
മുംബൈ: ഹൃത്വിക് റോഷനും ടൈഗര്‍ ഷെറോഫും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'വാര്‍' ആണ് ട്വിറ്ററിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച. ഇരുവരും തമ്മില്‍ ഔദ്യോഗിക യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നുവെന്നാണ് ട്വിറ്ററില്‍ നിന്ന് വ്യക്തമാകുന്നത്. ഹൃത്വിക്കും ടൈഗറും നായകരാകുന്ന വാറിന്‍റെ ഒഫീഷ്യല്‍ ടീസര്‍ ഇന്നലെയാണ് പുറത്തിറങ്ങിയത്.
'ഹൃത്വിക് നിങ്ങളുടെ നീക്കങ്ങള്‍ കുറച്ച് തുരുമ്പിച്ചതാണ്, എങ്ങനെ അത് സാധിക്കുന്നുവെന്ന് കാണിക്കാമോ? ' എന്ന ടൈഗറിന്‍റെ ചോദ്യത്തിന് 'ടൈഗര്‍, ഞാന്‍ പയറ്റിത്തെളിഞ്ഞ ലോകത്ത് നിങ്ങള്‍ പിച്ചവയ്ക്കുന്നേ ഉള്ളൂ' എന്നായിരുന്നു ഹൃത്വിക്കിന്‍റെ മറുപടി.
ഒക്ടോബര്‍ 2നാണ് ചിത്രം റിലീസ് ചെയ്യുന്നത്. വാറിന്‍റെ ടീസര്‍ റിലീസ് ചെയ്തതോടെ #HrithikVsTiger ട്രെന്‍റിംഗ് ആയിരിക്കുകയാണ്. സൂപ്പര്‍ 30 ആണ് ഹൃത്വിക് റോഷന്‍റെ തിയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന ചിത്രം. ബിഹാറിലെ അനന്ദ് കുമാര്‍ എന്ന ആള്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് സൂപ്പര്‍ 30.
സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന ബോളിവുഡ് ചിത്രമാണ് 'വാർ'. ആക്ഷൻ ത്രില്ലര്‍ പശ്ചാത്തലത്തിലുള്ള ചിത്രത്തിന്‍റെ തിരക്കഥ എഴുതുന്നത് മലയാളിയായ സുരേഷ് നായരാണ്. അയനങ്ക ബോസ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ വാണി കപൂറാണ് നായിക. ബാങ് ബാങ് എന്ന ചിത്രത്തിനു ശേഷം സിദ്ധാർഥും ഹൃതിക്കും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'വാർ'. യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് ചിത്രം നിർമിക്കുന്നത്.