തലയില്‍ കൈ വെച്ചവർ കയ്യടിച്ചു; വീണ്ടുമൊരു സഞ്ജു സാംസണ്‍ കംബാക്ക്

Published : Oct 10, 2026, 04:16 PM IST
Sanju Samson

Synopsis

വൈഭവ് സൂര്യവംശി കാത്തിരിക്കുന്ന ഡഗൗട്ടിന് മുന്നിലൂടെ ധോണിയുടെ മണ്ണിലേക്ക് അയാള്‍ ചുവടുവെക്കുമ്പോള്‍ ഹര്‍ഷ ഭോഗ്ലെ കമന്ററി ബോക്സിലൂടെ സ്ഥിരതയില്ലായ്മയെക്കുറിച്ചുള്ള ചര്‍ച്ചകളെ ഓ‍ര്‍മിപ്പിച്ചു

വീഴ്ചയും ഉയിര്‍പ്പും ശീലമായൊരു കരിയര്‍, അതുപോലൊരു രാത്രിയുടെ പാതിക്ക് ശേഷം അയാള്‍ പറയുകയാണ്...

കഴിഞ്ഞ മൂന്ന് ഇന്നിങ്സുകള്‍ മോശമായിരുന്നു, അതുകൊണ്ട് കുറച്ച് സമയമെടുത്ത് ഇന്നിങ്സ് കെട്ടിപ്പടുക്കാം എന്ന് എനിക്ക് വിചാരിക്കാനാകില്ല. മുന്നോട്ട് പോകാൻ ഒരുവഴിയെയുള്ളു, ടീമിനാണ് പ്രഥമ പരിഗണ. രാജ്യത്തിന് മികച്ച തുടക്കം നല്‍കുക എന്നതാണ് എന്റെ ജോലി, അത് ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരും...പരാജയപ്പെട്ടാലും ഉത്തരവാദിത്തം ഏറ്റെടുക്കും...

വൈഭവ് സൂര്യവംശി കാത്തിരിക്കുന്ന ഡഗൗട്ടിന് മുന്നിലൂടെ ധോണിയുടെ മണ്ണിലേക്ക് അയാള്‍ ചുവടുവെക്കുമ്പോള്‍ ഹര്‍ഷ ഭോഗ്ലെ കമന്ററി ബോക്സിലൂടെ സ്ഥിരതയില്ലായ്മയെക്കുറിച്ചുള്ള ചര്‍ച്ചകളെ ഓ‍ര്‍മിപ്പിച്ചു...

ഇന്നിങ്സിന്റെ ആയുസ് നേരിട്ട അഞ്ചാം പന്തില്‍ അവസാനിക്കേണ്ടതായിരുന്നു, കാമില്‍ പൂരന്റെ കൈകളുടെ പിഴവ് അത് നീട്ടി നല്‍കി. ഒറ്റപന്തിന്റെ ഇടവേളയ്ക്കപ്പുറം റാഞ്ചി സാക്ഷ്യം വഹിച്ചത് അനിവാര്യമായൊരു ഇന്നിങ്സിന് ലോങ് ഓണിനപ്പുറം തുടക്കമാകുന്നതായിരുന്നു...സമ്മര്‍ദങ്ങളുടെ വേലിയേറ്റങ്ങളെ മറികടക്കാൻ അത്രമാത്രമെ വേണ്ടിയിരുന്നുള്ളു...സഞ്ജു സാംസണ്‍ ഒരിക്കല്‍ക്കൂടി...

അഞ്ചാം ഓവര്‍. അക്കീല്‍ ഹുസൈൻ, ലക്നൗവിലെ ഒരു കണക്ക് ബാക്കിയുണ്ടായിരുന്നു. അക്കീല്‍ ആദ്യമെത്തിയപ്പോഴൊന്ന് പതറിയെങ്കിലും ഇക്കുറി അങ്ങനെയായിരുന്നില്ല. ഫുള്‍ ലെങ്ത് പന്തില്‍ ഒരു ഇൻസൈഡ് ഔട്ട് ലോഫ്റ്റഡ് ഡ്രൈവ്, ബൗണ്ടറി. ഈ ഷോട്ട് കണ്ട് നിങ്ങള്‍ക്കൊരിക്കലും സഞ്ജു ഫോമിലല്ല എന്ന് സ്ഥാപിക്കാനാകില്ല എന്നായിരുന്നു ഇന്ത്യൻ ഇതിഹാസം സുനില്‍ ഗവാസ്ക്കറിന്റെ വാക്കുകള്‍...

തേടിയെത്തിയ രണ്ടാം പന്തും സമാന ഡെലിവെറി, ഇക്കുറി ലെഗ്‌ സൈഡിലേക്കൊന്ന് ചുവടുമാറി ഡീപ് എക്‌സ്ട്രാ കവറിന് മുകളീലൂടെ ഇൻസൈഡ് ഔട്ട് സിക്‌സ്. ലൈനില്‍ മാറ്റം വരുത്തിയെങ്കിലും ലെങ്ത് ആവര്‍ത്തിച്ച അക്കില്‍ ലോങ് ഓണിലേക്കാണ് ശേഷം നിക്ഷേപിക്കപ്പെട്ടത്. തൊട്ടുപിന്നാലെ, വിമര്‍ശകര്‍ക്ക് ഗവാസ്ക്കറുടെ താക്കീതും, ഒരിക്കലും സഞ്ജു സാംസണിന്റെ ഫോമിനെ ചോദ്യം ചെയ്യരുതെന്ന്. ആ ഓവറില്‍ നേരിട്ട അഞ്ച് പന്തില്‍ സഞ്ജു സ്കോര്‍ബോര്‍ഡിലേക്ക് ചേര്‍ത്തത് 21 റണ്‍സാണ്.

ടൈമിങ്ങിലെ പോരായ്മകളെ പ്ലേസ്മെന്റുകൊണ്ട് മറികടക്കുന്ന സഞ്ജുവിനെയായിരുന്നു റാഞ്ചിയില്‍ കണ്ടത്. റൊമാരിയൊ ഷെപ്പേഡിന്റെ ഫുള്‍ ലെങ്ത് ഡെലിവെറിയില്‍ ഒരു ടെക്സ്റ്റ് ബുക്ക് കവര്‍ ഡ്രൈവിലൂടെ അര്‍ദ്ധ സെഞ്ചുറിയിലേക്ക്. കേവലം 21 പന്തിലായിരുന്നു വലം കയ്യൻ ബാറ്ററുടെ നേട്ടം. വിൻഡീസിനെതിരെ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയത്, 2019ല്‍ വിരാട് കോലിയുടെ വാംഖഡെ മാസ്റ്റര്‍ക്ലാസിനൊപ്പം സഞ്ജുവും.

ഫോര്‍മാറ്റിലെ ഒൻപതാം ഫിഫ്റ്റി. അതും പവര്‍പ്ലേയ്ക്കുള്ളില്‍ തന്നെ, ഇന്ത്യൻ സ്കോര്‍ 79ലെത്തിയപ്പോള്‍ സഞ്ജു 50 കടന്നു, സ്കോര്‍ബോര്‍ഡ് ഡൊമിനേഷൻ കണ്ട മറ്റൊരു ഇന്നിങ്സുകൂടി. സഞ്ജുവിന് അല്‍പ്പം വിശ്രമിക്കാൻ അവസരം കൊടുത്ത് ഇഷാൻ കിഷൻ ഉത്തരവാദിത്തമേറ്റെടുത്തു. ഫലം ഗുദാഗേഷ് മോത്തിയും റോസ്റ്റൻ ചേസും ബൗണ്ടറി റോപ്പിനപ്പുറം.

മോത്തിയുടെ ഷോര്‍ട്ട് ബോള്‍ 91 മീറ്റര്‍ ദൂരം താണ്ടിയ സിക്സ്, ശേഷം കവറിലൂടെ മറ്റൊരു ബൗണ്ടറി കൂടി. ഷമാര്‍ ജോസഫിന്റെ മണിക്കൂറില്‍ 145 കിലോമീറ്റര്‍ ക്ലോക്ക് ചെയ്ത ഡെലിവെറി ഷോര്‍ട്ട് ഫൈനിലേക്ക് ഗയ്‌ഡ് ചെയ്‌തൊരു ഫോറുകൂടി, സഞ്ജു റാഞ്ചിയില്‍ വിൻഡീസിനെ ശിക്ഷിക്കുന്നത് തുടര്‍ന്നുകൊണ്ടേയിരുന്നു. 10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 127ല്‍ എത്തിയിരുന്നു.

എന്നാല്‍, ഇഷാന്റെ മടക്കവും ശിവം ദുബെയുടെ മെല്ലെയുള്ള തുടക്കവും സഞ്ജുവിന്റെ സ്കോറിങ്ങിനെ അല്‍പ്പമൊന്ന് പിടിച്ചുനിര്‍ത്തി. ഒരു അപ്പര്‍ കട്ടും കൂടി ബാക്കിവെച്ച് ഷമാര്‍ സ്പ്രിങ്ങറുടെ പന്തില്‍ പുരാന്റെ കൈകളില്‍ സഞ്ജുവിന്റെ ഇന്നിങ്സ് അവസാനിക്കുകയായിരുന്നു. 41 പന്തില്‍ 82 റണ്‍സ്. ഒൻപത് ഫോറും നാല് സിക്സും.

ലഖ്നൗവില്‍ സഞ്ജുവിന്റെ മടക്കത്തിന് പിന്നാലെ തലയില്‍ കൈവച്ച് നിരാശപ്പെട്ട ഗംഭീര്‍ ഡഗൗട്ടില്‍ എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നുണ്ടായിരുന്നു. ഇന്ത്യൻ ഡഗൗട്ട് മാത്രമല്ല റാഞ്ചിയിലെ ഗ്യാലറി മുഴുവനായും. മുന്നിലെത്തിയ ബൗളര്‍മാരില്‍ ബൗണ്ടറി വഴങ്ങാതിരുന്നത് സ്പ്രിങ്ങര്‍ മാത്രമായിരുന്നു...അക്കീല്‍ മുതല്‍ ഷമാര്‍ വരെയുള്ള എല്ലാവരും സഞ്ജുവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു...

സഞ്ജുവിനെതിരെ പന്തെടുക്കുന്ന ടീമുകള്‍ക്ക് ഒരു ഓപ്ഷൻ മാത്രമാണുള്ളത്. ഒന്നുകില്‍ 15 പന്തുകള്‍ മുൻപ് അയാളെ ഔട്ടാക്കുക, അതിന് സാധിച്ചില്ലെങ്കില്‍ അയാളുടെ ബാറ്റിങ് ആസ്വദിക്കുക. 2026ലെ മാത്രം കണക്കുകളെടുത്താല്‍ 15 ബോളില്‍ താഴെ സഞ്ജു നേരിട്ടിട്ടുള്ള 16 ഇന്നിങ്സുകളുണ്ട്, ആകെ 164 റണ്‍സാണ് നേട്ടം, സ്ട്രൈക്ക്റ്റ് 136, ഒരു 30 പ്ലസ് സ്കോറുപോലുമില്ല. എന്നാല്‍ 15 പന്തുകള്‍ താണ്ടിയ ആറ് ഇന്നിങ്സുകളില്‍ സഞ്ജുവിന്റെ നേട്ടം 464 റണ്‍സാണ്, ആറ് അര്‍ദ്ധ സെഞ്ചുറികള്‍, സ്ട്രൈക്കറ്റ് റേറ്റ് 200ന് അടുത്തും...

ക്രീസില്‍ തുടരാനായാല്‍ മറ്റാരേക്കാളും ഇംപാക്റ്റുണ്ടാക്കാൻ സഞ്ജുവിന് സാധിക്കുമെന്ന് ചുരുക്കം...ഗംഭീറിന്റെ വിശ്വാസത്തിന് പിന്നിലെ കാരണവും ഇത് തന്നെയാണ്...

PREV
Read more Articles on
click me!

Recommended Stories

ഹാർദിക്കിന്റെ കാര്യത്തില്‍ എന്താണ് സംഭവിക്കുന്നത്? ലോകകപ്പ് പദ്ധതികളില്‍ ഇല്ലേ?
അഗാർക്കർ പോയി, മുഹമ്മദ് ഷമി ഇന്ത്യൻ ‍ടീമില്‍ തിരിച്ചെത്തുമോ? സാധ്യതകള്‍