മിൽഖാ സിങ്ങിന്റെ ആ താല്പര്യത്തിന് കാരണം മോഹൻലാലും കേരളവും; വി എ ശ്രീകുമാർ പറയുന്നു

Web Desk   | Asianet News
Published : Jun 19, 2021, 06:32 PM ISTUpdated : Jun 19, 2021, 08:17 PM IST
മിൽഖാ സിങ്ങിന്റെ ആ താല്പര്യത്തിന് കാരണം മോഹൻലാലും കേരളവും; വി എ ശ്രീകുമാർ പറയുന്നു

Synopsis

ഷൂട്ടിം​ഗ് കണ്ടു നിന്ന നൂറു കണക്കിന് ആളുകളിലും ഞങ്ങളിലും ആവേശം പരത്തി ഈ രണ്ടു താരങ്ങളും നിറഞ്ഞ ചിരിയോടെ ആവേശത്തോടെ പ്രോഗ്രാമിന്റെ ഭാഗമായി.

ഇന്ത്യയുടെ ഇതിഹാസ സ്പ്രിന്റര്‍ മില്‍ഖാ സിങ്ങിന് വിടപറയുകയാണ് കായിക ലോകം. കൊവിഡ് അതിജീവിച്ചിരുന്നുവെങ്കിലും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അദ്ദേഹത്തെ അലട്ടുകയും വെള്ളിയാഴ്ച രാത്രിയോടെ മിൽഖ വിട വാങ്ങുകയുമായിരുന്നു. നിരവധി പേരാണ് മിൽഖയുടെ ഓർമ്മകൾ പങ്കുവച്ചുകൊണ്ടും ആദരാഞ്ജലികൾ നേർന്നും രം​ഗത്തെത്തിയത്. ഇപ്പോഴിതാ മിൽഖയെ കുറിച്ചുള്ള ഒരു ഓർമ പങ്കുവയ്ക്കുകയാണ് സംവിധായകൻ ശ്രീകുമാർ. മോഹൻലാലിന്റെ ആരാധകനായിരുന്നു മിൽഖ സിങ്ങെന്ന് വി എ ശ്രീകുമാർ പറയുന്നു. 

വി എ ശ്രീകുമാറിന്റെ വാക്കുകൾ

2013ൽ കൊച്ചി കോര്പ്പറേഷന് വേണ്ടിയാണ് പുഷ് ഇന്റഗ്രേറ്റഡ് 'കൊച്ചി ഇന്റർനാഷണൽ ഹാഫ് മാരത്തൺ' എന്ന ഐഡിയ സമർപ്പിക്കുന്നത്. അത് അംഗീകരിക്കപ്പെട്ടതോടെ ലാലേട്ടനെയും ഇന്ത്യയുടെ പറക്കും ഇതിഹാസം മിൽഖാ സിങ്ങിനെയും പ്രോഗ്രാമിന്റെ ബ്രാൻഡ് അംബാസ്സഡർമാരായി നിശ്ചയിച്ചു. ഇതിന്റെ ഭാഗമാകാൻ ശ്രീ. മിൽഖാ സിങ്ങിന് വളരെ താല്പര്യമായിരുന്നു. രണ്ടായിരുന്നു കാരണങ്ങൾ - മോഹൻലാലും, ദൈവത്തിന്റെ സ്വന്തം നാടായ കേരളവും. ഫോർട്ട് കൊച്ചിയിലും, കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും പൊരി വെയിലത്തായിരുന്നു ഷൂട്ടിംഗ്. അദ്ദേഹം തളർന്നതേയില്ല. ഷോട്ടിന് വേണ്ടതിനേക്കാൾ ദൂരം അദ്ദേഹം ഓടി, അതും നിറഞ്ഞ ചിരിയോടെ! 83 വയസ്സിലെ അദ്ദേത്തിന്റെ ഊർജ്ജത്തിനും പ്രസരിപ്പിനും മുന്നിൽ ഞങ്ങൾക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല എന്നുള്ളതായിരുന്നു സത്യം. ലാലേട്ടനും അദ്ദേഹവും മത്സരിച്ചു ഓടുകയായിരുന്നു എന്ന് പറയാം. ഷൂട്ടിം​ഗ് കണ്ടു നിന്ന നൂറു കണക്കിന് ആളുകളിലും ഞങ്ങളിലും ആവേശം പരത്തി ഈ രണ്ടു താരങ്ങളും നിറഞ്ഞ ചിരിയോടെ ആവേശത്തോടെ പ്രോഗ്രാമിന്റെ ഭാഗമായി. കേരളത്തിൽ നടന്ന ആദ്യത്തെ ഇന്റർനാഷണൽ മാരത്തൺ ആയിരുന്നു ഇത്. രണ്ടു ദിവസം പ്ലാൻ ചെയ്ത ഷൂട്ട് ഒരു ദിവസം കൊണ്ട് തീർത്തു. 

ലാലേട്ടന്റെ ആരാധകനായിരുന്നു അദ്ദേഹം, ലാലേട്ടനാകട്ടെ ഇക്കാലയളവിൽ തന്റെ സ്വസിദ്ധമായ ശൈലിയിൽ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട സുഹൃത്തായി മാറി. ശരിയായ പ്ലാനിങ് ഇല്ലാത്തതാണ് നമുക്ക് കൂടുതൽ സ്പോർട്സ് താരങ്ങളെ സൃഷ്ടിക്കാൻ കഴിയാത്തത് എന്നും, തനിക്ക് ലഭിക്കുന്ന അവസരങ്ങൾ അതിനായി പ്രയോജനപ്പെടുത്തണമെന്നാണ് ആഗ്രഹമെന്നും ഇതിനായി ലാലേട്ടന്റെ സഹകരണം ഉണ്ടാകണം എന്നും അദ്ദേഹം പറഞ്ഞു. ഏതു പ്രതിസന്ധിയിലും എനിക്ക് ആശ്വാസമാകുന്ന ഒരു കാര്യമുണ്ട് - കുറെ നല്ല ആളുകളുടെ സാമീപ്യവും സൗഹൃദവും നേടാൻ  ഈ ജീവിതത്തിൽ സാധിച്ചിട്ടുണ്ട് ,ചില ചരിത്രനിമിഷങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞിട്ടുണ്ട്. പ്രിയപ്പെട്ട മിൽഖാ സിംഗ് അതിലൊന്നാണ്...ലാളിത്യമുള്ള ഒരു ഇതിഹാസമാണ് ഇന്ന് നമ്മളോട് വിട വാങ്ങിയിരിക്കുന്നത്. പ്രണാമം!

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത