എന്താണ് ആ സര്‍പ്രൈസ്? പൃഥ്വിരാജ് തന്നെ സംവിധാനം ചെയ്യുമോ?

By Web TeamFirst Published Jun 17, 2019, 4:21 PM IST
Highlights

'ഞാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. അത്തരത്തിലൊന്ന് മലയാളത്തില്‍ ചെയ്യാനാവുമോ എന്ന കാര്യമാണ് ആദ്യം പരിഗണിക്കാനുള്ളത്. അത്തരത്തിലൊന്ന് നിര്‍മ്മിക്കാന്‍ ഇറങ്ങിപ്പുറപ്പെടുംമുന്‍പ് അതിന്റെ പ്രായോഗികതയെക്കുറിച്ചുള്ള ഗൗരവമുള്ള ആത്മപരിശോധനയും ചര്‍ച്ചകളും വിശകലനവും ആവശ്യമുണ്ട്..' ലൂസിഫര്‍ 2ന്‍റെ സാധ്യതയെക്കുറിച്ച് പൃഥ്വി മുന്‍പ് പറ‍ഞ്ഞു.

'എല്‍, ദി ഫിനാലെ. അനൗണ്‍സ്‌മെന്റ് നാളെ വൈകിട്ട് ആറിന്. കാത്തിരിക്കുക'. മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും മുരളി ഗോപിയുടെയും ഫേസ്ബുക്ക് പേജുകളില്‍ ഇന്ന് രാവിലെ 10ന് ഒരുമിച്ച് പ്രത്യക്ഷപ്പെട്ട പോസ്റ്റാണ് ഇത്. വലിയ പ്രതികരണമാണ് ഈ പോസ്റ്റുകള്‍ക്ക് താഴെ ആരാധകരില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. മോഹന്‍ലാലിന്റെ പോസ്റ്റിന് താഴെ ഇതിനകം വന്ന കമന്റുകളുടെ എണ്ണം നാലായിരത്തിലധികമാണ്. പൃഥ്വിയുടെ പോസ്റ്റിന് താഴെ ആയിരത്തി നാനൂറിലേറെ കമന്റുകളും മുരളി ഗോപിക്ക് 350ലേറെ കമന്റുകളും ലഭിച്ചു. എന്താവും ഇവര്‍ കരുതിവച്ചിരിക്കുന്ന സര്‍പ്രൈസ് എന്നതിന്റെ ഊഹങ്ങളാണ് കമന്റുകളില്‍ നിറയെ.

200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ആദ്യ മലയാളചിത്രമായ ലൂസിഫറിന്റെ രണ്ടാംഭാഗം തന്നെയാവും ആ പ്രഖ്യാപനം എന്നാണ് ഭൂരിഭാഗവും കരുതുന്നത്. എന്നാല്‍ വരുന്നത് ലൂസിഫറിന്റെ സീക്വല്‍ ആണെങ്കില്‍ പൃഥ്വിരാജ് തന്നെ സംവിധാനം ചെയ്യുമോ എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ചിലരെങ്കിലും ഉയര്‍ത്തുന്നുണ്ട്. ലൂസിഫര്‍ രണ്ടാംഭാഗത്തിന്റെ സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന് പൃഥ്വിരാജും മുരളി ഗോപിയും മുന്‍പ് മറുപടി പറഞ്ഞിരുന്നു. രണ്ടാംഭാഗത്തെക്കുറിച്ച് ഉറപ്പൊന്നും പറയാതിരുന്ന പൃഥ്വി അങ്ങനെയൊന്ന് സംഭവിക്കണമെങ്കില്‍ മുന്നിലുള്ള വെല്ലുവിളികളെക്കുറിച്ച് സംസാരിച്ചിരുന്നു.

ലൂസിഫര്‍ രണ്ടിനെക്കുറിച്ചുള്ള ചോദ്യത്തിന് പൃഥ്വി മുന്‍പ് പറഞ്ഞത് ഇങ്ങനെ..

'ഞാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. അത്തരത്തിലൊന്ന് മലയാളത്തില്‍ ചെയ്യാനാവുമോ എന്ന കാര്യമാണ് ആദ്യം പരിഗണിക്കാനുള്ളത്. അത്തരത്തിലൊന്ന് നിര്‍മ്മിക്കാന്‍ ഇറങ്ങിപ്പുറപ്പെടുംമുന്‍പ് അതിന്റെ പ്രായോഗികതയെക്കുറിച്ചുള്ള ഗൗരവമുള്ള ആത്മപരിശോധനയും ചര്‍ച്ചകളും വിശകലനവും ആവശ്യമുണ്ട്..' രണ്ടാംഭാഗം സംവിധാനം ചെയ്യേണ്ടിവന്നാല്‍ അതിന് സമയം കണ്ടെത്തേണ്ടതിനെക്കുറിച്ചും പൃഥ്വി പറഞ്ഞിരുന്നു. 'പ്രാഥമികമായും ഞാനൊരു അഭിനേതാവാണ്. ലൂസിഫറിന് ഒരു രണ്ടാംഭാഗം സംഭവിക്കുകയാണെങ്കില്‍, അത് കൂടുതല്‍ വലിപ്പമുള്ള, കൂടുതല്‍ പരിശ്രമം ആവശ്യമുള്ള സിനിമയായിരിക്കും. ഇനി ഞാന്‍ രണ്ടാമത് സംവിധാനം ചെയ്യുന്ന ചിത്രം ഏതാണെങ്കിലും, അഭിനയിക്കുന്ന സിനിമകള്‍ക്കിടയില്‍ നിന്ന് ലഭിക്കുന്ന സമയം ഉപയോഗപ്പെടുത്തി വേണം അതിലേക്ക് പ്രവേശിക്കാന്‍. എന്റെ അടുത്ത സംവിധാന പരിശ്രമത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഏറ്റവും പ്രാധാന്യമുള്ള കാര്യം അതാണ്'

ലൂസിഫര്‍-2 സംഭവിക്കുമോ എന്ന ചോദ്യത്തിന് മുന്‍പ് മുരളി ഗോപിയുടെ മറുപടി ഇങ്ങനെ ആയിരുന്നു. 'ലൂസിഫര്‍ എന്നത് ഒരു ഫ്രാഞ്ചൈസിന്റെ (ഏടുകള്‍) സ്‌റ്റൈലില്‍ ഡിസൈന്‍ ചെയ്തിട്ടുള്ള സാധനമാണ്. അതിനെക്കുറിച്ചുള്ള ബോധ്യത്തില്‍ തന്നെയാണ് ഞാനും പൃഥ്വിയും ലൂസിഫര്‍ ചെയ്തിരിക്കുന്നത്. പക്ഷേ ഇത് സംബന്ധിച്ചുള്ള മറ്റ് അറിയിപ്പുകളൊന്നും ഞാന്‍ ഇപ്പോള്‍ പറയുന്നത് ശരിയല്ല.'

ഇനി നാളത്തെ അനൗണ്‍സ്‌മെന്റ് സിനിമയെക്കുറിച്ചുതന്നെയാവുമോ എന്ന് സംശയിക്കുന്നവരും കമന്റ് ചെയ്യുന്നവര്‍ക്കിടയിലുണ്ട്. ലൂസിഫറിന്‍രെ തുടര്‍ച്ചയായി ചിലപ്പോള്‍ ഒരു വെബ് സിരീസ് വന്നേക്കാം എന്ന സാധ്യതയാണ് ചിലര്‍ പറയുന്നത്. അതിന് ഉപോല്‍ബലകമായി പൃഥ്വിരാജിന്റെ പഴയൊരു അഭിമുഖത്തിലെ പരാമര്‍ശവും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു വെബ് സിരീസ് സാധ്യതയെക്കുറിച്ച് പൃഥ്വി മുന്‍പ് പറഞ്ഞത് ഇങ്ങനെയായിരുന്നു. 'മുരളിയും ഞാനും ലൂസിഫറിന്റെ കഥ സംസാരിച്ചുതുടങ്ങിയ സമയത്തേ ഒരു കാര്യം ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഒരൊറ്റ സിനിമയില്‍ അവസാനിക്കേണ്ട ഒന്നല്ല ഇത്. അത്തരത്തിലാണ് അത് എഴുതപ്പെട്ടിരിക്കുന്നതും. 11 എപ്പിസോഡുള്ള ഒരു സിരീസ് ആയി ഏതെങ്കിലും ഒടിടി പ്ലാറ്റ്ഫോം വഴി ഈ കഥ അവതരിപ്പിച്ചാലോ എന്ന് ശരിക്കും തോന്നിയിരുന്നു. കാരണം അത്രയും പരന്നുകിടക്കുന്നതാണ് കഥ. മുഴുവന്‍ കഥയില്‍ നിന്ന് കുറച്ച് കഥാപാത്രങ്ങള്‍ക്കൊപ്പം ഒരു ഭാഗം മാത്രമെടുത്താണ് സിനിമ ചെയ്തിരിക്കുന്നത്', 

എന്തായാലും ഈ ഊഹാപോഹങ്ങളൊക്കെ നാളെ വൈകുന്നേരത്തോടെ അവസാനിക്കും. മലയാളസിനിമയില്‍ മറ്റൊരു സിനിമയ്ക്കും ഇന്നേവരെ ലഭിക്കാത്ത ബ്രാന്റ് മൂല്യമാണ് ലൂസിഫറിന് ലഭിച്ചത്. ഈ സിനിമയ്ക്ക് ഒരു തുടര്‍ച്ചയുണ്ടാവാന്‍ ഇന്‍ഡസ്ട്രിയെത്തന്നെ പ്രേരിപ്പിക്കുന്ന ഒന്നാണ് അത്. 

click me!