
ടെസ്റ്റില്‍ വിനോദ് മങ്കാദ്, ഏകദിനത്തില്‍ കപില്‍ ദേവ് ട്വന്റി 20യിലോ. 2022 ജൂലൈ ഏഴിന് സതാംപ്റ്റണില്‍ ഇംഗ്ലണ്ടിന്റെ റീസ് ടോപ്ലിയെ ദിനേശ് കാര്‍ത്തിക്കിന്റെ കൈകളിലെത്തിച്ച് തുടങ്ങിയതാണ്. മൂന്ന് വര്‍ഷം താണ്ടിയിരിക്കുന്നു. മൂന്ന് വര്‍ഷവും 74 ദിവസവും. ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്താളുകളില്‍ ഇതിഹാസങ്ങളായ മങ്കാദിനും കപിലിനും ഒപ്പമായിരിക്കും ഇനി ആ പേര് കാലം പറയുക. ട്വന്റി 20 ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി 100 വിക്കറ്റുകള്‍ നേടുന്ന ആദ്യ താരമെന്ന തിളക്കം എറിഞ്ഞെടുത്തവൻ. അര്‍ഷദീപ് സിങ്ങ് എന്ന ഇടം കയ്യൻ പേസര്‍.
തെരുവുകളില്‍ തുടങ്ങിയ ക്രിക്കറ്റ് മോഹം കാര്യമാക്കിയിട്ട് പത്ത് വര്‍ഷം മാത്രമാണാകുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20 വയസ് മാത്രം പ്രായമുള്ള ഫോര്‍മാറ്റില്‍ വിക്കറ്റ് വേട്ടയില്‍ സെഞ്ച്വറി തികയ്ക്കാൻ അര്‍ഷദീപിന് ആവശ്യമായി വന്നത് 64 മത്സരങ്ങളില്‍ നിന്ന് 1329 പന്തുകളാണ്. ശരാശരി 18.49. സ്ട്രൈക്ക് റേറ്റ് 13.3. അതായത് ട്വന്റി 20യില്‍ 13 പന്തെറിയുമ്പോള്‍ ഒരു വിക്കറ്റെടുക്കാൻ അര്‍ഷദീപ് സാധിക്കും.ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പേസറായി വാഴ്ത്തപ്പെടുന്ന സാക്ഷാല്‍ ജസ്പ്രിത് ബുമ്രയുടെ ട്വന്റി 20യിലെ ശരാശരി 17.6 ആണ്, സ്ട്രൈക്ക് റേറ്റ് 16.8 ആണ്.
ഏറ്റവും വേഗത്തില്‍ നേട്ടം കൈവരിക്കുന്ന പേസ് ബൗളറുകൂടിയാണ് അര്‍ഷദീപ്. 53 മത്സരങ്ങളില്‍ നിന്ന് 1185 പന്തുകളെറിഞ്ഞ് സമാനനേട്ടത്തിലേക്ക് എത്തിയ അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണ് പട്ടികയില്‍ ഒന്നാമൻ. പിന്നില്‍ നേപ്പാളിന്റെ സന്ദീപ് ലമിച്ചാനെ. സ്ഥിരതയോടെ വിക്കറ്റെടുക്കാനുള്ള മികവാണ് അര്‍ഷദീപിനെ ട്വന്റി 20യിലെ ഇന്ത്യയുടെ പ്രധാന ബൗളറായി പരിഗണിക്കാനുള്ള കാരണങ്ങളിലൊന്ന്. മുഹമ്മദ് ഷമിക്കും മുഹമ്മദ് സിറാജിനും മുകളില്‍ അര്‍ഷദീപിനെ എന്തുകൊണ്ട് റേറ്റ് ചെയ്യപ്പെടുന്നു എന്നതിന്റെ ഉത്തരവും അതുതന്നെ.
പവര്‍പ്ലേ ഓവറുകളിലും ഡെത്തിലും ഒരേപോലെ എഫക്ടീവാണ് ഇടം കയ്യൻ പേസര്‍. താരം അരങ്ങേറിയതിന് ശേഷം ഫോര്‍മാറ്റിലെ കണക്കുകള്‍ പരിശോധിക്കാം. പവര്‍പ്ലേയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്തവരുടെ പട്ടികയെടുത്താല്‍ 43 വിക്കറ്റുമായി അര്‍ഷദീപ് തന്നെയാണ് മുൻപന്തിയില്‍. 31 വിക്കറ്റുള്ള ഷഹീൻ ഷാ അഫ്രിദിയാണ് പിന്നിലുള്ള പ്രമുഖൻ. ഡെത്ത് ഓവറുകളില്‍ 48 വിക്കറ്റ്. ഇക്കാലയളവില്‍ 40ലധികം വിക്കറ്റ് അവസാന നാല് ഓവറുകളില്‍ നേടിയ മറ്റൊരു ബൗളര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്നെയില്ല.
ക്ലാസിക്ക് ഉദാഹരണമാണ് 2024 ട്വന്റി 20 ലോകകപ്പ്. ഫൈനലില്‍ ബുമ്രയുടെ മികവിനെ വാഴ്ത്തുമ്പോള്‍ സൈലന്റ് കില്ലറായി നിലകൊണ്ടത് അര്‍ഷദീപായിരുന്നു. അത് പവര്‍പ്ലേയിലും ഡെത്തിലും മധ്യ ഓവറുകളിലും കണ്ടു. പവര്‍പ്ലേയില്‍ എറിഞ്ഞത് രണ്ട് ഓവറുകളായിരുന്നു. മാര്‍ക്രത്തിന്റെ വിക്കറ്റ് നേടുകയും വിട്ടു നല്‍കിയത് എട്ട് റണ്‍സും. ക്രീസില്‍ നിലയുറപ്പിച്ച ഡി കോക്കിനെ 13-ാം ഓവറില്‍ മടക്കി. രണ്ട് ഓവറില്‍ പ്രോട്ടിയാസിന് ജയിക്കാൻ 20 റണ്‍സ് വേണ്ടപ്പോഴാണ് അര്‍ഷദീപ് പിന്നെയെത്തിയത്. യോര്‍ക്കറുകളുടെ പെരുമഴ തീര്‍ത്തു, വഴങ്ങിയത് നാല് റണ്‍സ് മാത്രം.
ടൂര്‍ണമെന്റില്‍ അര്‍ഷദീപ് നേടിയത് 17 വിക്കറ്റുകളായിരുന്നു, പട്ടികയില്‍ അഫ്ഗാന്റെ ഫസല്‍ഹഖ് ഫറൂഖിക്കൊപ്പം ഒന്നാമത്. 2024 ട്വന്റി 20 ലോകകപ്പില്‍ മാത്രമായിരുന്നില്ല, 2022ല്‍ ഇന്ത്യയ്ക്കായി 10 വിക്കറ്റുകള്‍ നേടി തിളങ്ങി. അന്നും നീലപ്പടയുടെ ടോപ് വിക്കറ്റ് ടേക്കര്‍ അര്‍ഷദീപ് തന്നെയായിരുന്നു. പവര്‍പ്ലേയിലെ രോഹിതിന്റെ പ്രധാന അസ്ത്രം ഏറ്റവും അപകടകാരിയാകുന്നത് ഇടം കയ്യൻ ബാറ്റര്‍മാര്‍ക്കെതിരെയാണ്. 19 തവണയാണ് ഇടം കയ്യന്മാരെ ആദ്യ ആറ് ഓവറുകള്‍ക്കിടെ മടക്കിയത്. കരിയറിലാകെ 38 തവണയും.
ഇന്ത്യയ്ക്കായി മാത്രമല്ല, ഐപിഎല്ലില്‍ പഞ്ചാബിനായും സ്ഥിരതയാര്‍ന്ന പ്രകടനമാണ് അര്‍ഷദീപ് പുറത്തെടുക്കുന്നത്. ഇതിനോടകം 97 വിക്കറ്റുകള്‍ നേടി. കഴിഞ്ഞ സീസണില്‍ മാത്രം 21 വിക്കറ്റുകളായിരുന്നു സമ്പാദ്യം.