
38.3 ഓവറില്‍ 501 റണ്‍സ്. ഗൗതം ഗംഭീര്‍ പറഞ്ഞതുപോലെ ഇത് ക്രിക്കറ്റാണോ, വെറും ബാറ്റിങ് മാത്രമല്ലെ. ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടി20 അവസാനിക്കുമ്പോള്‍ സഞ്ജു സാംസണ്‍, ഷായ് ഹോപ്, ഷെര്‍ഫെയ്ൻ റുഥര്‍ഫോഡ് എന്നിവരുടെ പവര്‍ ഹിറ്റിങ് എബിലിറ്റിയും ക്ലാസും ആഘോഷിക്കപ്പെടുമ്പോള്‍ അതിനൊരു മറുവശം കൂടിയുണ്ട്. അത് ബൗളര്‍മാരോട് കാണിക്കുന്ന അനീതിയാണ്. ടി20 ഫോര്‍മാറ്റ് എന്റര്‍ടെയ്ൻമെന്റിനായി വഴിമാറിക്കൊടുക്കുമ്പോള്‍ ബലിയാടാകുന്നത് ബൗളര്‍മാരുടെ കരിയറുകളും, എല്ലാവര്‍ക്കും ജസ്പ്രിത് ബുമ്രയാകാനാകില്ലല്ലോ...
റാഞ്ചിയില്‍ പന്തെടുത്ത ബൗളര്‍മാരുടെ എക്കോണമികള്‍ പരിശോധിക്കാം. മായങ്ക് യാദവ് 12, അര്‍ഷദീപ് സിങ് 11.20, അക്സര്‍ പട്ടേല്‍ 18, ശിവം ദുബെ 15, കുല്‍ദീപ് യാദവ് 13.20, നമൻ ധീര്‍ 12.50. ഇത് ഇന്ത്യൻ ബൗളര്‍മാരുടെ കണക്കുകളാണ്, ഒരാളുടെ എക്കോണമി പോലും പത്തില്‍ താഴെയില്ല. ഇനി വിൻഡീസ് നിരയിലേക്ക് എത്തിയാലും കാര്യങ്ങള്‍ വിഭിന്നമല്ല. അവിടെ ഒരാളുടെ പേരിന് നേര്‍ക്ക് മാത്രമാണ് എക്കോണമി 10 കടക്കാതിരുന്നത്. ഓഫ് സ്പിന്നറായ റോസ്റ്റണ്‍ ചേസ്, നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ താരം.
ഒരുപക്ഷേ, ഇന്ത്യയേയും വെസ്റ്റ് ഇൻഡീസിനേയും വേര്‍തിരിച്ചത് ചേസിന്റെ സ്പെല്ലാകാം. കൃത്യമായി ലൈനിലും ലെങ്തിലും മാറ്റം വരുത്തി ഇന്ത്യൻ ബാറ്റര്‍മാരെ തന്റെ ബൗളിങ്ങില്‍ സെറ്റിലാകാൻ ചേസ് അനുവദിച്ചില്ല എന്നത് തന്നെയായിരുന്നു ഏറ്റവും പ്രധാനപ്പെട്ട ഘടകം. ബാറ്റിങ്ങിന് അനുകൂലമായ വിക്കറ്റും ബ്രൂട്ടല്‍ ഹിറ്റിങ്ങും കാലാവസ്ഥയും ബാറ്റര്‍മാരെ തുണച്ചപ്പോള്‍ മറ്റ് ബൗളര്‍മാര്‍ക്കാര്‍ക്കും ചേസിന്റെ സ്പെല്‍ ആവര്‍ത്തിക്കാൻ കഴിഞ്ഞില്ല.
ഇന്ത്യയുടെ സമീപകാല വൈറ്റ് ബോള്‍ ചരിത്രമെടുത്താല്‍ വിക്കറ്റ് ടേക്കിങ്ങിലും കണ്‍സിസ്റ്റൻസിയിലും മുന്നിലുള്ള രണ്ട് ബൗളര്‍മാരാണ് അക്സര്‍ പട്ടേലും കുല്‍ദീപ് യാദവും. 3.3 ഓവറില്‍ അക്‌സര്‍ വഴങ്ങിയത് 63 റണ്‍സാണ്, ഒരു വിക്കറ്റ് പോലും ഇടം കയ്യൻ സ്പിന്നറുടെ പേരിലുണ്ടായില്ല. കുല്‍ദീപാകട്ടെ നാല് ഓവര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 53 റണ്‍സ് വിട്ടുകൊടുത്തു. ഷെര്‍ഫെയ്ൻ റുഥര്‍ഫോഡിന്റെ വിക്കറ്റ് നേടിയെങ്കിലും അപ്പോഴേക്കും മത്സരം കൈവിട്ടിരുന്നു.
ഇന്ത്യയുടെ ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ടോപ് വിക്കറ്റ് ടേക്കറായ അര്‍ഷദീപ് സിങ്, നാല് ഓവറില്‍ 45 റണ്‍സ്, വിക്കറ്റില്ല. ഒരുപക്ഷേ അര്‍ഷദീപിനും കുല്‍ദീപിനും അക്സറിനുമൊക്കെ കരിയര്‍ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞേക്കും. പക്ഷേ, ബുമ്രയുടേയും മറ്റ് പ്രധാന താരങ്ങളുടേയും അഭാവത്തില്‍ മാത്രം ഒന്നോ രണ്ട് മത്സരങ്ങളില്‍ അവസരം കിട്ടുന്ന ബൗളര്‍മാരുടെ കാര്യം അങ്ങനെയല്ല. അവരുടെ കരിയര്‍ അടയാളപ്പെടുന്നതും മറ്റൊരു തരത്തിലാകും. ന്യൂബോളില്‍ നല്ലൊരു സ്പെല്‍ എറിയാൻ സാധിച്ചതാണ് മായങ്കിന് മൂന്ന് വിക്കറ്റ് നേടിക്കൊടുത്തത്.
ബിഗ് ഹിറ്റര്‍മാരാല്‍ സമ്പന്നമായ ഇന്ത്യയുടെ ബാറ്റിങ് നിരയിലെ പ്രമുഖരെപ്പോലെ തന്നെ ടീമില്‍ ദീര്‍ഘകാലം തുടരാൻ അര്‍ഹതപ്പെട്ടവരാണ് ബൗളര്‍മാരും. പക്ഷേ, അവര്‍ക്ക് അത്തരമൊരു സാഹചര്യം മാത്രം ഒരുങ്ങുന്നില്ല എന്ന് മാത്രം. അതിപ്പോള്‍ ഏകദിന പരമ്പരകളാണെങ്കിലും, ഐപിഎല്‍ ആണെങ്കിലും ടി20 ലോകകപ്പാണെങ്കിലും സ്ഥിതി വ്യത്യസ്തമല്ല.
വിൻഡീസിനെതിരായ ഏകദിന പരമ്പരയില്‍ അക്വിബ് നബി ഒരേയൊരു മത്സരമാണ് കളിച്ചത്. 8.5 ഓവറില്‍ വഴങ്ങിയത് 83 റണ്‍സ്. കഴിഞ്ഞ രണ്ട് രഞ്ജി സീസണിലും ജമ്മു കശ്മിരിനായി സമാനതകളില്ലാത്തെ ബൗളിങ് പ്രകടനം കാഴ്വെക്കുകയും അവരെ കിരീടത്തിലേക്ക് നയിക്കുകയും ചെയ്ത ബൗളറാണെന്ന് ഓര്‍ക്കണം. ബുമ്രയുടെ അഭാവത്തില്‍ മാത്രം ലഭിച്ച അവസരമായിരുന്നു ഇത്. പക്ഷേ, ലഭിച്ചതാകട്ടെ ബാറ്റിങ് പറുദീസയിലും.
ബുമ്രയില്ലാതെ ഇന്ത്യക്ക് ഒന്നും സാധിക്കില്ല എന്ന വിമര്‍ശനത്തിന് ആക്കം കൂട്ടുന്നതാണ് രണ്ടാം ടി20. നേരത്തെ സൂചിപ്പിച്ചതുപോലെ എല്ലാവര്‍ക്കും ഒരു ബുമ്രയും ഹേസല്‍വുഡോ മിച്ചല്‍ സ്റ്റാര്‍ക്കൊ കഗിസൊ റബാഡയോ ആകാനാകില്ലല്ലോ. ജനറേഷണല്‍ ടാലന്റുകളെ വെച്ച് മറ്റുള്ളവരെ താരതമ്യം ചെയ്യുന്നതും ശരിവെക്കാൻ സാധിക്കുന്നതല്ല. ഈവനായുള്ള കോമ്പറ്റീഷനുകളാണ് ആവശ്യം, ടി20യില്‍ 250 പോലും സേഫ് സ്കോറല്ലാത്ത ഒരു സ്ഥിതിയിലേക്ക് വിക്കറ്റുകള്‍ മാറിയാല്‍ ബൗളര്‍മാരുടെ കരിയറുകളുടെ ആയുസ് കുറയും..എന്റര്‍ടെയ്ൻമെന്റ് കൂടും, ക്രിക്കറ്റിന്റെ സാന്നിധ്യം കുറയും..