
'കെജിഎഫ്' പുറത്തുവരുന്നതുവരെ കര്‍ണാടകത്തിന് പുറത്ത് യഷ് ആരാധകരായ സിനിമാപ്രേമികള്‍ കുറവായിരുന്നു. പക്ഷേ ആ ഒറ്റ ചിത്രം യഷിന്റെ മാത്രമല്ല, സാന്‍ഡല്‍വുഡിന്റെ തന്നെ ഭാവി മാറ്റിമറിച്ചു. കേരളത്തിലും യഷിന് ഏറെ ആരാധകരെ നേടിക്കൊടുത്തു 'കെജിഎഫ്'. ഇപ്പോഴിതാ സ്വകാര്യജീവിതത്തിലെ ഒരു പ്രധാന അംഗത്തെ ആരാധകര്‍ക്കായി പരിചയപ്പെടുത്തുകയാണ് അദ്ദേഹം. മകളുടെ ആദ്യചിത്രം അക്ഷയത്രിതീയ ദിനത്തില്‍ പുറത്തുവിട്ടിരിക്കുകയാണ് യഷ്.
'എന്റെ ലോകം ഭരിക്കുന്ന പെണ്‍കുട്ടിയെ ഇതാ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു. ഇതുവരെ പേര് ഇട്ടിട്ടില്ലാത്തതിനാല്‍ തല്‍ക്കാലം അവളെ ബേബി വൈആര്‍ എന്ന് വിളിക്കാം. നിങ്ങളുടെ സ്‌നേഹവും അനുഗ്രഹവും അവള്‍ക്കും ഉണ്ടാവട്ടെ,' യഷ് കുട്ടിയുടെ ചിത്രത്തോടൊപ്പം ട്വിറ്ററില്‍ കുറിച്ചു.
യഷിന്റെ ഭാര്യയും നടിയുമായ രാധികാ പണ്ഡിറ്റ് കുട്ടിയുടെ മുഖം വെളിപ്പെടുത്താത്ത ഒരു ചിത്രം ഞായറാഴ്ച തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരുന്നു. കുട്ടിയുടെ മുഖം അക്ഷയത്രിതീയ ദിനത്തില്‍ പുറത്തുവിടുമെന്നും മുഖം കാണണമെന്ന് ആവശ്യപ്പെട്ട ആരാധകര്‍ക്ക് അവര്‍ ഉറപ്പ് നല്‍കി. പിന്നാലെ ഇന്ന് കുട്ടിയുടെ ആദ്യ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയായിരുന്നു.
കെജിഎഫിന്റെ വന്‍ വിജയത്തിന് ശേഷം ഒരുങ്ങുന്ന രണ്ടാംഭാഗത്തിന്റെ ചിത്രീകരണം അടുത്തിടെ ആരംഭിച്ചിട്ടുണ്ട്. ബജറ്റിലും താരനിര്‍ണയത്തിലും ആദ്യ ഭാഗത്തേക്കാള്‍ ഗംഭീരമാവും രണ്ടാം ഭാഗമെന്നാണ് അണിയറക്കാര്‍ പറഞ്ഞിരിക്കുന്നത്. ഇന്ത്യയിലെ മിക്ക ഭാഷാസിനിമകളില്‍ നിന്നും കെജിഎഫ് രണ്ടിലേക്ക് അഭിനേതാക്കളെ എത്തിക്കാന്‍ സംവിധായകന്‍ പ്രശാന്ത് നീലും നിര്‍മ്മാതാക്കളും ശ്രമിക്കുന്നുള്ളതായാണ് അറിവ്.