്‍ച്ച ചെയ്യുകയാണ് മുന്‍കാല നടിയും കോളമിസ്റ്റുമായ നടി ട്വിങ്കിൾ ഖന്ന. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി എഴുതിയ തന്‍റെ കോളത്തിൽ, ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് സിനിമ നിർമ്മിക്കുന്നതിനെച്ചൊല്ലി തന്‍റെ ഭര്‍ത്താവും നടനുമായ അക്ഷയ് കുമാറും നടൻ വിക്കി കൗശലുമായി "വഴക്കിൽ" ഏർപ്പെടുന്നു എന്ന തരത്തില്‍ ഒരു കൂട്ടം ട്വീറ്റുകൾ കണ്ടതായും, അത് അക്ഷയ് കുമാറിനോട് ചോദിച്ചതായും ട്വിങ്കിൾ പറഞ്ഞു.
"പനീറിനെ ഒരു അയഡിൻ ലായനി ഉപയോഗിച്ച് പരിശോധിക്കാന്‍ കഴിയും - പക്ഷേ സത്യത്തിനായുള്ള ലിറ്റ്മസ് ടെസ്റ്റ് എന്താണ്? ഞാന്‍ കുറച്ച് ട്വീറ്റുകള്‍ കണ്ടു, വീട്ടിലെ പ്രധാനിയോട് ( അക്ഷയ് കുമാറിനോട്) ഇത് കണ്ടപ്പോള്‍ വിളിച്ച് തർക്കിക്കാൻ തുടങ്ങി.
'ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് സിനിമ നിർമ്മിക്കാൻ നിങ്ങൾ വിക്കി കൗശലുമായി വഴക്കിടുന്നുണ്ടെന്ന് ഞാൻ വായിച്ചു.' എന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹം നെടുവീർപ്പിട്ടു പറഞ്ഞു, 'ഇത് വ്യാജ വാർത്തയാണ്, എന്‍റെ കാലിന് തീപിടിച്ച അവസ്ഥയിലാണ്, അതിനാൽ ഞാൻ നിങ്ങളെ പിന്നീട് വിളിക്കാം.' എന്ന് പറഞ്ഞ് വെച്ചു" ട്വിങ്കിള്‍ പറയുന്നു. ഫോണ്‍ കട്ട് ചെയ്യാന്‍ എന്തോ ഒഴിവ് കഴിവ് പറഞ്ഞതാണ് എന്നാണ് ട്വിങ്കിള്‍ കരുതിയത്.
പിന്നീട് അക്ഷയ് വീട്ടില്‍ വന്നപ്പോള്‍ അദ്ദേഹത്തിന്‍റെ മുട്ടിന്‍റെ താഴെയായി ഒരു ബാന്‍റേജ് കണ്ടു. അപ്പോള്‍ ഫോണ്‍ വയ്ക്കാന്‍ അദ്ദേഹം പറഞ്ഞ കാര്യം സത്യമാണ് എന്ന് എനിക്ക് മനസിലായി എന്നും ട്വിങ്കില്‍ പറയുന്നു. ഇക്കാലത്ത്, സത്യം എന്താണെന്ന് കണ്ടുപിടിക്കാൻ വളരെ ബുദ്ധിമുട്ടാണ്, അതിനാൽ ഞാൻ ഓരോ വിവരവും സംശയത്തോടെ നോക്കുന്നു എന്നും ട്വിങ്കില്‍ ലേഖനത്തില്‍ പറയുന്നു.
പെഹല്‍ഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും ഒന്‍പത് ഭീകരവാദ കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണമാണ് ഓപ്പറേഷന്‍ സിന്ദൂര്‍. ഇത് സിനിമയാക്കുവാന്‍ ശ്രമം നടക്കുന്നുവെന്ന് വാര്‍ത്തയുണ്ടായിരുന്നു.