നോവായി സഹോദരി, നടന്ന കനല്‍വഴികളും വെല്ലുവിളികളും; ഒടുവില്‍ പത്തരമാറ്റോടെ ആകാശ്

Published : Jul 07, 2025, 03:39 PM IST
Akash Deep

Synopsis

മത്സരശേഷം തന്റെ പ്രകടനത്തേക്കാള്‍ അർബുദത്തിനോട് പോരാടുന്ന സഹോദരിയെക്കുറിച്ചായിരുന്നു ആകാശ് പറഞ്ഞത്

വലതുകയ്യില്‍ ഡ്യൂക്ക്‌സ് ബോള്‍, ഇടതു കയ്യില്‍ ഒരു സ്റ്റമ്പ്! എഡ്‌ജ്‌ബാസ്റ്റണില്‍ ചരിത്രമെഴുതി ചിരിച്ചു നില്‍ക്കുന്ന ആകാശ് ദീപ് മാത്രമായിരുന്നില്ല അത്. ആ ഫ്രെയിമിന് പിന്നില്‍ വ്യക്തിജീവിതത്തിലും ക്രിക്കറ്റ് കരിയറിലും ഓരേപോലെ തിരിച്ചടികള്‍ നേരിട്ട മാസങ്ങള്‍ താണ്ടിയ ഒരുവന്റെ ആശ്വാസം നിങ്ങള്‍ക്ക് കാണാം.

മത്സരശേഷം തന്റെ പ്രകടനത്തേക്കാള്‍ അർബുദത്തിനോട് പോരാടുന്ന സഹോദരിയെക്കുറിച്ചായിരുന്നു ആകാശ് പറഞ്ഞത്. കഴിഞ്ഞ രണ്ട് മാസമായി എന്റെ സഹോദരി അർബുദത്തിനോട് പോരാടുകയാണ്. മാനസികമായി വല്ലാത്ത ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്ന അവള്‍ക്ക് ഇത് ആശ്വാസമാകും. അവളുടെ ചിരി കാണാൻ മാത്രമാണ് ഞാൻ ആഗ്രഹിക്കുന്ന്. ഈ പ്രകടനം അവള്‍ക്കുള്ളതാണ്, പന്തെടുത്തപ്പോഴെല്ലാം എന്റെ സഹോദരിയെക്കുറിച്ചുള്ള ചിന്തകള്‍ മാത്രമാണ് മനസിലേക്ക് വന്നത്, ആകാശ് പറഞ്ഞുവെച്ചു.

അർബുദമെന്ന അപ്രതീക്ഷിത അതിഥിയോട് സഹോദരി പോരാടുമ്പോള്‍ അതിന്റെ നോവ് ആകാശിനൊപ്പമുണ്ടായിരുന്നു. കരിയറിലാകട്ടെ രണ്ട് വെല്ലുവിളികളും. ഒന്ന് തുടരുന്ന പരുക്കും രണ്ട് ടെസ്റ്റ് ടീമിലെ സ്ഥിരമല്ലാത്ത സ്ഥാനവും. ഇത് രണ്ടിനേയും അതിജീവിച്ച് ഉയരാൻ ആകാശിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടത് നാട്ടില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കുമ്പോള്‍ സ്വപ്നം കണ്ട പച്ചപുതച്ച വിക്കറ്റായിരുന്നില്ല. മറിച്ച് എഡ്‌ജ്‌ബാസ്റ്റണിലെ ഫ്ലാറ്റ് ട്രാക്കായിരുന്നു, ലോകത്തില്‍ തന്നെ ബാറ്റിങ്ങിന് അനുകൂലമായ വിക്കറ്റുകളില്‍ മുൻപന്തിയിലുള്ളത്.

തന്റെ കരിയറിലാദ്യമായി ഡ്യൂക്ക്‌സ് ബോള്‍ കയ്യിലെത്തിയ മത്സരം, നികത്തേണ്ടത് ജസ്പ്രിത് ബുംറയുടെ വിടവ്. ഇംഗ്ലണ്ട് ബൗളര്‍മാര്‍ പോലും പരാജയപ്പെട്ട കണ്ടീഷൻ. ഇവിടെയാണ് 41.1 ഓവറുകള്‍ എറിഞ്ഞ് 187 റണ്‍സ് മാത്രം വഴങ്ങി ആകാശ് പത്ത് വിക്കറ്റുകളെടുക്കുന്നത്. 1986ന് ശേഷം ആദ്യമായൊരു ഇന്ത്യൻ ബൗളര്‍ ഇംഗ്ലണ്ടില്‍ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരിക്കുന്നു, ചേതൻ ശ‍ര്‍മയായിരുന്നു അന്ന് ചരിത്രം കുറിച്ചത്. അഞ്ച് ദിവസം നീണ്ട മത്സരത്തില്‍ ഇരൂടീമുകളും ചേര്‍ന്ന് നേടിയത് 1692 റണ്‍സ്. ഈ മത്സരത്തിലാണ് ആകാശിന്റെ പ്രകടനം.

രണ്ടാം ഇന്നിങ്സിലെ ആകാശിന്റെ 21 ഓവറുകളും കൃത്യതയും അച്ചടക്കവും സമന്വയിച്ച ബൗളിങ്ങിന്റെ ഉദാഹരണമായിരുന്നു. ഓരോ ബാറ്റര്‍മാരെയും കൃത്യമായി സെറ്റ് ചെയ്തും അഞ്ചാം ദിനം വിക്കറ്റിലുടലെടുത്ത വ്യത്യാസങ്ങളേയും പൂ‍ര്‍ണമായി ഉപയോഗിച്ച സ്പെല്ലുകള്‍. ബെൻ ഡക്കറ്റിനെ ബൗള്‍ഡാക്കിയ പന്ത്. അതിന് മുൻപ് ആകാശെറിഞ്ഞ രണ്ട് പന്തുകള്‍. ആദ്യത്തേത് ഫുള്‍ ലെങ്തും പിന്നാലെ ലെങ്ത് ബോളുമായിരുന്നു. രണ്ടാം പന്ത് ബാക്ക് ഫൂട്ടില്‍ പ്രോപ്പര്‍ ടൈമിങ്ങും കണക്ഷനുമെല്ലാം ഒത്തുചേര്‍ന്ന ബൗണ്ടറിയാണ് ഡക്കറ്റ് നേടിയത്.

പക്ഷേ, മൂന്നാം പന്തെറിയാൻ റൗണ്ട് ദ വിക്കറ്റ് തിരഞ്ഞെടുത്തു ആകാശ്. പെര്‍ഫെക്റ്റ് ലെങ്ത് ബോള്‍, ഇൻസ്വിങ്ങര്‍. പന്തിന്റെ മൂവ്മെന്റ് സംബന്ധിച്ച് ഡക്കറ്റിന് ധാരണയില്ലായിരുന്നു, ബൗള്‍ഡ്. സാധരണ സ്റ്റമ്പ് ലൈനില്‍ പന്ത് പിച്ച് ചെയ്ത് ടോപ് ഓഫ് ദ സ്റ്റമ്പ് ലക്ഷ്യമിടുന്ന ശൈലിയാണ് പേസര്‍മാര്‍ക്ക്. എന്നാല്‍ ആകാശ് ഫോര്‍ത്ത്, ഫിഫ്ത്ത് സ്റ്റമ്പ് ലൈനില്‍ നിന്നാണ് മൂവ്മെന്റ് സൃഷ്ടിക്കുന്നതും സ്റ്റമ്പിനെ ലക്ഷ്യമാക്കുന്നതും.

ലോക ഒന്നാം നമ്പര്‍ ബാറ്ററായ ജോ റൂട്ടിന്റെ പ്രതിരോധം തകര്‍ത്ത പന്ത്. ഓഫ് സ്റ്റമ്പിന് പുറത്ത് പിച്ച് ചെയ്ത ഫുള്‍ ലെങ്ത് ഡ‍െലിവെറി. പന്ത് പിച്ച് ചെയ്ത ലൈനില്‍ കളിക്കാനായിരുന്നു റൂട്ടിന്റെ തീരുമാനം. പക്ഷേ, പിച്ച് ചെയ്തതിന് ശേഷം അപ്രതീക്ഷിതമായ മൂവ്മെന്റ് പന്തിനുണ്ടായി, പേസും. റൂട്ടിന്റെ സ്റ്റമ്പ് തെറിക്കുന്നതിനാണ് എഡ്ജ്ബാസ്റ്റണ്‍ സാക്ഷിയായത്. പോപിനെ കുടുക്കിയത് എക്സ്ട്രാ ബൗണ്‍സായിരുന്നു.

ഹാരി ബ്രൂക്കിനെ പുറത്താക്കിയ ആകാശിന്റെ പന്തിന് ഒരു ഓഫ് സ്പിന്നറിന് ലഭിക്കുന്ന ടേണിന് സമാനമായ മൂവ്മെന്റുണ്ടായിരുന്നു. സ്റ്റമ്പില്‍ നിന്ന് ഏഴ് മീറ്റര്‍ ഇപ്പുറത്ത് പിച്ച് ചെയ്ത പന്തിന് രണ്ട് ഡിഗ്രിയോളമായിരുന്നു ലഭിച്ച് മൂവ്മെന്റ്. പന്തിന് ബൗണ്‍സ് ലഭിക്കാത്തത്, ഫോര്‍വേഡ് ഡിഫൻസിന് ശ്രമിച്ച ബ്രൂക്കിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. തുടര്‍ച്ചയായി രണ്ട് സിക്സ് പായിച്ച് നിന്ന ജേമി സ്മിത്തിനെ പവലിയനിലേക്ക് പറഞ്ഞയച്ചത് സ്ലോ ബോള്‍ തന്ത്രം. ഒടുവില്‍ ഇന്ത്യയുടെ ജയമുറിപ്പിച്ചത് കാഴ്സിന്റെ വിക്കറ്റിലൂടെ ആകാശ് തന്നെ. ശേഷം ആകാശ് കൈകള്‍ വിടര്‍ത്തിയായിരുന്നു ആ വിജയത്തെ സ്വീകരിച്ചത്.

രണ്ട് ഇന്നിങ്സിലുമായി ആകാശ് നേടിയ പത്ത് വിക്കറ്റില്‍ അഞ്ചും ഫീല്‍ഡര്‍മാരുടെ സഹായമില്ലാതെയായിരുന്നു. അഞ്ചില്‍ നാലും ബൗള്‍ഡുമായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനങ്ങളുടെ ആവര്‍ത്തനം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ആകാശ് നേടിയ 118 വിക്കറ്റില്‍ 42 എണ്ണവും ബൗള്‍ഡാണ്. എത്രത്തോളം സ്ഥിരത ആകാശ് പുല‍ര്‍ത്തുന്നുവെന്ന് ഇത് തെളിയിക്കുന്നു.

എനിക്കൊരു മത്സരം കളിക്കാൻ ലഭിക്കുമ്പോള്‍, അത് സമ്മര്‍ദമായിട്ടല്ല ഒരു അവസരമായാണ് ഞാൻ കണക്കാക്കുന്നതെന്ന് ആകാശ് പറഞ്ഞിട്ടുണ്ട്. അത് എഡ്ജ്ബാസ്റ്റണില്‍ പൂര്‍ണതയിലുമെത്തി. കരിയറില്‍ ആദ്യമായി ഇന്ത്യൻ വിജയത്തില്‍ തന്റെ കയ്യൊപ്പ് പതിപ്പിക്കാൻ ആകാശിനായി.

PREV
Read more Articles on
click me!

Recommended Stories

സൂര്യയും ഗില്ലും ദുർബലകണ്ണികളോ; ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര എത്ര നിർണായകം?
ദക്ഷിണാഫ്രിക്ക ചലഞ്ചിന് സഞ്ജു സാംസണ്‍; ലോകകപ്പ് ടീമില്‍ ഇടം നേടാൻ അവസാന അവസരം?