
കൊച്ചി: തെലുങ്ക് സിനിമാ താരം വിജയ് ദേവരകൊണ്ട തന്‍റെ പേര് മുമ്പിൽ 'ദി' എന്ന ടാഗ് ചേർത്തതിനെച്ചൊല്ലി ഉണ്ടായ വലിയ വിമർശനങ്ങളെക്കുറിച്ച് തുറന്നുസംസാരിച്ചിരിക്കുകയാണ്. 2022-ൽ 'ലൈഗർ' എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍റെ ഭാഗമായി തന്‍റെ പേരില്‍ 'ദി വിജയ് ദേവരകൊണ്ട' എന്നാക്കി മാറ്റിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ താരത്തിന് വലിയ ട്രോളുകൾക്കും വിമർശനങ്ങൾക്കും കാരണമായി.
'ലൈഗർ' എന്ന ചിത്രത്തിന്റെ പ്രൊമോഷൻ സമയത്ത് തന്‍റെ പിആര്‍ ടീം പേരിന് മുമ്പിൽ 'ദി' എന്ന ടാഗ് ചേർക്കാൻ നിർദ്ദേശിച്ചു. 'ദളപതി', 'മെഗാസ്റ്റാർ', 'യൂണിവേഴ്സൽ സ്റ്റാർ' തുടങ്ങി മറ്റു താരങ്ങൾ ഉപയോഗിക്കുന്ന ടാഗുകളോട് താരതമ്യപ്പെടുത്തുമ്പോൾ 'ദി' ഒരു ലളിതവും എന്നാൽ വ്യത്യസ്തവുമായ ടാഗായിരിക്കുമെന്ന് എന്‍റെ ടീം. എന്നാൽ ഈ നീക്കം പ്രതീക്ഷിച്ചതിന് വിപരീതമായി, ആരാധകർക്കും മാധ്യമങ്ങൾക്കും ഇടയിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു.
വിജയ് ദേവരകൊണ്ട 'ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ'യോട് സംസാരിക്കവെ ഇങ്ങനെ പറഞ്ഞു: "എന്റെ പേര് മുമ്പിൽ 'ദി' ചേർത്തതിന് വലിയ വിമർശനമാണ് ഞാൻ നേരിട്ടത്. രസകരമായ കാര്യം, മറ്റാർക്കും ഇത്തരമൊരു ടാഗിന് വിമർശനം നേരിടേണ്ടി വന്നിട്ടില്ല. 'യൂണിവേഴ്സൽ സ്റ്റാർ' മുതൽ 'പീപ്പിൾസ് സ്റ്റാർ' വരെ, എന്റെ മുൻപും ശേഷവും ഡെബ്യൂ ചെയ്തവർ ഉൾപ്പെടെ എല്ലാവർക്കും ടാഗുകൾ ഉണ്ട്. എന്നാൽ, ഞാൻ മാത്രമാണ് ഇത്തരത്തിൽ വിമർശനം നേരിട്ടത്."
വിമർശനങ്ങൾ ശക്തമായതോടെ വിജയ് തന്‍റെ ടീമിനോട് 'ദി' എന്ന ടാഗ് ഒഴിവാക്കാൻ ആവശ്യപ്പെട്ടു. "ഞാൻ എന്റെ ടീമിനോട് പറഞ്ഞു, എന്നെ വെറും വിജയ് ദേവരകൊണ്ട എന്ന് വിളിക്കാൻ. അതിൽ കൂടുതലോ കുറവോ ഒന്നും വേണ്ട" അദ്ദേഹം വ്യക്തമാക്കി.
കൂടാതെ തന്റെ വരാനിരിക്കുന്ന ചിത്രമായ 'കിംഗ്ഡം' എന്ന ചിത്രത്തിന്റെ പോസ്റ്ററുകളിൽ പോലും തന്റെ പേര് ഉൾപ്പെടുത്തേണ്ടെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. "എന്റെ മുഖം പോസ്റ്ററിൽ ഉണ്ട്. എന്റെ കഥാപാത്രമായ സൂരിയെ (കിംഗ്ഡത്തിലെ കഥാപാത്രം) ആളുകൾ അറിയണം, വിജയ് ദേവരകൊണ്ടയെ അല്ല" അദ്ദേഹം കൂട്ടിച്ചേർത്തു.
വിജയ് ദേവരകൊണ്ടയുടെ വരാനിരിക്കുന്ന ചിത്രം 'കിംഗ്ഡം' ഒരു സ്പൈ-ആക്ഷൻ ത്രില്ലറാണ്, 'ജേഴ്സി' എന്ന ചിത്രത്തിന്റെ സംവിധായകൻ ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്നത്. 2025 ജൂലൈ 31-ന് തിയേറ്ററുകളിൽ റിലീസിനെത്തുന്ന ഈ ചിത്രത്തിന്റെ പ്രൊമോഷന്‍ മെറ്റീരിയലുകള്‍ ഇതിനോടകം തന്നെ ആരാധകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.
ജൂനിയർ എൻ.ടി.ആർ, സൂര്യ, രൺബീർ കപൂർ എന്നിവർ തെലുഗു, തമിഴ്, ഹിന്ദി വേർഷനുകൾക്കായി വോയിസ് ഓവർ നൽകിയിട്ടുണ്ട്. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകുന്ന ഈ ചിത്രത്തിൽ ഭാഗ്യശ്രീ ബോർസെ, സത്യദേവ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.