പഞ്ചാബിൽ നിന്നുള്ള ഇടങ്കയ്യൻ ബാറ്റർ ഇന്ത്യൻ ടെസ്റ്റ് ടീമിന്‍റെ പടിവാതിലിലായിരുന്നു. ഒഡീഷയിൽ ദേവ്ധർ ട്രോഫി മത്സരം കഴിഞ്ഞ് അംബാലയിൽ എത്തിയതായിരുന്നു ധ്രുവ്.
മുംബൈ: പതിമൂന്നാം വയസിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം, പതിനാലാം വയസിൽ ആദ്യ സെഞ്ചുറി, രഞ്ജി ട്രോഫിയിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ 1,000 റൺസ് തികച്ച താരം. ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കക്കൊപ്പം ഇന്ത്യ ഉറ്റുനോക്കിയ മറ്റൊരു ക്രിക്കറ്റ് വിസ്മയമായിരുന്നു ധ്രുവ് മഹേന്ദർ പാണ്ടോവ്. എന്നാൽ, ടീം ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്പിലേക്ക് ഏതാനും ചുവടുകൾ മാത്രം അകലെനിൽക്കെ, 1992 ജനുവരി 31-ന് സംഭവിച്ച ഒരു ദാരുണ അപകടത്തിൽ ആ 18-കാരന്‍റെ ജീവൻ പൊലിഞ്ഞു.
പഞ്ചാബിൽ നിന്നുള്ള ഇടങ്കയ്യൻ ബാറ്റർ ഇന്ത്യൻ ടെസ്റ്റ് ടീമിന്‍റെ പടിവാതിലിലായിരുന്നു. ഒഡീഷയിൽ ദേവ്ധർ ട്രോഫി മത്സരം കഴിഞ്ഞ് അംബാലയിൽ എത്തിയതായിരുന്നു ധ്രുവ്. അവിടെനിന്ന് പാട്യാലയിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് പോകാനായിരുന്നു പ്ലാൻ. കനത്ത മൂടൽ മഞ്ഞുള്ള ജനുവരി മാസമായതിനാൽ റോഡിൽ കാഴ്ചമങ്ങിയിരുന്നു. യാത്ര സുരക്ഷിതമാകുന്നത് വരെ കാത്തിരിക്കാൻ സഹകളിക്കാരനായ ചേതൻ ശർമ്മ ഉപദേശിച്ചെങ്കിലും അടുത്ത മത്സരത്തിന് മുൻപ് മാതാപിതാക്കൾക്കൊപ്പം പരമാവധി സമയം ചെലവഴിക്കാൻ ആഗ്രഹിച്ച് ധ്രുവ് ടാക്സിയിൽ യാത്ര തിരിച്ചു. എന്നാൽ ആ ടാക്സി ലക്ഷ്യസ്ഥാനത്ത് എത്തിയില്ല; വഴിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പരുക്കേറ്റ ധ്രുവ് ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങി.
സച്ചിൻ ടെൻഡുൽക്കർ 15-ാം വയസ്സിൽ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ചപ്പോൾ, ധ്രുവ് 13-ാം വയസ്സിൽ തന്നെ പഞ്ചാബിനായി പാഡണിഞ്ഞിരുന്നു. രഞ്ജി ട്രോഫിയിൽ ഏറ്റവും വേഗത്തിൽ 1,000 റൺസ് തികയ്ക്കുമ്പോൾ ധ്രുവിന് പ്രായം 17മാത്രമായിരുന്നു. അടുത്ത മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യൻ ടെസ്റ്റ് ടീമിൽ സച്ചിനൊപ്പം ഇടംപിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു കൗമാരതാരം. ധ്രുവിന്‍റെ അകാല വിയോഗം പാണ്ടോവ് കുടുംബത്തിൽ ആഴത്തിലുള്ള മുറിവാണ് ഉണ്ടാക്കിയത്. ഈ ദുരന്തത്തോടെ ഇളയ മകൻ കുനാലിനെ ക്രിക്കറ്റ് കളിക്കാൻ കുടുംബം അനുവദിച്ചില്ല. മകൻ ഇനി ക്രിക്കറ്റ് കളിക്കാതിരിക്കാൻ അമ്മ അവന്‍റെ കിറ്റ് കത്തിച്ചുകളഞ്ഞു. വളരെ കഴിവുറ്റ, മികച്ച ഭാവി മുന്നിലുണ്ടായിരുന്ന ഒരു താരത്തെയാണ് അന്ന് നഷ്ടപ്പെട്ടതെന്ന് സഹതാരമായിരുന്ന അനിൽ കുംബ്ലെ ഓർമിക്കുന്നു. ചെറിയ പ്രായത്തിൽ ഇത്രയും ഭയരഹിതമായി കളിക്കുന്ന മറ്റൊരു ബാറ്ററെ താൻ കണ്ടിട്ടില്ലെന്നായിരുന്നു മുന്‍ ഇന്ത്യൻ താരം അജയ് ജഡേജ ധ്രുവിനെക്കുറിച്ച് പറഞ്ഞത്.
ഇന്ത്യൻ ക്രിക്കറ്റ് പിന്നീട് പല പ്രതിഭകളെയും കണ്ടെങ്കിലും, അന്ന് ആ ദാരുണ അപകടം സംഭവിച്ചില്ലായിരുന്നുവെങ്കിൽ സച്ചിനൊപ്പം തിളങ്ങുന്ന മറ്റൊരു ഇതിഹാസ താരത്തെക്കൂടി ഇന്ത്യയ്ക്ക് ലഭിക്കുമായിരുന്നു എന്ന കാര്യത്തിൽ സഹകളിക്കാർക്ക് പോലും ഇപ്പോഴും സംശയമില്ല.
