വിരാട് കോഹ്ലിയുടെ തുറന്ന യുദ്ധങ്ങള്‍; കുംബ്ലെ മുതല്‍ അഗാർക്കറും ഗംഭീറും വരെ

Published : Dec 02, 2025, 02:09 PM IST
Gautam Gambhir and Virat Kohli

Synopsis

വിരാട് കോഹ്ലി, ഒരിക്കല്‍ക്കൂടി അയാള്‍ ഒരു പോരാട്ടത്തിനിറങ്ങുകയാണ്. ഗംഭീര്‍ പരിശീലകനായി എത്തിയ നാള്‍ മുതല്‍ ടീമിലെ ശ്രദ്ധാകേന്ദ്രമാണ് കോഹ്ലി, കാരണം ഭൂതകാലം തന്നെ

ഇന്ത്യൻ ക്രിക്കറ്റ് ഒരു സുവര്‍ണകാലത്തിലൂടെയാണോ കടന്നുപോകുന്നത്. അന്തരീക്ഷം നല്‍കുന്ന ഉത്തരം അല്ലായെന്നാണ്. പടുത്തുയര്‍ത്തിയ ടെസ്റ്റ് കോട്ട തക‍ര്‍ത്തെറിയപ്പെട്ടിരിക്കുന്നു. ടീമില്‍ സ്ഥിരസ്ഥാനമുള്ളവ‍ര്‍ ചുരുക്കം. വിരാട് കോഹ്ലി - രോഹിത് ശര്‍മ ദ്വയത്തിന്റെ ഭാവിയില്‍ വ്യക്തതയില്ലെന്ന് മാനേജ്മെന്റ്, എതിര്‍ദിശയില്‍ ക്രീസില്‍ പടര്‍ന്ന് പന്തലിക്കുന്ന രോ-കോ. ആഭ്യന്തര ക്രിക്കറ്റെന്ന പേരില്‍ ചട്ടമുണ്ടാക്കുമ്പോള്‍ രോഹിത് തയാറാണ്, കോഹ്ലി നിലപാട് പറഞ്ഞിട്ടില്ല. കലങ്ങിമറിയുമ്പോള്‍ രോഹിത്-കോഹ്ലി, ഗംഭീര്‍-അഗാര്‍ക്കര്‍ എന്നീ പേരുകളാണ് തെളിയുന്നത്.

വിരാട് കോഹ്ലി, ഒരിക്കല്‍ക്കൂടി അയാള്‍ ഒരു പോരാട്ടത്തിനിറങ്ങുകയാണ്. ഗംഭീര്‍ പരിശീലകനായി എത്തിയ നാള്‍ മുതല്‍ ടീമിലെ ശ്രദ്ധാകേന്ദ്രമാണ് കോഹ്ലി. കാരണം ഇരുവരും തമ്മിലുള്ള ഭൂതകാലത്തിന്റെ അധ്യായങ്ങള്‍ തന്നെയായിരുന്നു. ഐപിഎല്ലില്‍ കയ്യാങ്കളി വരെ എത്തിയേക്കാവുന്ന രണ്ട് തുറന്ന യുദ്ധങ്ങളായിരുന്നു ഇരുവര്‍ക്കുമിടയില്‍ സംഭവിച്ചത്. ഗംഭീര്‍ പരിശീലകനായതോടെ കാര്യങ്ങള്‍ തണുപ്പിക്കാനായി ബിസിസിഐ നേരിട്ട് ചര്‍ച്ചകളും ചില സോഷ്യല്‍ മീഡിയ ഗിമ്മിക്കുകളുമൊക്കെ നടത്തിയിരുന്നു.

പക്ഷേ, കാര്യങ്ങള്‍ അത്ര തണുത്തിട്ടില്ലെന്ന് സമീപകാലത്തെ ഡ്രെസിങ് റൂം കാഴ്ചകള്‍ തെളിയിക്കുന്നു. 2027 ഏകദിന ലോകകപ്പ് വരെ മികവ് പുലര്‍ത്തേണ്ടതുണ്ട് കോഹ്ലിക്ക്. മറ്റ് ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ചതോടെ മത്സരപരിചയം നിലനിര്‍ത്തുന്നതിനായി ആഭ്യന്തര ക്രിക്കറ്റെന്ന കടമ്പയാണ് ഗംഭീര്‍-അഗാര്‍ക്കര്‍ സഖ്യം വെച്ചിരിക്കുന്നത്. കോഹ്ലിക്ക് പരിഗണിക്കാവുന്ന ഒന്നുതന്നെയാണിത്, മറുവശവുമുണ്ട്. താൻ അതിന് ഒരുക്കമല്ലെന്ന സൂചന റാഞ്ചിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ സെഞ്ച്വറി ഇന്നിങ്സിന് ശേഷം കോഹ്ലി നല്‍കി.

പരമ്പരകള്‍ക്ക് മുൻപ് തയാറെടുപ്പുകളുടെ ആവശ്യം ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. എന്റെ ഗെയിം മാനസികമാണ്, അത് പൂര്‍ണതയിലെങ്കില്‍ ശരാശരീകമായി ഉറപ്പാക്കാൻ എനിക്ക് സാധിക്കും. രണ്ട് മണിക്കൂര്‍ തുടര്‍ച്ചയായുള്ള നെറ്റ് സെഷൻ മതിയാകും, ഇതായിരുന്നു കോഹ്ലിയുടെ നിലപാട്. ഒന്നരപതിറ്റാണ്ടിലധികമായി ഏകദിനത്തില്‍ കോഹ്ലിയോളം സ്ഥിരതയുള്ള മറ്റ് താരങ്ങളില്ല, 52 സെഞ്ച്വറികള്‍ ഉള്‍പ്പെടെ ഫോര്‍മാറ്റിന്റെ ഗോട്ടായി വിലയിരുത്തപ്പെടുന്നു. താൻ എന്തിന് ആഭ്യന്തര ക്രിക്കറ്റില്‍ ഇനിയും ഇറങ്ങണമെന്ന ചോദ്യം കോഹ്ലി ഉന്നയിച്ചാലും ശരിവെക്കേണ്ടി വരും.

വരും ദിവസങ്ങളില്‍ ബിസിസിഐയും ഗംഭീറും അഗാര്‍ക്കറും തമ്മില്‍ ചര്‍ച്ച നടക്കുമെന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. രോഹിത്-കോഹ്ലി ദ്വയത്തിന്റെ കാര്യത്തിലെ നിലപാടും ഭാവി പദ്ധതികളുമായിരിക്കും അജണ്ട.

താരാരാധനയെ പൂര്‍ണമായും എതിര്‍ക്കുന്ന ഗംഭീറിന് മുന്നില്‍ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ട് താരങ്ങള്‍. താരങ്ങളും പരിശീലകരും തമ്മിലുള്ള പോര് പരിശീലകരുടെ വഴിക്ക് സഞ്ചരിച്ച ചരിത്രം ചുരുക്കമാണ് ഇന്ത്യൻ ക്രിക്കറ്റില്‍. പുതിയ ചട്ടക്കൂടുകള്‍ സൃഷ്ടിക്കാൻ ശ്രമിച്ചവര്‍ക്കൊന്നും അധികനാള്‍ ആയുസുണ്ടായില്ല കസേരയില്‍. ഒടുവിലത്തെ ഉദാഹരണമാണ് അനില്‍ കുംബ്ലെ.

ഇതാദ്യമായല്ല കോഹ്ലിയും മാനേജ്മെന്റും തമ്മില്‍ രണ്ട് തട്ടില്‍ നില്‍ക്കുന്നത്. അയാള്‍ ഇത്തരം ആഭ്യന്തര യുദ്ധങ്ങള്‍ ജയിച്ചിട്ടുമുണ്ട് അനീതി നേരിട്ടിട്ടുമുണ്ട്. ആദ്യത്തേത് അനില്‍ കുംബ്ലെയുടെ കീഴില്‍ കോഹ്ലി ഇന്ത്യൻ ടീമിനെ നയിച്ച കാലത്തായിരുന്നു. 2017 ചാമ്പ്യൻസ് ട്രോഫിയോടെയായിരുന്നു വിജയസഖ്യത്തിലെ വിള്ളലുകള്‍ പുറംലോകത്തേക്ക് എത്തിയത്. കുംബ്ലെയുടെ കടുത്ത അച്ചടക്കരീതിയായിരുന്നില്ല കോഹ്ലി പിന്തുടരാനാഗ്രഹിച്ചത്, മറിച്ച് സൗഹൃദാന്തരിക്ഷമായിരുന്നു. കുംബ്ലെയുടെ രീതികള്‍ക്കെതിരെ പലതാരങ്ങളും പരാതിയുന്നയിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ചാമ്പ്യൻസ്ട്രോഫി വരെയായിരുന്നു കുംബ്ലെയുമായുള്ള കരാര്‍, അത് ബിസിസിഐ നീട്ടി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, കോഹ്ലിയുമായുള്ള അഭിപ്രായഭിന്നതകള്‍ കുംബ്ലെയുടെ പടിയിറക്കത്തിലേക്ക് നയിച്ചു. കോഹ്ലി തന്റെ ശൈലികള്‍ക്കെതിരെ പരാതിപ്പെട്ടതായും ഇനി കോഹ്ലിക്കൊപ്പം തുടരാനാകില്ലെന്നുമായിരുന്നു അന്നത്തെ കുംബ്ലെയുടെ പ്രതികരണം. ചാമ്പ്യൻസ്ട്രോഫി ആരംഭിക്കുന്നതിന് മുൻപ് കുംബ്ലെയുമായുള്ള ബന്ധം നല്ല രീതിയിലാണ് മുന്നോട്ട്പോകുന്നതെന്ന് കോഹ്ലി വ്യക്തമാക്കിയിരുന്നു, ശേഷമാണ് ഇത്തരം നാടകീയ സംഭവങ്ങളുണ്ടായതും.

കോഹ്ലി കരിയറില്‍ നേരിട്ട ഏറ്റവും വലിയ അനീതിയായി കണക്കാക്കുന്നത് ക്യാപ്റ്റൻസിയില്‍ നിന്ന് നീക്കിയതുമായി ബന്ധപ്പെട്ടാണ്. സൗരവ് ഗാംഗുലി ബിസിസഐയുടെ തലപ്പത്തിരുന്നകാലം. 2021 ട്വന്റി 20 ലോകകപ്പിന് ശേഷമായിരുന്നു ഫോര്‍മാറ്റിന്റെ ക്യാപ്റ്റൻ സ്ഥാനം ബിസിസിഐയുമായി ആലോചിച്ചശേഷം കോഹ്ലി ഒഴിയുന്നത്. ഭാവിമുന്നില്‍ക്കണ്ടെടുക്കുന്ന ഉചിതമായ തീരുമാനമെന്നായിരുന്നു ബിസിസിഐയുടെ അന്നത്തെ പ്രതികരണം. ഏകദിനത്തിലും ടെസ്റ്റിലും നായകനായി തുടരാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചായിരുന്നു കോഹ്ലിയുടെ കുറിപ്പ് പുറത്തുവന്നത്.

പക്ഷേ, ഒരു മാസത്തിന് ശേഷം കോഹ്ലിയെ ബിസിസിഐ ഏകദിന നായകസ്ഥാനത്തുനിന്ന് നീക്കി. പ്രത്യേക അറിയിപ്പുകളോ മറ്റൊന്നുമില്ലായിരുന്നു, ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപനത്തിലെ ഒറ്റവരിയില്‍ ഒതുങ്ങി. ടീം പ്രഖ്യാപനത്തിന് കേവലം ഒന്നരമണിക്കൂര്‍ മുൻപ് മാത്രമായിരുന്നു ഇക്കാര്യം കോഹ്ലി അറിയിച്ചത് പോലും. കോഹ്ലി തന്നെ വെളിപ്പെടുത്തിയതാണിത്. ട്വന്റി 20 നായകസ്ഥാനത്ത് തുടരാൻ താൻ കോഹ്ലിയെ നിര്‍ബന്ധിച്ചുവെന്ന് ഗാംഗുലി അവകാശപ്പെട്ടു, എന്നാല്‍ കോഹ്ലി ഗാംഗുലിയുടെ പ്രസ്താവനയെത്തള്ളി. ഇതോടെയാണ് ഗാംഗുലി-കോഹ്ലി ഭിന്നതയെക്കുറിച്ച് ചര്‍ച്ചകള്‍ സജീവമായതും.

ശേഷം നടന്ന ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് പരമ്പര പരാജയപ്പെട്ടതോടെ പൊടുന്നനെ കോഹ്ലി സ്വയം ടെസ്റ്റ് ക്യാപ്റ്റൻസി സ്ഥാനവും ഉപേക്ഷിച്ചു. മാസങ്ങളുടെ ഇടവേളയില്‍ കോഹ്ലിയുടെ പേര് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻനിരയില്‍ നിന്ന് ഭാഗീകമായെങ്കിലും നീക്കപ്പെട്ടു. കിരീടങ്ങളുടെ അഭാവമുണ്ടായിരുന്നെങ്കിലും കോഹ്ലിയുടെ കീഴിലായിരുന്നു ലോകക്രിക്കറ്റില്‍ ഇന്ത്യ സമാഗ്രാധിപത്യം നേടിയത്. ഫെയില്‍ഡ് ക്യാപ്റ്റനെന്ന തലക്കെട്ട് നല്‍കി പടിയിറക്കം പൂര്‍ണമാക്കിയത് താരത്തെ മാനസികമായി ബാധിച്ചുവെന്നാണ് വിലയിരുത്തല്‍.

ഇതിന് ശേഷമായിരുന്നു കോഹ്ലിയുടെ ടെസ്റ്റ് കരിയറില്‍ വലിയ ഡിപ് സംഭവിച്ചതും, പ്രത്യേകിച്ചും 2022ല്‍. കോഹ്ലിയുടെ ക്യാപ്റ്റൻസി വിഷയമാണ് താരങ്ങളും മാനേജ്മെന്റും തമ്മിലുള്ള മോശം ആശയവിനിമയത്തിന്റെ ഉദാഹരണായി കാണാനാകുന്നത്. രോഹിതിന്റെ കാര്യത്തിലും അത് ആവര്‍ത്തിച്ചു. ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയ ശേഷമുള്ള ആദ്യ പരമ്പരയിലാണ് രോഹിതിന്റെ നായകസ്ഥാനത്തുനിന്ന് നീക്കിയത്. എന്തിനായിരുന്നു ഇത്ര തിടുക്കമെന്നാണ് ഉയര്‍ന്ന ചോദ്യം.

2027 ഏകദിന ലോകകപ്പ് തങ്ങളുടെ ലക്ഷ്യത്തിലുണ്ടെന്ന് രോഹിതും കോഹ്ലിയും വ്യക്തമാക്കി കഴിഞ്ഞതാണ്. ബിസിസിഐയുടെ ഇടപെടല്‍ ഉണ്ടായതിന് ശേഷമാണ് ഇരുവരും പരസ്യപ്രസ്താവനകള്‍ ഒഴിവാക്കിയത്. നിലവിലെ ഫോം പരിശോധിച്ചാല്‍ ടീമില്‍ ആദ്യം തിരഞ്ഞെടുക്കേണ്ടത് ഇരുവരേയും ആണ്. പക്ഷേ, ഇനിയും രണ്ട് വര്‍ഷത്തെ ദൂരമുണ്ട്, ബിസിസിഐക്ക് മുന്നില്‍ പരിഹിരിക്കാൻ ശീതയുദ്ധങ്ങളും.

PREV
Read more Articles on
click me!

Recommended Stories

100 സെഞ്ചുറിയിലേക്ക് ദൂരം ഇനി 16; കോഹ്ലി മറികടക്കുമോ സച്ചിനെ? സാധ്യതകള്‍
എറിഞ്ഞുതോല്‍ക്കുന്ന പുതിയ ഇന്ത്യ; സിറാജ്-ഷമി-ബുമ്ര പേസ് ത്രയം എവിടെ? എന്തുകൊണ്ട് പുറത്ത്?