'അദ്ദേഹത്തിന് ഇപ്പോൾ കുഴപ്പമൊന്നുമില്ല, സന്തോഷവാനായിരിക്കുന്നു'; ബിഗ് ബോസിനെ കണ്ട് ശാലിനി

By Web TeamFirst Published Nov 21, 2022, 1:03 PM IST
Highlights

ബിഗ് ബോസിന്‍റെ ശബ്ദത്തിന് പിന്നിലുള്ള രഘുരാജിന് അപകടം സംഭവിച്ചതിനെക്കുറിച്ച് പറഞ്ഞുള്ള ശാലിനിയുടെ പോസ്റ്റ് വൈറലായിരുന്നു

ബിഗ് ബോസ് സീസൺ നാലിൽ പ്രേക്ഷക പ്രീതി ഏറെ നേടിയെടുത്ത മത്സരാര്‍ഥിയാണ് ശാലിനി. ഒരു സാധാരണ നാട്ടിൻപുറത്തുകാരിയുടെ പ്രതിച്ഛായയില്‍ എത്തിയ ശാലിനിയെ ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. ഫൈനൽ ദിവസങ്ങൾ വരെ ബിഗ് ബോസ് വീട്ടിൽ തുടരും എന്ന് പ്രേക്ഷകർ കരുതിയ ശാലിനി തീർത്തും അപ്രതീക്ഷിതമായാണ് തുടക്ക ആഴ്ചയില്‍ തന്നെ ബിഗ് ബോസ് വീടിനോട് വിടപറഞ്ഞത്. സോഷ്യൽ മീഡിയ വഴി എല്ലാ വിശേഷങ്ങളും പങ്കുവെക്കാറുള്ള താരത്തിന്റെ പുതിയ പോസ്റ്റ്‌ ഏറ്റെടുത്തിരിക്കുകയാണ് മലയാളികൾ.

ബിഗ് ബോസിന്‍റെ ശബ്ദത്തിന് പിന്നിലുള്ള രഘുരാജിന് അപകടം സംഭവിച്ചതിനെക്കുറിച്ച് പറഞ്ഞുള്ള ശാലിനിയുടെ പോസ്റ്റ് വൈറലായിരുന്നു. അദ്ദേഹത്തിന് ഇപ്പോള്‍ കുഴപ്പമൊന്നുമില്ല എന്നറിയിച്ച് എത്തിയിരിക്കുകയാണ് താരം. രഘുരാജിനൊപ്പമുള്ള ഫോട്ടോയും താരം പങ്കുവെച്ചിട്ടുണ്ട്. 'ഒന്ന് കാണാൻ പോയതാ മധുരം കഴിപ്പിച്ച് കൊന്നൂന്ന് പറയാം. പണ്ട് ഒരു മാസത്തേക്ക് റേഷൻ തന്ന പഞ്ചസാര ഒറ്റ ആഴ്ച്ച കൊണ്ട് എല്ലാർക്കും കലക്കി കൊടുത്ത് തീർത്തതിന്റെ പണിഷ്മെന്റ് ടാസ്ക്ക്. സ്നേഹം മാത്രം വിളമ്പി തന്ന് ഒരുപാടോർമ്മകൾ പങ്കുവെച്ച് എന്നെ യാത്രയാക്കി'. അദ്ദേഹത്തിന് ഇപ്പോൾ കുഴപ്പമൊന്നുമില്ല, സന്തോഷവാനായിരിക്കുകയാണെന്നും ശാലിനി കുറിച്ചിരുന്നു.

ALSO READ : ഉത്തരേന്ത്യൻ പ്രേക്ഷകരെ തിയറ്ററുകളിലേക്ക് മടക്കിവിളിച്ച് 'ദൃശ്യം 2'; മൂന്ന് ദിവസത്തെ കളക്ഷന്‍

എലിമിനേറ്റ് ആയി പുറത്തേക്ക് വരുന്നതിന് മുന്‍പ് മിസ് യു ബിഗ് ബോസ് എന്നെഴുതിയ ഒരു കത്ത് എത്തിക്കാനായി ശ്രമിച്ചിരുന്നു. ഷോ തീര്‍ന്നതിന് ശേഷം അദ്ദേഹം വിളിച്ച് സംസാരിച്ചിരുന്നു. ഞാന്‍ നിങ്ങളുടെ ബിഗ് ബോസാണ്. നാല് വര്‍ഷത്തെ അനുഭവത്തില്‍ ഇതാദ്യമായാണ് ഇങ്ങനെയൊരു കത്ത് കിട്ടുന്നത്. ശാലിനിക്ക് നല്ലൊരു ഭാവിയുണ്ടാവട്ടെയെന്ന് പറഞ്ഞ് അദ്ദേഹം തന്നെ ആശ്വസിപ്പിച്ചിരുന്നുവെന്നും താരം വ്യക്തമാക്കിയിരുന്നു.

തിരിച്ചു വരണം എന്ന് പ്രേക്ഷകർ ഏറെ ആഗ്രഹിച്ചുവെങ്കിലും ശാലിനിയുടെ രണ്ടാം വരവ് സാധ്യമായിരുന്നില്ല. ശാലിനിയുടെ പുറത്താക്കലുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ ബിഗ്ബോസ്  ആരാധകർക്കിടയിൽ നടന്നിട്ടുണ്ട്. ബിഗ് ബോസാണ് ജീവിതത്തിലേക്ക് ഒരു വെളിച്ചം നല്‍കിയതെന്ന് ശാലിനി പറഞ്ഞിരുന്നു. അതിലൂടെ മൂന്നോട്ട് ഒരു പാത തുറക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് ശാലിനി നേരത്തെ പ്രതികരിച്ചിരുന്നു.

click me!