ആയുഷ് മാത്രെ മുതല്‍ വൈഭവ് വരെ; കളം നിറയുന്ന സൂപ്പര്‍ കിഡ്‌സ്, പക്ഷേ ഇന്ത്യൻ ടീം സ്വപ്നം കാണേണ്ട!

Published : Dec 03, 2025, 11:28 AM IST
 Ayush Mhatre and Vaibhav Suryavanshi

Synopsis

സെയ്‌ദ് മുഷ്‌താഖ് അലി ട്വന്റി 20 ടൂര്‍ണമെന്റ് പുരോഗമിക്കുകയാണ്. ലക്നൗവിലെ ഏകന സ്റ്റേഡിയത്തിലേക്ക് നോക്കിയാല്‍ റണ്‍സൊഴുകുന്ന ആയുഷ് മാത്രെ തിളങ്ങുന്നത് കാണാം

നിങ്ങളൊരു ഇന്ത്യൻ താരമാണെങ്കില്‍ നിങ്ങളുടെ ഭാവി നിര്‍ണിയിക്കുന്നത് ആഭ്യന്തര ക്രിക്കറ്റായിരിക്കും. അത് സീനിയറാണെങ്കിലും യുവതാരമാണെങ്കിലും. ഈ പല്ലവി ഇന്ത്യൻ ക്രിക്കറ്റിന്റെ അന്തരീക്ഷത്തില്‍ കര്‍ശനമായി ഉയര്‍ന്ന് കേള്‍ക്കാൻ തുടങ്ങിയിട്ട് കാലം ഒരുപാടായിട്ടില്ല. പക്ഷേ, ആഭ്യന്തര ക്രിക്കറ്റിലെ മെറിറ്റില്‍ ആരെല്ലാം നീലക്കുപ്പായം അണിഞ്ഞുവെന്നതിന് കൃത്യമായൊരു ഉത്തരമുണ്ടോ.

2026 ട്വന്റി 20 ലോകകപ്പാണ് മുന്നില്‍, സെയ്‌ദ് മുഷ്‌താഖ് അലി ട്വന്റി 20 ടൂര്‍ണമെന്റ് പുരോഗമിക്കുകയാണ്. ലക്നൗവിലെ ഏകന സ്റ്റേഡിയത്തിലേക്ക് നോക്കിയാല്‍ റണ്‍സൊഴുകുന്ന ആയുഷ് മാത്രയുടെ ബാറ്റ് കാണാം. അഹമ്മദാബാദില്‍ ഇഷാൻ കിഷൻ തന്റെ പെരുമ തിരിച്ചുപിടിക്കുകയാണ്. ഈഡൻ ഗാര്‍ഡൻസില്‍ വൈഭവ് സൂര്യവംശി കൗമാരത്തില്‍ ഇതിഹാസപ്പടവുകള്‍ കയറുന്നു. കൈവിട്ട കരിയര്‍ വീണ്ടെടുക്കാൻ ഒരുങ്ങുന്ന പൃഥ്വി ഷാ. മലയാളി താരം രോഹൻ കുന്നുമ്മലും അഭിമന്യു ഈശ്വരനും ഉര്‍വില്‍ പട്ടേലും സര്‍ഫറാസ് ഖാനുമെല്ലാം ഗ്യാലറിയിലേക്ക് നിക്ഷേപിക്കുന്ന പന്തുകള്‍ സെലക്ടര്‍മാര്‍ക്കുള്ള സിഗ്നലുകളാണ്.

ആയുഷ് മാത്രെക്ക് പ്രായം വെറും 18 വയസാണ്. മുംബൈക്കായി ആന്ധ്രയ്ക്കും വിദര്‍ഭയ്ക്കുമെതിരെ സെഞ്ച്വറികള്‍. നാല് കളികളില്‍ നിന്ന് 253 റണ്‍സ്, 20 സിക്സര്‍, സ്ട്രൈക്ക് റേറ്റ് 173. നേടിയ രണ്ട് ശതകങ്ങള്‍ക്കൊടുവിലും പുറത്താകാതെയാണ് ക്രീസ് വിട്ടത്. ഇഷാൻ കിഷനാകട്ടെ കണ്‍സിസ്റ്റന്റാണ്. ‌ജാര്‍ഖണ്ഡിനായി ത്രിപുരയ്ക്കെതിരെ സെഞ്ച്വറി, സൗരാഷ്ട്രക്കെതിരെ 93. 189 സ്ട്രൈക്ക് റേറ്റില്‍ നേടിയത് 248 റണ്‍സാണ്, ആയുഷിന് തൊട്ടുപിന്നില്‍.

സഞ്ജു സാംസണിന്റെ കേരള സംഘത്തില്‍ നിന്ന് റണ്‍വേട്ടയില്‍ ഒപ്പമോടുന്ന രോഹൻ 220 റണ്‍സ് നേടിയിട്ടുണ്ട്. രോഹന്റെ പേരിലുമുണ്ട് ഒരു സെഞ്ച്വറിയും അര്‍ദ്ധ ശതകവും. 263 സ്ട്രൈക്ക് റേറ്റില്‍ 208 റണ്‍സ് നേടി പഞ്ചാബിനായി അഭിഷേക് ശര്‍മ ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായി തുടരുകയാണ്, പക്ഷേ സ‍ര്‍പ്രൈസ് അഭിഷേകിന്റെ സഹതാരമായ അൻമോല്‍പ്രീത് സിങ്ങാണ്. 200 സ്ട്രൈക്ക് റേറ്റില്‍ 204 റണ്‍സ്.

മഹാരാഷ്ട്രക്കെതിരെ സെഞ്ച്വറി നേടി ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ നേട്ടം കൈവരിക്കുന്ന പ്രായം കുറഞ്ഞ താരമായി വൈഭവ്. സ‍ര്‍വീസസിനെതിരെ 37 പന്തിലാണ് ഗുജറാത്തിനായി ഉര്‍വില്‍ പട്ടേല്‍ 117 റണ്‍സെടുത്തത്. അങ്ങനെ സൂപ്പര്‍ കിഡ്സെല്ലാം കളം നിറയുകയാണ്. പക്ഷേ, കാത്തിരിപ്പ് തുടരും, സമീപകാലത്തൊന്നും ഇന്ത്യയുടെ ട്വന്റി 20 ടീമിലേക്കൊരു എൻട്രിയാരും പ്രതീക്ഷിക്കേണ്ടതില്ല. ഒരു അസാധാരണ ടൂര്‍ണമെന്റിന് പോലും ഇന്ത്യൻ ടീമിലേക്ക് നയിക്കാനായേക്കില്ല ആരെയും.

ആയുഷ് മാത്രെ, ഇഷാൻ കിഷൻ, രോഹൻ കുന്നുമ്മല്‍, വൈഭവ് സൂര്യവംശി എന്നിവരെല്ലാം ഓപ്പണര്‍മാരാണ്. ഇന്ത്യൻ ടീമിന്റെ ഓപ്പണിങ് സ്ലോട്ടില്‍ നിലവിലുള്ള പേരുകള്‍ അഭിഷേക് ശര്‍മയുടേയും ശുഭ്മാൻ ഗില്ലിന്റേയുമാണ്. ലോക ഒന്നാം നമ്പര്‍ ടി 20 ബാറ്ററാണ് അഭിഷേക്, Arguably the most dangerous T20 batter in the world. ഇനി ഗില്ലിന്റെ കാര്യമാണ്, ഉപനായകന്റെ വേഷമണിഞ്ഞ ഗില്ലിനപ്പുറം കടക്കാൻ അന്താരാഷ്ട്ര ട്വന്റി 20യില്‍ മൂന്ന് സെഞ്ച്വറികളുടെ പിൻബലമുണ്ടായിട്ടും സഞ്ജുവിന് കഴിഞ്ഞില്ല. അതുകൊണ്ട് ഗില്ലും തുടരുമെന്ന് തീർച്ചയാണ്.

ഗില്ലും അഭിഷേകും കഴിഞ്ഞാല്‍ സഞ്ജുവിന്റെ പേര് ഉറപ്പായും ഓപ്പണിങ് നിരയിലുണ്ട്. ഗില്‍ കഴിഞ്ഞാല്‍ ഇന്ത്യ പരിഗണിക്കുന്ന വലം കയ്യൻ ബാറ്റർ സഞ്ജുവാണ്. മറ്റൊരാള്‍ യശസ്വി ജയ്സ്വാളാണ്. മൂന്ന് ഫോർമാറ്റും വഴങ്ങുന്ന ജയ്സ്വാളിന് ശേഷമെ ഇനി ഉയർന്ന് വരുന്ന ഏത് പേരും പരിഗണിക്കാനിടയുള്ളു. ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിട്ടുള്ള ഇഷാൻ കിഷന്റെ തിരിച്ചുവരവ് പോലും വിദൂരസ്വപ്നങ്ങളിലൊന്നായി മാറാനാണ് കൂടുതല്‍ സാധ്യത.

അഭിമന്യു ഈശ്വരനും അൻമോല്‍പ്രീതും ഉർവില്‍ പട്ടേലുമെല്ലാം മധ്യനിരയില്‍ സ്ഥാനമുള്ളവരാണ്. സൂര്യകുമാര്‍ യാദവ്, തിലക് വർമ, സഞ്ജു, ശിവം ദുബെ, ഹാർദിക്ക് പാണ്ഡ്യ തുടങ്ങിയവരിലൂടെ നീളുന്ന ബാറ്റിങ് നിരയാണ് ഇന്ത്യയുടേത്. സമീപകാലത്തെ സൂര്യയുടെ ഫോം മാറ്റി നിർത്തിയാല്‍ ഓര്‍ത്തുവെക്കാനാകുന്ന ഇന്നിങ്സുകള്‍ സമ്മാനിച്ചവരാണ് മറ്റെല്ലാവരും. ഇവർക്കിടയിലേക്ക് പുതിയൊരു എൻട്രി, അത് എളുപ്പം സാധിക്കുന്നതല്ല.

ഇതിനെല്ലാം അപ്പുറം, ഓള്‍ റൗണ്ടര്‍മാര്‍ക്ക് പ്രധാന്യം കൊടുത്താണ് ഇന്ത്യ ടി20 ടീമിനെ പടുത്തുയര്‍ത്തുന്നത്. ഹാര്‍ദിക്കിനേയും അക്സറിനേയും എല്ലാ മത്സരങ്ങളിലും പ്രതീക്ഷിക്കാം. പ്യുവര്‍ ബാറ്റര്‍മാരുടെ സാന്നിധ്യം കുറയുമെന്ന് സാരം. മത്സരഫലങ്ങളെ ഇന്ത്യക്ക് അനുകൂലമായി തുടരുന്നിടത്തോളം കാലം വലിയ അഴിച്ചുപണികള്‍ക്ക് മാനേജ്മെന്റ് തയാറായേക്കില്ല. ഒന്നോ രണ്ടോ സ്ലോട്ടുകളില്‍ താരങ്ങള്‍ വന്നുപോകാൻ മാത്രമാണ് സാധ്യത. പക്ഷേ, അവിടെയും റിങ്കു സിങ്ങിനെപ്പോലുള്ള താരങ്ങള്‍ കാത്തിരിക്കുന്നുണ്ട്.

ട്വന്റി 20യുടെ കാര്യം മാത്രല്ല ഇങ്ങനെ. രഞ്ജി ട്രോഫിയിലും സമാനമാണ്. ട്വന്റി 20 സംഘത്തിലിടമില്ലെന്ന് കരുതാം. പക്ഷേ, ഗില്ലിന്റെ ടെസ്റ്റ് സംഘത്തില്‍ അങ്ങനെയാണോ കാര്യങ്ങള്‍. അല്ല എന്നാണ് ഉത്തരം. ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയ എത്ര പേര്‍ ആ നിരയിലുണ്ടെന്ന് ചോദിക്കാൻ തുടങ്ങിയിട്ട് കാലമെത്രയായി. തോല്‍വികള്‍ തുടരെ വഴങ്ങുമ്പോഴും മാറിച്ചിന്തിക്കാൻ തയാറാകുന്നില്ല ബിസിസിഐ. കണ്ണുതുറപ്പിക്കാൻ മൈതാനത്ത് വിയര്‍പ്പൊഴുക്കുന്നവരില്‍ ഇതിഹാസങ്ങള്‍ വരെയുണ്ട്. പക്ഷേ, അങ്ങനൊന്ന് സംഭവിക്കുന്നില്ലെന്ന് മാത്രം.

PREV
Read more Articles on
click me!

Recommended Stories

100 സെഞ്ചുറിയിലേക്ക് ദൂരം ഇനി 16; കോഹ്ലി മറികടക്കുമോ സച്ചിനെ? സാധ്യതകള്‍
എറിഞ്ഞുതോല്‍ക്കുന്ന പുതിയ ഇന്ത്യ; സിറാജ്-ഷമി-ബുമ്ര പേസ് ത്രയം എവിടെ? എന്തുകൊണ്ട് പുറത്ത്?