തനിക്ക് നിഷേധിക്കപ്പെടുന്നതൊക്കെയും തിരിച്ചുപിടിക്കാൻ ഒരിക്കല്‍ക്കൂടി അയാള്‍ ഇറങ്ങുന്നു, തന്റെ കരിയറിലുടനീളം തരണം ചെയ്തതൊക്കെയും ആവര്‍ത്തിക്കാൻ, സഞ്ജു സാംസണ്‍
നേടിത്തന്നതൊക്കെയും മറന്ന് ഇംഗ്ലണ്ടിനെതിരെ ഡഗൗട്ടിലൊരു കസേര ബാക്കിവെച്ച് കാഴ്ചക്കാരനാക്കി. ഒടുവില്‍ വിമര്‍ശനങ്ങളുടെ കുത്തൊഴിക്കിന് തടയിടാൻ സതാംപ്റ്റണില്‍ ഒരു അവസരം. 14 പന്തില്‍ 27 റണ്‍സ്, അതായിരുന്നു സമ്പാദ്യം, അനിവാര്യമായൊരു തുടക്കം നല്‍കി. പക്ഷേ, സിംബാബ്‌വെ പര്യടനത്തില്‍ പരിഗണിക്കുക പോലും ചെയ്യാത്ത പുറത്ത് നിര്‍ത്തിയതിന് പിന്നിലെന്തായിരുന്നുവെന്നത് മറ്റൊരു ചോദ്യം. പരാതികളോ രൂക്ഷമായ പ്രതികരണങ്ങളോ ഇല്ല, സൂര്യകുമാര്‍ യാദവ് പറഞ്ഞതുപോലെ ടീമിന്റെ ജയത്തിന് വേണ്ടി എന്തും സഹിക്കാൻ തയാറായിരുന്നു.
ഞായറാഴ്‌ച അരുണ്‍ ജയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് വീഴുമ്പോള്‍ ആ തിരിച്ചുവരവിന് കളം ഒരുങ്ങുമോയെന്ന് മാത്രമാണ് അറിയേണ്ടത്. വിശ്വകിരീടം ബിസിസിഐയുടെ ഷെല്‍ഫിലുണ്ടെങ്കില്‍ അതിന്റെ കാരണം അയാളുടെ ബാറ്റാണ്, മറന്നുപോയവരെ ഓര്‍മിപ്പിക്കുന്നുവെന്ന് മാത്രം. തനിക്ക് നിഷേധിക്കപ്പെടുന്നതൊക്കെയും തിരിച്ചുപിടിക്കാൻ ഒരിക്കല്‍ക്കൂടി അയാള്‍ ഇറങ്ങുന്നു, തന്റെ കരിയറിലുടനീളം തരണം ചെയ്തതൊക്കെയും ആവര്‍ത്തിക്കാൻ, സഞ്ജു സാംസണ്‍.
അഫ്ഗാനിസ്ഥാൻ പരമ്പര സഞ്ജുവിന് എത്രത്തോളം നിര്‍ണായകമാണ്. ഈ ചോദ്യത്തിന് ഉത്തരം തേടിപ്പോകുമ്പോള്‍ സഞ്ജുവിന്റെ സമീപകാല പ്രകടനങ്ങളും ഒപ്പം മത്സരിക്കുന്നവരുടെ ഫോമും പറഞ്ഞുപോകേണ്ടതുണ്ട്.
മലയാളി താരത്തിന്റെ അവസാന നാല് അന്താരാഷ്ട്ര മത്സരങ്ങളെടുത്താല്‍ സ്കോറുകള്‍, 27, 1, 0, 5 എന്നിങ്ങനെയാണ്, നാലും വിദേശ വിക്കറ്റില്‍. ടി20 കരിയറെടുത്താല്‍ കഴിഞ്ഞ പത്ത് മത്സരങ്ങളില്‍ ഒരു അര്‍ദ്ധ സെഞ്ചുറി മാത്രമാണ് എടുത്തുപറയാനൊരു നേട്ടം. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിനായി 52 പന്തില്‍ 87 റണ്‍സ്. അതിന് ശേഷം ഒരു 30 പ്ലസ് സ്കോറുപോലും സഞ്ജുവിന്റെ സ്കോര്‍ ഷീറ്റില്‍ ഇല്ല.
നിലവില്‍ ഇന്ത്യയുടെ ടി20 ടീമിന്റെ ഘടന പരിശോധിക്കുകയാണെങ്കില്‍ പെര്‍മോഫൻസ് ആൻഡ് കണ്‍സിസ്റ്റൻസി മാറ്റേഴ്സ് ദ മോസ്റ്റ്. കാരണം, ഒരോ പൊസിഷനും റീപ്ലേസ് ചെയ്യാൻ ഒന്നിലധികം താരങ്ങള്‍ സെലക്ടര്‍മാര്‍ക്ക് മുന്നില്‍ ഓപ്ഷനുകളായുണ്ട്. ഓപ്പണിങ് പൊസിഷൻ മാത്രമെടുത്താല്‍ അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ, പ്രഭ്‌സിമ്രാൻ സിങ്, പ്രിയാൻഷ് ആര്യ എന്നിങ്ങനെ നീണ്ടുകിടക്കുന്നു പേരുകള്‍. ഇംഗ്ലണ്ടിനും സിംബാബ്‌വെയ്ക്കുമെതിരെ വൈഭവായിരുന്നു സഞ്ജുവിന്റെ സ്ഥാനത്ത് കളത്തിലെത്തിയതും.
സഞ്ജുവിനൊപ്പം തന്നെ അഭിഷേകിന്റെ ഫോമും ആശങ്കയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍. അവസാന അഞ്ച് മത്സരങ്ങളില്‍ നാലിലും ഒറ്റയക്കത്തിലാണ് അഭിഷേക് പുറത്തായത്. എന്നാല്‍ സഞ്ജുവില്‍ നിന്ന് വ്യത്യസ്തമായി അഭിഷേക് ആഭ്യന്തര ടി20 ലീഗില്‍ കളിക്കുകയും ഫോം വീണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. ഷേര്‍ ഈ പഞ്ചാബ് ടി20 ലീഗില്‍ അഞ്ച് കളികളില്‍ 268 സ്ട്രൈക്ക് റേറ്റില്‍ 242 റണ്‍സാണ് അഭിഷേക് നേടിയത്. ഇതേ ലീഗില്‍ തന്നെ എട്ട് മത്സരങ്ങളില്‍ നിന്ന് 512 റണ്‍സാണ് പ്രഭ്‌സിമ്രാൻ സിങ്ങിന്റെ സമ്പാദ്യം.
ഇഷാനാകട്ടെ തന്റെ കരിയറിന്റെ പീക്കിലാണ് നിലവില്‍. ദുലീപ് ട്രോഫി ഫൈനലില്‍ സൗത്ത് സോണിനെതിരെ ഈസ്റ്റ് സോണിനുവേണ്ടി ഫൈനലില്‍ 350 റണ്‍സാണ് രണ്ട് ഇന്നിങ്സില്‍ നിന്നും നേടിയത്. ഒന്നാം ഇന്നിങ്സില്‍ മാത്രം 250 റണ്‍സ്. സമ്മര്‍ദം നിറഞ്ഞ മത്സരങ്ങളില്‍ താൻ എത്രത്തോളം എഫക്റ്റീവാണ് എന്നത് സെയ്ദ് മുഷ്താഖ് അലി ട്രോഫിയിലും ടി20 ലോകകപ്പിലും ഇപ്പോള്‍ ദുലീപ് ട്രോഫിയിലും തെളിയിക്കാൻ ഇഷാനായി. ബിഗ് ഗെയിം പ്ലെയറായ ഇഷാന് ഇന്ത്യയുടെ ടി20 ഇലവനില്‍ നിലവിലെ സാഹചര്യത്തില്‍ ഭീഷണികളേയില്ല.
ഇഷാൻ വണ്‍ ഡൗണ്‍ പൊസിഷനില്‍ കളിക്കുന്നതാണ് സഞ്ജുവിനേയും അഭിഷേകിനേയും കൂടുതല്‍ സേഫ് സോണിലേക്ക് എത്തിക്കുന്നതും. പക്ഷേ, വൈഭവ് അപ്പോഴും ബാക്കിയാണ്. ഇംഗ്ലണ്ട് പര്യടനത്തില്‍ പരാജയപ്പെട്ടെങ്കിലും ദുലീപ് ട്രോഫിയിലും സിംബാബ്‌വെ പര്യടനത്തിലും തിളങ്ങാൻ വൈഭവിന് സാധിച്ചിട്ടുണ്ട്. അതിനാല്‍ അഫ്ഗാനിസ്ഥാൻ പരമ്പരയില്‍ ഓപ്പണിങ് സ്ലോട്ടില്‍ റൊട്ടേഷൻ നടത്താൻ ഗംഭീര്‍ തയാറാകും. അഭിഷേക് - സഞ്ജു - വൈഭവ്. ഉറപ്പുള്ള ഒന്നോ രണ്ടോ അവസരങ്ങള്‍ മാത്രമായിരിക്കും താരങ്ങള്‍ക്ക് ലഭിക്കുക. ഇവിടെ വലം കയ്യൻ ബാറ്ററെന്ന ആനുകൂല്യം സഞ്ജുവിനുണ്ട്.
ലെഫ്റ്റ് ഹാൻഡര്‍മാരാല്‍ ഡൊമിനേറ്റ് ചെയ്തുനില്‍ക്കുന്ന ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ സഞ്ജുവിന്റെ സാന്നിധ്യം നിര്‍ണായകമാണ്. എങ്കിലും ലഭിക്കുന്ന അവസരത്തില്‍ തിളങ്ങിയെ മതിയാകു ടീമില്‍ നിലനില്‍ക്കാൻ. സഞ്ജു മാത്രമല്ല അഭിഷേകും. കാരണം വൈഭവിന് ലോങ് റണ്‍ കൊടുക്കുക എന്നതായിരിക്കും ബിസിസിഐയുടെ ലക്ഷ്യം, അടുത്ത ലോകകപ്പിലേക്ക് വൈഭവിനെ തയാറാക്കുക എന്ന ദൗത്യവുമുണ്ട്. അഫ്ഗാൻ പരമ്പരയില്‍ പരാജയപ്പെട്ടാല്‍ ടി20 ടീമില്‍ നിലനില്‍ക്കുക എളുപ്പമാകില്ല സഞ്ജുവിനും അഭിഷേകിനും.


