ടി20 ക്രിക്കറ്റില്‍ ഒരിക്കലും പൂജ്യത്തിന് പുറത്താവാത്ത അഞ്ച് ബാറ്റ്സ്മാന്‍മാര്‍

By Web TeamFirst Published Apr 9, 2020, 8:31 PM IST
Highlights

ടി20 ക്രിക്കറ്റില്‍ പൂജ്യത്തിന് പുറത്താവുന്നത് ബാറ്റ്സ്മാനെ സംബന്ധിച്ചിടത്തോളം സാധാരണമാണ്. എന്നാല്‍ കരിയറില്‍ ഇതുവരെ ഒരിക്കല്‍ പോലും പൂജ്യത്തിന് പുറത്താവാത്ത ബാറ്റ്സ്മാന്‍മാരുമുണ്ട് ടി20 ക്രിക്കറ്റില്‍. 

മുംബൈ: ക്രീസിലെത്തിയാല്‍ ആദ്യ റണ്ണെടുക്കാനുള്ള സമ്മര്‍ദ്ദത്തിലാവും ബാറ്റ്സ്മാന്‍മാര്‍. അതിവേഗ സ്കോറിംഗ് വേണ്ട കളിയായ ടി20 ക്രിക്കറ്റില്‍ സമയമെടുത്ത് നിലയുറപ്പിക്കാനോ ആദ്യ റണ്ണിനായി ഒരുപാട് പന്തുകളൊന്നും പാഴാക്കാനോ ബാറ്റ്സ്മാന് സമയം കാണില്ല. ആദ്യ പന്തില്‍ തന്നെ ആഞ്ഞടിക്കേണ്ട സാഹചര്യങ്ങളുമുണ്ടാകാം. അതുകൊണ്ടുതന്നെ ടി20 ക്രിക്കറ്റില്‍ പൂജ്യത്തിന് പുറത്താവുന്നത് ബാറ്റ്സ്മാനെ സംബന്ധിച്ചിടത്തോളം സാധാരണമാണ്. എന്നാല്‍ കരിയറില്‍ ഇതുവരെ ഒരിക്കല്‍ പോലും പൂജ്യത്തിന് പുറത്താവാത്ത ബാറ്റ്സ്മാന്‍മാരുമുണ്ട് ടി20 ക്രിക്കറ്റില്‍. പൂജ്യരായി പുറത്താവാതെ ഏറ്റവും കൂടുതല്‍ ഇന്നിംഗ്സ് കളിച്ചിട്ടുള്ള അഞ്ച് ബാറ്റ്സ്മാന്‍മാരെ പരിചയപ്പെടാം.

കുശാല്‍ പെരേര
ശ്രീലങ്കയുടെ വിശ്വസ്ത ബാറ്റ്സ്മാനായ കുശാല്‍ പെരേര വിവിധ പൊസിഷനുകളില്‍ ബാറ്റ് ചെയ്തിട്ടുണ്ടെങ്കിലും കരിയറില്‍ ഇതുവരെ കളിച്ച 46 ടി20 ഇന്നിംഗ്സുകളില്‍ ഒന്നില്‍പോലും പൂജ്യത്തിന് പുറത്തായിട്ടില്ല. എന്നാല്‍ 11 തവണ പത്തില്‍ താഴെ സ്കോറില്‍ പുറത്തായിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും കുശാല്‍ പെരേര പൂജ്യത്തിന് പുറത്തായിട്ടില്ല.

ദിനേശ് ചണ്ഡിമല്‍
ശ്രീലങ്കയുടെ മുന്‍ നായകനും ഇപ്പോള്‍ ടീമില്‍ നിന്ന് പുറത്തുമായ ദിനേസ് ചണ്ഡിമലാണ് ഈ പട്ടികയില്‍ രണ്ടാമതുള്ളത്. ഇതുവരെ കളിച്ച 47 ടി20 ഇന്നിംഗ്സുകളില്‍ ഒരിക്കല്‍ പോലും ചണ്ഡിമല്‍ പൂജ്യത്തിന് പുറത്തായിട്ടില്ല. എന്നാല്‍ 19 തവണ ചണ്ഡിമല്‍ 10ല്‍ താഴെയുള്ള സ്കോറിന് പുറത്തായിട്ടുണ്ട്.

ഫാഫ് ഡൂപ്ലെസിസ്
ദക്ഷിണാഫ്രിക്കയുടെ നായകസ്ഥാനം നഷ്ടമായ ഫാഫ് ഡൂപ്ലെസിയാണ് ടി20 ക്രിക്കറ്റില്‍ പൂജ്യനായി പുറത്താവാത്ത മറ്റൊരു താരം. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ ദക്ഷിണാഫ്രിക്കക്കായി തിളങ്ങിയിട്ടുള്ള ഡൂപ്ലെസി ഇതുവരെ കളിച്ച 47 ടി20 ഇന്നിംഗ്സുകളില്‍ ഒന്നില്‍ പോലും പൂജ്യത്തിന് പുറത്തായിട്ടില്ല. 11 തവണ ഡൂപ്ലെസി പത്തില്‍ താഴെയുള്ള സ്കോറിന് പുറത്തായിട്ടുണ്ട്.

മര്‍ലോണ്‍ സാമുവല്‍സ്
ദീര്‍ഘകാലമായി വെസ്റ്റ് ഇന്‍ഡീസിന്റെ വിശ്വസ്തനാണ് മര്‍ലോണ്‍ സാമുവല്‍സ്. 2012ലെ ടി20 ലോകകപ്പ് ഫൈനലില്‍ സാമുവല്‍സിന്റെ ഇന്നിംഗ്സാണ് ലങ്കയെ വീഴ്ത്തി വിന്‍ഡീസ് ടി20 ലോകകപ്പ് നേടിക്കൊടുക്കാന്‍ സഹായിച്ചത്. വിന്‍ഡീസിനായി ഇതുവരെ 65 ടി20 ഇന്നിംഗ്സുകളില്‍ ബാറ്റിംഗിനിറങ്ങിയ സാമുവല്‍സിനെ ഒരുതവണ പോലും പൂജ്യത്തിന് പുറത്താക്കാന്‍ ബൌളര്‍മാര്‍ക്കായിട്ടില്ല. 19 തവണ സാമുവല്‍സ് പത്തിന് താഴെയുള്ള സ്കോറിന് പുറത്തായിട്ടുണ്ട്.

ഡേവിഡ് മില്ലര്‍
ടി20 ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാന്‍മാരിലൊരാളാണ് ഡേവിഡ് മില്ലര്‍. ദക്ഷിണാഫ്രിക്കയുടെ ഫിനിഷര്‍മാരിലൊരാളായ മില്ലര്‍ ഇതുവരെ 68 ടി20 ഇന്നിംഗ്സുകളില്‍ ബാറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഒരു തവണ പോലും പൂജ്യത്തിന് പുറത്തായിട്ടില്ല. 14 തവണ മില്ലര്‍ പത്തില്‍ താഴെയുള്ള സ്കോറിന് പുറത്തായിട്ടുമുണ്ട്.

click me!