
സച്ചിൻ തെൻഡുല്‍ക്കറിന്റെ രക്തം വീഴ്ത്തിയ വഖാര്‍ യൂനിസ്. ക്രിക്കറ്റിന്റെ തലതൊട്ടപ്പന്മാരെ വീഴ്ത്തി ലോകകിരീടം ഉയര്‍ത്തിയ ഇമ്രാൻ ഖാൻ. സ്വിങ് സുല്‍ത്താൻ വസിം അക്രം, റാവല്‍പിണ്ടി എക്സ്പ്രസ് ഷോയിബ് അക്തര്‍...ബാറ്റുകൊണ്ട് വിസ്മയിപ്പിച്ച ജാവേദ് മിയാൻദാദ്, ഇൻസമാം ഉള്‍ ഹഖ്, യൂനിസ് ഖാൻ തുടങ്ങിയവരുടെ നിര വെറെ. ലോകക്രിക്കറ്റില്‍ പാക്കിസ്ഥാനെ അടയാളപ്പെടുത്തിയ ഇതിഹാസങ്ങള്‍. പറഞ്ഞാലൊടുങ്ങാത്തത്ര ചരിത്രമുണ്ട് പാക്ക് ക്രിക്കറ്റിന്. പക്ഷേ, ഓസ്ട്രേലിയയും ഇന്ത്യയുമൊക്കെ ക്രിക്കറ്റ് മൈതാനങ്ങള്‍ ഡൊമിനേറ്റ് ചെയ്യുന്നത് തുടരുമ്പോള്‍ പാക്കിസ്ഥാന് പറയാൻ ചരിത്രം മാത്രമാണ് ബാക്കി.
ക്രിക്കറ്റ് ഭൂപടത്തില്‍ ഇന്ന് പാക്കിസ്ഥാന്റെ സ്ഥാനമെവിടെ എന്ന് ചോദിച്ചാല്‍ കൃത്യമായൊരു ഉത്തരം നല്‍കാനില്ല. മൂന്ന് ഫോര്‍മാറ്റുകളിലും ശരാശരിയില്‍ മാത്രമൊതുങ്ങുന്ന പ്രകടനങ്ങള്‍, ഒപ്പം വിവാദങ്ങളുടെ അവസാനിക്കാത്ത ഏടുകള്‍. അതിന്റെ തുടര്‍ച്ച ഇംഗ്ലണ്ട് പര്യടനത്തിലും ലോകം കാണുകയാണ്. ആരോപണങ്ങള്‍, പുറത്താക്കലുകള്‍, രാജി...പാക്കിസ്ഥാൻ ക്രിക്കറ്റില്‍ സംഭവിക്കുന്നതെന്താണ്.
എല്ലാത്തിന്റെയും തുടക്കം ഇംഗ്ലണ്ട് പര്യടനത്തിലാണ്. ഹെഡിങ്ലി ടെസ്റ്റില്‍ ഇന്നിങ്സിനും 103 റണ്‍സിനും തോല്‍വി, ലോര്‍ഡ്സിലെ പരാജയം 194 റണ്‍സിനായിരുന്നു. ടീമിന്റെ ദയനീയമായ പ്രകടനങ്ങള്‍ക്കണ്ട് മുൻതാരങ്ങള്‍ക്ക് നിശബ്ദതപാലിക്കാനായില്ല, വിമര്‍ശനവുമായി മാധ്യമങ്ങളും എത്തി. തോല്‍വികള്‍ക്ക് ശേഷം പാക്ക് ക്രിക്കറ്റ് ബോര്‍ഡ് സ്വീകരിച്ച ആദ്യ നടപടി വിചിത്രമായിരുന്നു. സീനീയര്‍ താരങ്ങള്‍ ഉള്‍പ്പെടെ ടീമിന്റെ ഭാഗമായ ഏഴ് പേരെ തിരികെ വിളിച്ചു. മുഹമ്മദ് റിസ്വാൻ, ഇമാം ഉള്‍ ഹഖ്, സല്‍മാൻ അലി അഗ, അലി ഉസ്മാൻ, ഖറാം ഷഹസാദ്, ആമിര്‍ ജമാല്‍, മുഹമ്മദ് ജാഫര്‍.
ആമിര്‍ ജമാലും മുഹമ്മദ് ജാഫറും ഹെഡിങ്ലിയിലോ ലോര്‍ഡ്സിലോ അന്തിമ ഇലവനില്‍ ഇടം പിടിക്കാത്തവരാണെന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്. ഏഴ് പേര്‍ക്കുള്ള പകരക്കാരായി സയിം ആയുബ്, അബ്ദുള്ള ഫസല്‍, അറഫാത്ത് മിനാസ്, മുഹമ്മദ് ഇമ്രാൻ ജൂനിയര്‍, സെയ്ദ് ബെയ്ഗ്, മുഹമ്മദ് ഇമ്രാൻ, റാസൗല എന്നിവര്‍. സയിം ആയൂബും അബ്ദുള്ള ഫസലും മാത്രമാണ് പാക്കിസ്ഥാനായി ടെസ്റ്റ് കളിച്ചിട്ടുള്ളതുപോലും. ഇതിന് പുറമെ മുഖ്യപരിശീലകനായ സര്‍ഫറാസ് അഹമ്മദിനേയും അസിസ്റ്റന്റായ ഉമര്‍ ഗുല്ലിനേയും സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു. വൈറ്റ് ബോള്‍ പരിശീലകനായ മൈക്ക് ഹേസനാണ് ചുമതല.
ഇമാം ഉള്‍ ഹഖുമായി ബന്ധപ്പെട്ട മറ്റൊരു വിവാദം കൂടി സംഭവിച്ചും ഇംഗ്ലണ്ട് പര്യടനത്തില്‍. ലോര്‍ഡ്സ് ടെസ്റ്റില്‍ നിന്ന് ഇമാം വിട്ടുനിന്നിരുന്നു. തുടയുടെ പിന്നിലെ പേശികള്‍ക്ക് പരുക്കേറ്റതായിരുന്നു കാരണമായി ഇമാം ചൂണ്ടിക്കാണിച്ചത്. എന്നാല്‍ മത്സരത്തിനിടെ ഇമാം ബാറ്റിങ് പരിശീനത്തിലേര്‍പ്പെടുത്ത ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തു. പരിക്ക് പെരുപ്പിച്ച് കാണിച്ചുവെന്ന് സംശയത്തിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ ഇമാമിനെതിരെ പാക് ക്രിക്കറ്റ് ബോര്‍ഡ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. കടുത്ത നടപടിയുണ്ടാകുമെന്നാണ് ബോര്‍ഡിന്റെ മുന്നറിയിപ്പ്.
ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് ടൂറുകളില്‍ ഇമാമിനെ ഉള്‍പ്പെടുത്തിയതില്‍ ബോര്‍ഡ് ചീഫ് സെലക്ടറായ മിസബ ഉള്‍ ഹഖിനോടെ വിശദീകരണം തേടിയിട്ടുണ്ട്. ഇമാമിനെ മാത്രമല്ല റിസ്വാനെയും. ഇതിന് പിന്നാലെ മിസബ സെലക്ടര്‍ സ്ഥാനത്തുനിന്ന് രാജിവെക്കുകയും. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതലയില്‍ നിന്നും മിസബ പിന്മാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇമാമിന്റേയും റിസ്വാന്റെയും ഫോണുകള്‍ ബോര്‍ഡ് അധികൃതര്‍ പരിശോധിച്ചാതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാക്കിസ്ഥാൻ ടീമിന്റെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് ഫോണ്‍ പരിശോധിച്ചത്. ലോര്‍ഡ്സിലെ പരാജയത്തിന് പിന്നാലെയായിരുന്നു ഇത്. പാക്കിസ്ഥാനില്‍ നിന്ന് മടങ്ങും മുൻപ് തിരികെ നല്‍കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.
പാക്കിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡില്‍ ഡയറക്ടര്‍ ഓഫ് ഹൈ പെര്‍ഫോമൻസ് ചുമതല വഹിക്കുന്ന മുൻ താരം ആക്വിബ് ജാവേദിന്റെ അമിതമായുള്ള ഇടപെടലുകളാണ് നിലവിലെ സ്ഥിതിയുടെ കാരണമെന്നും ആരോപണങ്ങളുണ്ട്. മുൻ പരിശീലകനായിരുന്ന ജേസണ്‍ ഗില്ലസ്പി ജാവേദിന്റെ സ്വാധീനത്തെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. പരിശീലകര്‍ക്ക് ഒരു റോളുമില്ല എല്ലാം നിയന്ത്രിക്കുന്നത് ജാവേദാണെന്നായിരുന്നു ഗില്ലസ്പിയുടെ പ്രധാന ആരോപണം.
നിലവില്‍ ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പര നഷ്ടപ്പെട്ട പാക്കിസ്ഥാന് അവസാന ടെസ്റ്റ് നിര്‍ണായകമാണ്. ഇന്നിങ്സ് തോല്‍വിയിലേക്ക് വീഴാൻ സാധ്യത നിലനില്‍ക്കെ ഒരു സമനിലയെങ്കിലും നേടാനായാല്‍ ആശ്വാസമാകും.